മാമ്പൂ മണമുള്ള ഓർമ്മകൾ (ഹണി സുധീര്‍)

സുന്ദരമായ ഒരു കാഴ്ചയെപ്പറ്റി ചോദിച്ചാൽ എനിക്കു നിശ്ശേഷം പറയാൻ പറ്റും അതെന്റെ ജാലകക്കാഴ്ചകളാണെന്ന്…! പാതിമയക്കം ബാധിച്ച ഏതെങ്കിലും ഒരു വേളയിൽ കണ്ണിന് ഇമ്പമായൊരു കാഴ്ച തരുന്നത് ജാലകം ആയിരിക്കും.

കാറ്റിന്റെ താളത്തിനൊത്തു നൃത്തം വക്കുന്ന തെങ്ങോലകളോ, കരിയിലകളിൽ കലപില കൂട്ടുന്ന കുഞ്ഞിക്കിളികളോ, ദൂരെ പറമ്പിൽ പൂത്തു നിൽക്കുന്ന വാകയോ, കൊന്നയോ, ശീമക്കൊന്നയോ എന്തുമാവട്ടെ, ഒരുപക്ഷെ മറ്റെന്തിനേക്കാളും വർണങ്ങൾക്കു നമ്മുടെ മനസിനെ സ്വാധീനിക്കാൻ കഴിയും.

വിരസമായ ദിവസങ്ങൾ തരുന്ന മടുപ്പു മാറ്റാനാണ് ജാലകത്തിനടുത്തേക്ക് കട്ടിൽ ഇട്ടു കാഴ്ചകൾ കാണാൻ തുടങ്ങിയത്. ചില കാഴ്ചകൾ എനിക്ക് വേണ്ടി മറ്റൊരു കണ്ണിലൂടെ കണ്ടതുമുണ്ട്. അതെന്റെ പ്രിയപ്പെട്ട പുസ്തകങ്ങളാണ്. എവിടെയോ ജനിച്ചൊരു പുസ്തകം, ഏതൊക്കെയോ സംസ്കാരങ്ങൾ പകർത്തിവച്ചു കാണിച്ചുതരുന്ന എഴുത്തുകാർ.. ഇതെല്ലാം നമ്മുടെയും പ്രിയമുള്ളതാകാൻ അധികനേരം വേണ്ടി വരില്ല.

കാഴ്ചകളെ അത്ര പ്രിയപ്പെട്ടതായി കൂടെ കൂട്ടുന്നവരുടെ മനസ്സിലൊക്കെ തൂലിക പൂക്കാറുണ്ട്. തന്റെ കണ്ണിലൂടെ കാണുന്നത് മറ്റനേകായിരം മിഴികളിലേക്ക് പകർന്നു തരാൻ മനസ്സുള്ളവർ. കൈയ്യിലുള്ള പുസ്തകം മടക്കി വച്ചു വീണ്ടും പുറത്തേക്കു നോക്കിയിരുന്നു ഞാൻ.

പിന്നിലെ തൊടിയുടെ അറ്റത്തു പുഴയോരത്തായി കാടു പിടിച്ച് വളരുന്ന പച്ചമരത്തെ എപ്പോഴും കാണാറുണ്ടായിരുന്നു. ഈയിടെ പച്ച മാറി പിങ്ക് നിറത്തിലുള്ള പൂക്കളായി മാറി അത്‌. മഴ മാറി മഞ്ഞുമാസത്തിന്റ ഒടുവിലേക്കെത്തി കാലം.

പിന്നാമ്പുറത്തു പൂത്തു നിൽക്കുന്ന നാട്ടുമാവിൽ കുയിലിന്റെ നീട്ടിയ പാട്ട്. മാമ്പൂവിന്റെ മണം ഓർമ്മകളെ ഒട്ടൊന്നുമല്ല പിന്നിലേക്കു കൊണ്ടുപോയത്.

പണ്ട് സ്കൂൾ വിട്ടു വരുമ്പോഴേക്കും മുറ്റം ചാണകം മെഴുകി തേച്ചിട്ടുണ്ടാകും. വെള്ള നിറത്തിൽ ചീടിമണ്ണ് കുഴച്ചു, അരികുകൾ തേച്ച് മിനുക്കി, മുറ്റം വേനലിനെ വരവേൽക്കാൻ തയ്യാറെടുത്തു തുടങ്ങും.

നാട്ടുമാവിന്റെ ഉണങ്ങിക്കരിഞ്ഞ പൂക്കൾക്കിടയിൽ കണ്ണിമാങ്ങകളും കാണും. അമ്മ കാണാതെ, വീണു കിടക്കുന്ന മാങ്ങകൾ പെറുക്കി വച്ചു ഉപ്പും ചേർത്തു കഴിക്കും. നല്ല നിലാവുള്ള രാത്രികളിൽ മുറ്റത്തിരിക്കാൻ നല്ല രസമാണ്. കാറ്റിനു മാമ്പൂവിന്റെ മണമായിരിക്കും അപ്പോൾ. പൊടി പറത്തുന്ന വേനൽകാറ്റിനെ പേടിച്ചാണ് അമ്മമ്മ മുറ്റത്തു ചാണകം മെഴുകുന്നത്. ഉമ്മറകോലായി പൊടി പിടിക്കാതെ ഇരിക്കാനും, ഉണക്കാൻ ഇടാനും മറ്റും മുറ്റം വൃത്തിയായി ഇരിക്കുകയും ചെയ്യും.

മാവിൻ കൊമ്പിലിരുന്ന കുയിൽ ഇപ്പോ ശീമക്കൊന്നയിലെത്തി. എന്തൊരു ഭംഗിയാണ് ആ പൂക്കൾ കാണാൻ. ചുട്ടു പൊള്ളുന്ന വേനലിൽ ഒരില പോലും ഇല്ലാതെ പൂത്തു നിൽക്കുന്ന വസന്തം. കുയിലുകൾ ഭാഗ്യം ചെയ്തവരാണ്. ഓരോരോ വസന്തങ്ങളിലൂടെയും മാറിമാറി പറന്നു പാടി നടക്കാമല്ലോ.

കുട്ടിക്കാലത്തു ചോറും കറിയും വച്ചു കളിച്ചൊരു കാലത്തു അതിരിലെ ഈ പൂക്കൾ പറിച്ചുകൊണ്ടു വരുമായിരുന്നു. മുറ്റത്തെ പൂക്കൾ പറിക്കാൻ അമ്മ സമ്മതിക്കില്ല. അന്നുമിന്നും പറിച്ചാൽ ആർക്കും പരിഭവം ഇല്ലാത്തതു ചെമ്പരത്തിക്കു മാത്രമാണ്. എന്തോരം ചോന്ന പൂക്കൾ ദിവസവും തരും അവൾ. കിണറിന്റെ മൂലയിൽ പടർന്നു നിൽക്കുന്ന ചെമ്പരത്തിയിൽ ഒരു കാലത്തു ഇല കാണാതെ പൂക്കൾ ഉണ്ടാകുമായിരുന്നു. പിന്നീടെപ്പോഴോ വേരോടെ ഉണങ്ങിപ്പോയവൾ. അവൾക്കു ശേഷം മറ്റൊരു നാടൻ ചെമ്പരത്തിക്കാലം മുറ്റത്തുണ്ടായില്ല. പലപ്പോഴായി അച്ഛൻ കൊണ്ടുവന്നിരുന്ന ബഡിംഗ് ചെമ്പരത്തികൾ അല്ലാതെ.

ഓർമ്മകൾക്കു വിരാമമിട്ടുകൊണ്ട് എന്റെ മനസ്സ് വീണ്ടും കാലം തെറ്റിപ്പൂക്കുന്ന കൊന്നയിലേക്കെത്തി. പണ്ടൊക്കെ കൊന്ന പൂത്താൽ വിഷു എത്തീന്ന് പറയാം. ഇന്ന് ഓണം വിഷു എന്നൊന്നില്ല കൊന്നക്ക്. വെയിലിൽ മങ്ങിയ പൂക്കൾ. കാലം മാറി സഞ്ചരിക്കാൻ തുടങ്ങി. പക്ഷേ വിഷു പക്ഷീ, നീയെങ്കിലും കാലം തെറ്റി കൂവരുതേ… സംക്രമ പക്ഷി എന്നൊരു സങ്കൽപമെങ്കിലും നിലനിൽക്കട്ടെ.

കണ്ണ് വീണ്ടും പൂത്തു നിൽക്കുന്ന ശീമയിലേക്കെത്തി. പണ്ട് ബീൻസ് മണികൾ പോലെയുള്ള അതിന്റെ വിത്തുകൾ എടുത്തു വക്കുമായിരുന്നു. പ്രത്യേകമായ സുഗന്ധമൊന്നും ആ പൂക്കൾക്കുണ്ടായിരുന്നില്ല. എങ്കിലും കാഴ്ചയിൽ അസാധ്യ ഭംഗി എന്നു തന്നെ പറയാം.

മഴക്കാലത്തു കൊതുക് വരാതിരിക്കാനും ഈച്ചയെ ഓടിക്കാനുമൊക്കെ അതിർത്തിയിൽ പച്ച പുതച്ചു നിൽക്കുന്ന ഈ ചെടിയുടെ ഇലകൾ എടുക്കുമായിരുന്നു. നല്ലൊരു ജൈവവളം കൂടിയാണ് ശീമക്കൊന്നയുടെ ഇലകൾ.

തൊട്ടടുത്തു ഇലകൾ പൊഴിച്ചു നിൽക്കുന്ന ഗുൽമോഹറിനെ കണ്ടു. ഒരു വേനൽമഴ കിട്ടിയാൽ ഉഷാറായി തളിർത്തു വരും. മെയ്മാസം ആയെന്നറിയിക്കാൻ പൂക്കൾ തരും. മെയ്ഫ്ലവർ എന്നു വിളിക്കാൻ ആണ് എനിക്കിഷ്ടം. മെയ്മാസ മുറ്റങ്ങളിൽ കാറ്റിൽ പറന്നു വീഴുന്ന ഗുൽമോഹറുകൾ ഒരു പ്രത്യേക കാഴ്ചയാണ്‌.

ഇടനേരങ്ങളിലെ വേനൽ മഴ പേരറിയാത്ത ഒരു പാട് പൂക്കളെ സമ്മാനിക്കാറുണ്ട്. ഒരു ജാലകം തന്ന ഓർമ്മകൾ എത്രയാണ്. മനസിലിപ്പോ തെല്ലും വിരസതയില്ല. കുയിലിന്റെ കൂജനം പിന്നെയും കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.

കൈയ്യിലെ പുസ്തകമെടുത്തു ഞാൻ വീണ്ടും മറ്റൊരു തീരം തേടി യാത്ര തുടങ്ങി. ഭുജംഗയ്യന്റെ ദശാവതാരങ്ങളിലേക്ക്…

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment