സോളാർ തട്ടിപ്പ്: മാനനഷ്ടക്കേസിൽ ഉമ്മന്‍ ചാണ്ടിക്ക് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ അച്യുതാനന്ദന് കോടതിയുടെ ഉത്തരവ്

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നൽകിയ മാനനഷ്ടക്കേസിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ 10.10 ലക്ഷം രൂപ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരമായി നൽകാൻ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു.

2013 ജൂലൈയിൽ, ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ ചാണ്ടിയുടെ നേതൃത്വത്തിൽ അഴിമതിയിൽ ഉൾപ്പെട്ട കമ്പനി രൂപീകരിച്ചുവെന്ന ആരോപണം അച്യുതാനന്ദൻ ഉന്നയിച്ചിരുന്നു. ഇതിനെതിരെ 2014ലാണ് ഉമ്മന്‍ചാണ്ടി കോടതിയിൽ
കേസ് ഫയല്‍ ചെയ്തത്.

തന്നെ സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്. കേസിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കി.

വാദത്തിനിടെ വിഎസിന്റെ ആരോപണം തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ഇത് അംഗീകരിച്ച്‌ കൊണ്ടാണ് കോടതി വിധി. ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി ചെലവുകള്‍ കണക്കാക്കിയാണ് പത്തുലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്. വിധിക്കെതിരെ ജില്ലാ കോടതിയെ സമീപിക്കുമെന്ന് വിഎസിന്റെ അഭിഭാഷകന്‍ അറിയിച്ചു.

പ്രതികളായ സരിത നായരും ബിജു രാധാകൃഷ്ണനും തങ്ങളുടെ ഇടപാടുകാർക്ക് സോളാർ എനർജി സൊല്യൂഷൻ വാഗ്ദാനം ചെയ്ത് വഞ്ചിച്ചു എന്ന കേസുമായി ബന്ധപ്പെട്ടാണ് ഉമ്മന്‍‌ചാണ്ടിയെ ഇതിലേക്ക് വലിച്ചിഴച്ചത്. പ്രതികളെ സഹായിച്ചെന്നാരോപിച്ച് ചാണ്ടിയുടെ ഓഫീസിലെ പേഴ്‌സണൽ അസിസ്റ്റന്റ് അറസ്റ്റിലായതിനെത്തുടർന്ന് അഴിമതി വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷമായ എൽഡിഎഫ് സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment