ഗുരുദേവനെ അപമാനിക്കാൻ ‘മാർക്സിസ്റ്റ് മതവിശ്വാസികൾ’ ശ്രമിച്ചാൽ ചെറുക്കുമെന്ന് കെ സുധാകരൻ

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ഉൾക്കൊണ്ട് റിപ്പബ്ലിക് ദിനത്തിൽ അവതരിപ്പിക്കാൻ കേരളം സമർപ്പിച്ച നിശ്ചലദൃശ്യങ്ങൾ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ സി.പി.ഐ.യെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

വിശ്വവിഖ്യാതനായ ശ്രീനാരായണ ഗുരുദേവനെ ഉപയോഗിച്ചുള്ള മുതലെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കാൻ സിപിഎമ്മിനോടും ബിജെപിയോടും കെപിസിസി ആവശ്യപ്പെടുകയാണെന്ന് സുധാകരൻ പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മുന്നേറ്റത്തിൽ ഗുരുദേവൻ ഉൾപ്പെടെയുള്ള സാമൂഹിക പരിഷ്കർത്താക്കളുടെ പങ്കിനെക്കുറിച്ച് വെളിച്ചം വീശാതിരിക്കാനുള്ള ബോധപൂർവമായ ശ്രമം സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ആധുനിക കേരളത്തിന്റെ സ്രഷ്ടാവ് നമ്പൂതിരിപ്പാടാണെന്ന നുണ പ്രചരിപ്പിക്കുന്നവരെ ഗുരുദേവനും അയ്യങ്കാളിയും എന്നും അസ്വസ്ഥരാക്കിയിട്ടുണ്ട്.

ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കാനും നടപ്പാക്കാനും സംസ്ഥാന സർക്കാർ ശ്രമിക്കണം. പഴയതുപോലെ ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിക്കാനും അപമാനിക്കാനും ‘മാർക്‌സിസ്റ്റുകളുടെ’ നീക്കങ്ങൾ ഉണ്ടായാൽ അതിനെ ചെറുക്കുമെന്നും സുധാകരൻ പറഞ്ഞു.

സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

കേരളം കണ്ട എക്കാലത്തെയും മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് ശ്രീനാരായണ ഗുരുദേവന്‍. അദ്ദേഹത്തെ ഏറ്റവും അപമാനകരമായ രീതിയില്‍ കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ നിശ്ചല ദൃശ്യങ്ങളായി അവതരിപ്പിച്ചത് സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനവും അതിന്റെ അനുയായികളുമാണ്.

ഗുരുദേവന്റ കഴുത്തില്‍ കത്തിവെച്ചും കുരുക്കിട്ടുമൊക്കെയുള്ള ദൃശ്യങ്ങള്‍ അവര്‍ തെരുവില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ കേരളം മറന്നു പോകരുത്. ഇത്രയും കടുത്ത ഗുരുനിന്ദ വേറെവിടെ നിന്നും ഉണ്ടായിട്ടില്ല.

ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ മുന്നേറ്റത്തിന് ഗുരുദേവനുള്‍പ്പെടെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പങ്ക് വെളിച്ചത്തിലേയ്ക്കെത്താതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.

ആധുനിക കേരളത്തിന്റെ സൃഷ്ടാവ് നമ്പൂതിരിപ്പാടാണെന്ന കള്ളം പ്രചരിപ്പിക്കുന്നവരെ ഗുരുദേവനും അയ്യങ്കാളിയും എന്നും അസ്വസ്ഥരാക്കിയിട്ടുണ്ട്.

ഇപ്പോഴത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ നിശ്ചല ദൃശ്യത്തില്‍ പോലും ആദ്യം സമര്‍പ്പിച്ച മാതൃകയില്‍ ജടായുപാറ മാത്രമാണുണ്ടായിരുന്നത് എന്നാണറിയുന്നത്.നിര്‍മാണത്തിലെ അപാകതകളുടെ പേരില്‍ അതിനു അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ അതേ ദൃശ്യത്തില്‍ മറ്റ് മാറ്റങ്ങള്‍ വരുത്താതെ ശങ്കരാചാര്യരെയും ശ്രീനാരായണ ഗുരുവിനെയും കൂടെ ഉള്‍പ്പെടുത്തി വീണ്ടും അയക്കുകയും വീണ്ടും തിരസ്‌ക്കരിക്കപ്പെടുകയും ചെയ്തു.

ദൃശ്യം ഒഴിവാക്കപ്പെട്ടതിന്റെ അപമാനം ശ്രീ നാരായണ ഗുരുവിന് കൂടി ലഭിക്കാന്‍ കാരണമായ സി പി എം നടപടിയും ഗുരുദേവന്റെയും ഗുരുദേവ ദര്‍ശനങ്ങളുടെയും പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയാതെ ദൃശ്യത്തിന് അനുമതി നിഷേധിച്ച ബി ജെ പി ഭരണകൂടത്തിന്റെ നടപടിയും അപലപനീയമാണ്.

ഇങ്ങനെ പകരക്കാരനായി ഒരു ഫ്‌ലോട്ടില്‍ ഒതുങ്ങേണ്ട വ്യക്തിത്വമല്ല ഗുരുദേവന്റേത്. ശ്രീനാരായണ ഗുരു അപമാനിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കിയതില്‍ സി പി എമ്മിനും ബിജെപിയ്ക്കും തുല്യ പങ്കുണ്ട്. ഒപ്പം ഒഴിവാക്കപ്പെട്ട ശങ്കരാചാര്യരെ പറ്റി മൗനം പാലിച്ച് കൊണ്ട് ഗുരുദേവനെ മാത്രം ഒഴിവാക്കി എന്ന രീതിയിലുള്ള സിപിഎമ്മിന്റെ പ്രചാരണത്തിന് ഗൂഢലക്ഷ്യങ്ങളുണ്ട്.

ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാനും നടപ്പില്‍ വരുത്താനുമാണ് സംസ്ഥാന ഭരണകൂടം ശ്രമിക്കേണ്ടത്. അതല്ല,പഴയ കാലങ്ങളിലേത് പോലെ ശ്രീനാരായണ ഗുരുദേവനെ അപമാനിക്കാനും അവഹേളിക്കാനുമുള്ള നീക്കങ്ങളാണ് ‘മാര്‍ക്‌സിസ്റ്റ് മതക്കാരില്‍’ നിന്നുണ്ടാകുന്നതെങ്കില്‍ അതിനെ ഞങ്ങള്‍ പ്രതിരോധിക്കുക തന്നെ ചെയ്യും. ഒരു സംശയവും വേണ്ട.

ലോകാരാധ്യനായ ശ്രീനാരായണ ഗുരുദേവനെ കരുവാക്കിയുള്ള മുതലെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സിപിഎമ്മിനോടും ബിജെപിയോടും കെപിസിസി ആവശ്യപ്പെടുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment