പാലക്കാട്: നാലു വർഷം പിന്നിട്ടിട്ടും കേസന്വേഷണത്തിൽ പുരോഗതിയില്ലാതെയും കോടതിയിൽ വിചാരണക്കായി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഹാജറാക്കാതെയും ആഭ്യന്തര വകുപ്പ് അട്ടപ്പാടി മധു കൊലപാതകക്കേസിനെ ദുർബലപ്പെടുത്തുകയാണെന്ന് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കേസിൽ പ്രതികളെല്ലാം ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണ്. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന മധുവിന്റെ കുടുംബത്തിന്റെ പരാതി ഗൗരവത്തിൽ കാണണം. കേസ് അട്ടിമറിക്കാനായി ഉന്നത തല ഇടപെടലുകൾ നടക്കുന്നുണ്ട്. കേസന്വേഷണം ശരിയായ രീതിയിൽ നടത്തുന്നതിലും പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനത്തിലും അടിയന്തര തീരുമാനം ഉണ്ടാകണം. മധു കേസിലെ സംഭവ വികാസങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള ഇടതുപക്ഷ സർക്കാറിന്റെ സമീപനമെന്താണെന്നത് മറനീക്കി വെളിവാക്കുന്നുണ്ടെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് ഫിറോസ് എഫ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം സാബിർ അഹ്സൻ, നവാഫ് പത്തിരിപ്പാല, ഹിബ തൃത്താല, രഞ്ജിൻ കൃഷ്ണ, റഫീഖ് പുതുപ്പള്ളി തെരുവ്, ഫിദ ഷെറിൻ, സാബിത് മേപ്പറമ്പ്, ധന്യ മലമ്പുഴ, റഷാദ് പുതുനഗരം, ഹനാൻ ഹംസ എന്നിവർ സംസാരിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news