നടിയെ ആക്രമിച്ച കേസ്; ദിലീപില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് സുപ്രധാന വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ കേസിലേക്ക് നയിക്കുന്ന നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. അതേസമയം, പ്രതികളുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസം ആരംഭിച്ചു.

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചനയിൽ താൻ ദിലീപിന്റെ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ പ്രതിയുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് പുറത്തു വിട്ടിട്ടില്ല. ചോദ്യം ചെയ്യലുമായി സഹകരിക്കുന്ന പ്രതികളുടെ വിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ശേഷം ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ വിശദാംശങ്ങളുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

ബാലചന്ദ്രകുമാർ പറഞ്ഞ സംഭാഷണം ദിലീപിന്റെ വീട്ടിൽ വച്ചാണ് നടന്നതെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ പ്രതി സ്ഥിരീകരിച്ചിരുന്നു. എന്നാൽ, സംഭവത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരുന്ന പ്രതി ഇന്നലെ ചോദ്യം ചെയ്യലിൽ രണ്ടുതവണ പൊട്ടിക്കരഞ്ഞതായാണ് വിവരം. ആദ്യ ദിവസം നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായിരുന്ന പ്രതി ഇന്നലെ അധികം സംസാരിച്ചില്ല. അതുകൊണ്ട് വിശ്രമിക്കാൻ കൂടുതൽ സമയം അനുവദിച്ചു.

കേസിൽ ഈ വ്യക്തിയെ മാപ്പുസാക്ഷിയാക്കേണ്ടി വന്നാൽ മാത്രം മജിസ്ട്രേട്ട് മുൻപാകെ രഹസ്യമൊഴി രേഖപ്പെടുത്തിയാൽ മതിയെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. അതേസമയം നടിയെ പീഡിപ്പിച്ച കേസിൽ, വിചാരണയ്ക്കു കൂടുതൽ സമയം അനുവദിക്കണമെന്ന കേരള സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണക്കോടതി സമീപിച്ചാൽ ഇക്കാര്യം പരിഗണിക്കാമെന്നും ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

അടുത്തമാസം 16നു മുൻപു കേസിൽ വിധി പറയണമെന്ന സുപ്രീം കോടതി ഉത്തരവു നിലനിൽക്കെ, വിചാരണയ്ക്ക് 6 മാസം കൂടി അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടത്. വിചാരണ നീട്ടിക്കൊണ്ടുപോകാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് ദിലീപിനു വേണ്ടി ഹാജരായ മുകുൾ റോഹത്ഗി വാദിച്ചു.

ആദ്യം ജഡ്ജിയെ മാറ്റാൻ ശ്രമിച്ചു. നടക്കാതെ വന്നപ്പോൾ പ്രോസിക്യൂട്ടർ രാജിവച്ചു. കേസിൽ 4 തവണ സമയം നീട്ടിനൽകി. ഇപ്പോൾ പെട്ടെന്നൊരാൾ ആരോപണങ്ങളുമായി വന്നിരിക്കുകയാണെന്നും ദിലീപിനെതിരെ സർക്കാർ മാധ്യമ വിചാരണയ്ക്കു കളമൊരുക്കുകയാണെന്നും കുറ്റപ്പെടുത്തി.

കേസിൽ പുതിയ തെളിവുകളുണ്ടെന്നും ആദ്യമായാണ് അന്വേഷണത്തെക്കുറിച്ചു പ്രതിഭാഗം ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും സർക്കാർ പറഞ്ഞു. വിചാരണക്കോടതിയാണു നിലപാട് എടുക്കേണ്ടതെന്നു ബെഞ്ച് വ്യക്തമാക്കിയപ്പോൾ ഹർജി അവധിക്കു വയ്ക്കണമെന്നു സർക്കാർ വാദിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment