ന്യൂയോർക്ക്: കോവിഡ് -19 പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം പോപ്പ് മെഗാസ്റ്റാർ എൽട്ടൺ ജോൺ ചൊവ്വാഴ്ച ഡാളസിലെ രണ്ട് സംഗീത കച്ചേരികൾ മാറ്റിവച്ചു.
“ഷോകൾ മാറ്റിവെക്കുന്നത് എല്ലായ്പ്പോഴും വലിയ നിരാശയാണ്, ഇതിൽ അസൗകര്യം നേരിട്ട എല്ലാവരോടും ഞാൻ ഖേദം അറിയിക്കുന്നു, പക്ഷേ എന്നെയും എന്റെ ടീമിനെയും സുരക്ഷിതമായി നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു,” 74 കാരനായ ബ്രിട്ടീഷ് സംഗീതജ്ഞൻ സോഷ്യൽ മീഡിയയിലെ പ്രസ്താവനയിൽ പറഞ്ഞു.
“ഭാഗ്യവശാൽ, ഞാൻ പൂർണ്ണമായി വാക്സിനേഷൻ എടുക്കുകയും ബൂസ്റ്റര്‍ എടുക്കുകയും ചെയ്തിരുന്നു. എന്റെ ലക്ഷണങ്ങൾ അത്ര മാരകമല്ല,” അദ്ദേഹം പറഞ്ഞു.
ജോണിന്റെ “ഫെയർവെൽ യെല്ലോ ബ്രിക്ക് റോഡ്” പര്യടനത്തിന്റെ ഭാഗമായുള്ള ഷോകള്‍ ജനുവരി 25, ജനുവരി 26 തീയതികളിലായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. ജോണും ഷോകൾ നടക്കേണ്ട അമേരിക്കൻ എയർലൈൻസ് സെന്ററും വീണ്ടും ഷെഡ്യൂൾ ചെയ്യുമെന്നും ആരാധകർ ടിക്കറ്റ് സൂക്ഷിക്കണമെന്നും അറിയിച്ചു.
ജനുവരി 29 ന് അർക്കൻസാസിലെ ലിറ്റിൽ റോക്കിൽ തന്റെ ഷോ അവതരിപ്പിക്കാന്‍ തന്റെ ആരോഗ്യം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോൺ പറഞ്ഞു.
സർ എൽട്ടന്റെ അവസാനത്തേതായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടൂർ, മറ്റ് പല പെർഫോമിംഗ് ആർട്സ് ഇവന്റുകളെയും പോലെ, പാൻഡെമിക് കാലഘട്ടത്തിലെ റദ്ദാക്കലുകളിലും മാറ്റിവയ്ക്കലുകളിലും അകപ്പെട്ടിരുന്നു.
ഈ പോപ്പ് ഇതിഹാസത്തിന് അടുത്തിടെ ഒരു ഹിപ് ഓപ്പറേഷൻ നടത്തേണ്ടി വന്നിരുന്നു. അക്കാരണം കൊണ്ട് നിരവധി ഷോകളുടെ തിയ്യതികള്‍ മാറ്റാന്‍ അദ്ദേഹത്തെ നിർബന്ധിതനാക്കി.
കഴിഞ്ഞ വർഷം, ജോൺ “ദി ലോക്ക്ഡൗൺ സെഷൻസ്” എന്ന പേരിൽ ഒരു ആൽബം പുറത്തിറക്കിയിരുന്നു. പൂർണ്ണമായും കോവിഡ് -19 നിയന്ത്രണങ്ങൾക്ക് വിധേയമായാണ് അതിന്റെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കിയത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news