മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയ്ക്കു പുതിയ സാരഥികൾ

സെൻട്രൽ ഫ്ലോറിഡയിലെ മലയാളി സംഘടനകളുടെ മുത്തശ്ശി സംഘടനയായി തിളങ്ങുന്ന മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (എം എ സി എഫ് ) 32-ആം വർഷത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ, അതിനു ചുക്കാൻ പിടിക്കുവാൻ ഊർജസ്വലതയും, വിവിധ മേഖലകളിൽ പ്രവർത്തന പരിചയവും ഒത്തു ചേർന്ന ഒരു കമ്മിറ്റി ബാബു തോമസ് അധ്യക്ഷനായും ലക്ഷ്‌മി രാജേശ്വരി സെക്രട്ടറിയായും ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. എം എ സി എഫിന്റെ സ്വന്തമായ കേരള സെന്റ്റർ ഹാളിൽ നടന്ന ചടങ്ങിൽ പുതിയ കമ്മിറ്റി, ഷാജു ഔസേഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിൽ നടന്ന ശ്ലാഘനീയമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ, വര്ഷങ്ങളോളം പല നേതൃത്വസ്ഥാനങ്ങൾ അലങ്കരിച്ച സാജൻ കോരത് ട്രഷറർ സ്ഥാനവും, ദിവ്യ എഡ്വേർഡ് ജോയിന്റ് സെക്രട്ടറി ആയും, മാർട്ടിൻ ചിറ്റിലപ്പിള്ളി ജോയിന്റ് ട്രഷറർ സ്ഥാനവും ഏറ്റെടുത്തു. വിവിധ പദവികളിൽ എം എ സി എഫിന്റെ അവിഭാജ്യ ഘടകമായി നില കൊള്ളുന്ന ഷീല ഷാജു വനിതാ വിഭാഗത്തിന്റെ അധ്യക്ഷയായി അഞ്ജന കൃഷ്ണനിൽ നിന്നും സ്ഥാനമേറ്റെടുത്തു എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വരുന്നു.

പുതിയ പ്രസിഡന്ട് ബാബു തോമസ് എം.എ.സി.എഫിന്റെ സെക്രട്ടറിയായും ട്രസ്റ്റി ബോർഡ് അംഗമായും വർഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്നു. ചെന്നൈ ഐഐടിയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറായ അദ്ദേഹം ഇന്ത്യൻ ഡിഫൻസ് റിസർച്ചിൽ യുവ ശാസ്ത്രജ്ഞനായി പല അംഗീകാരങ്ങളും, യുഎസ്എഫിൽ നിന്ന് എംബിഎ ബിരുധവും നേടിയിട്ടുണ്ട്. 2004-ൽ മേരിലാൻഡിലെ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ ബിസിനസ് അഡൈ്വസറി കൗൺസിലിന്റെ ചെയർമാനും 2006-ൽ യു.എസ്. ഇന്ത്യ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി അംഗമായി ഒ.സി.ഐ പ്രഖ്യാപനത്തിനായി ഇന്ത്യയിലേക്കുള്ള പ്രതിനിധിയുമാണ്.

യുവത്വത്തിന്റെ ചുറുചുറുപ്പോടെ കായിക മേഖലകൾക്ക് ചുക്കാൻ പിടിക്കുകയും, മുൻപ് സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്ത ലക്ഷ്‌മി രാജേശ്വരി ഈ വർഷവും കടന്നു വരുന്നു. ഇത് കൂടാതെ വിവിധ കമ്മിറ്റികൾക്കു നേതൃത്വം നൽകിക്കൊണ്ട് മുന്കാലങ്ങളിൽ എം എ സി എഫ് നയിച്ച പലരും ഒരു വിജയകരമായ വര്ഷം കാഴ്ച വെക്കാനായി മുൻപോട്ടു വരുന്നു.

നിരവധി പ്രവർത്തനങ്ങളിലൂടെ അറിയപ്പെടുന്ന ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായി അംഗീകരിക്കപ്പെട്ട എം എ സി എഫ് സംഘടനയുടെ ഡയറക്ടർമാരായി സേവനമനുഷ്ഠിക്കാൻ സർഗ്ഗാത്മകവും ഊർജ്ജസ്വലവുമായ പ്രതിഭകളെ ആകർഷിച്ചതിൽ എം എ സി എഫ് അഭിമാനിക്കുന്നു. സാലി മച്ചാനിക്കൽ, ജേക്കബ് വള്ളിയിൽ, ടിറ്റോ ജോൺ, അരുൺ ഭാസ്കർ, എമിൽ എബ്രഹാം, പാപ്പച്ചൻ ചാക്കോ, പോൾസി പൈനാടത്ത്, രഞ്ജുഷ മണി, സാജ് കവിന്ററികത്ത്, റ്റോജി പൈത്തുരുത്തേൽ എന്നിവരാണ് ബോർഡ് അംഗങ്ങൾ. വർഷങ്ങളായി കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവർത്തിക്കുന്ന വിപുലമായ അനുഭവവും പ്രവർത്തനത്തിന്റെയും സർഗ്ഗാത്മകതയുടെയും ഉയർന്നതും ഊർജ്ജസ്വലമായ മനോഭാവവും അവർ കൊണ്ടുവരുന്നു. കൃഷി, വിദ്യാഭ്യാസം, മെഡിക്കൽ, വിനോദം, യൂത്ത്, സ്പോർട്സ്, ചാരിറ്റി, മീഡിയ, കാർഡുകൾ തുടങ്ങി ശ്രദ്ധാകേന്ദ്രമായ വിവിധ മേഖലകൾക്കായി ഓരോ ഡയറക്ടർമാരും ചുമതലകൾ നൽകിയിട്ടുണ്ട്.

നമ്മുടെ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിലും പ്രദർശിപ്പിക്കുന്നതിലും കമ്മ്യൂണിറ്റിയിലെ വ്യത്യസ്‌ത പ്രായക്കാർക്കു പ്രയോജനം ചെയ്യുന്നതിലും കമ്മ്യൂണിറ്റിയെ ഒരുമിച്ചു കൊണ്ടുവരാൻ ഊർജസ്വലമായ ഒരു പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നതിനായി 2022-ൽ 60 ഇന പരിപാടികളുടെ ലക്ഷ്യം പ്രസിഡന്റ് ബാബു തോമസ് പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി വികസന പ്രവർത്തനങ്ങൾക്ക് പുറമേ, റ്റാമ്പാ ബേ ഏരിയയിലെ ഒരു നല്ല അംഗീകൃതമായ ലാഭേച്ഛയില്ലാത്ത, ചാരിറ്റി ഓർഗനൈസേഷനായി എം എ സി എഫ് വികസിപ്പിക്കുന്നതിന് പ്രവർത്തിക്കുക എന്നതാണ് ഈ വർഷത്തെ മുഖ്യ ലക്ഷ്യം.

Print Friendly, PDF & Email

Related posts

Leave a Comment