അട്ടപ്പാടിയിലെ ആള്‍ക്കൂട്ട വിചാരണയും മധു എന്ന ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവവും; പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും. മധുവിന്റെ കുടുംബത്തിന്റെ താൽപര്യം  കണക്കിലെടുത്ത് പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചു. മൂന്ന് അഭിഭാഷകരുടെ പേരുകൾ നിർദ്ദേശിക്കാൻ മധുവിന്റെ ബന്ധുക്കളോട് ആവശ്യപ്പെടും.

ചൊവ്വാഴ്ച സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി തന്നെയാണ് ഈ ആവശ്യം ഉന്നയിച്ചത്. കേസിന്റെ ഓൺലൈൻ സിറ്റിങ്ങിലാണ് കോടതിയുടെ പരാമർശം. കേസ് മാർച്ച് 26ലേക്ക് മാറ്റിയതിനു പിന്നാലെയാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം നവംബർ 15ന് കേസ് പരിഗണിച്ചപ്പോൾ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. പിന്നീട് കേസ് ജനുവരി 25ലേക്ക് മാറ്റി. എന്നാൽ, അന്നും പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായില്ല.

നേരത്തെയും മധു കേസ് പരിഗണിച്ചപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് പ്രോസിക്യൂഷൻ വിചാരണ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി മധുവിന്റെ കുടുംബവും ആരോപണം ഉന്നയിച്ചിരുന്നു. കേസിന്റെ പിന്നാലെ പോകാനും സമ്മർദം ചെലുത്താനും തങ്ങൾക്ക് ആരുമില്ലെന്നും മകന് നീതി ലഭിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മ മല്ലി അന്ന് പ്രതികരിച്ചത്.

2018 ഫെബ്രുവരി 22നാണ് മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം വിചാരണ നടത്തി തല്ലിക്കൊന്നത്. മനുഷ്യ മനഃസ്സാക്ഷിയെ ഞെട്ടിച്ച ആ സംഭവം അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും കേസ് നടത്തിപ്പിന് ബന്ധപ്പെട്ടവര്‍ അനാസ്ഥ കാണിച്ചതാണ് ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത്. കേസിൽ ആദ്യം സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും സൗകര്യങ്ങൾ കുറവാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം രാജിവച്ചു.

പിന്നീട് 2019 ഓഗസ്റ്റിൽ വി ടി രഘുനാഥിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. എന്നാൽ, ഒരിക്കൽ പോലും അദ്ദേഹം മണ്ണാർക്കാട് കോടതിയിൽ ഹാജരായില്ല. അദ്ദേഹത്തിന്റെ ജൂനിയർ അഭിഭാഷകർ മാത്രമാണ് കോടതിയിൽ ഹാജരായത്. അതേസമയം, കേസിൽ പ്രോസിക്യൂട്ടർ സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള കത്ത് നൽകിയെന്നാണ് അദ്ദേഹത്തിന്റെ അനൗദ്യോഗിക വിശദീകരണം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment