ബിജു കട്ടത്തറയുടെ നേതൃത്വത്തിലുള്ള പാനല്‍ ടൊറോന്റോ മലയാളി സമാജത്തിന്റെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

ടൊറോന്റോ: ടൊറോന്റോ മലയാളി സമാജം 2022 ഫെബ്രുവരി 12 നു ടോറോന്റോയിൽ വച്ച് നടത്തുന്ന തിരഞ്ഞെടുപ്പില്‍ ബിജു കട്ടത്തറയുടെ നേതൃത്വത്തിലുള്ള ശക്തമായ ഒരു പാനൽ മത്സരിക്കുന്നു.

കാനഡയിലെ മലയാളി സമൂഹത്തിനു സുപരിചിതനായ ബിജു കഴിഞ്ഞ 25 വർഷമായി ടൊറോന്റോ മലയാളി സമാജത്തിന്റെ ഉയർച്ചക്ക് വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയാണ്. സമാജത്തിന്റെ ആരംഭം മുതല്‍ നിരവധി പദവികള്‍ അലങ്കരിച്ചിട്ടുള്ള ബിജുവിന് പ്രസിഡന്റ് പദവി അലങ്കരിക്കാനുള്ള ക്ഷണങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും എല്ലാം നിരാകരിക്കുകയായിരുന്നു ഇതുവരെ.

1994-ല്‍ കാനഡയിൽ എത്തിയ ബിജു ഒരു ഐടി പ്രൊഫഷണൽ ആണ്. കലാകായിക മേഖലയോടുള്ള താല്പര്യമാണ് ബിജുവിനെ ടൊറോന്റോ മലയാളി സമാജത്തില്‍ എത്തിച്ചത്. അന്നുമുതൽ മെമ്പർഷിപ്പ് ഡ്രൈവ്, സ്റ്റേജ് ഷോകള്‍, ധനസമാഹരണ പരിപാടികൾ, കായിക പരിപാടികൾ, ടി‌എം‌എസ് സംഗീത സന്ധ്യ എന്നിവ സംഘടിപ്പിച്ച് സമാജത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. സമാജത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അഹോരാത്രം സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് ബിജുവിന്റേതെന്ന് അദ്ദേഹത്തെ അറിയാവുന്നവർ സാക്ഷ്യപ്പെടുത്തുന്നു. സമാജത്തിലേക്കും വർക്കിംഗ് കമ്മിറ്റിയിലേക്കും പുതിയ അംഗങ്ങളെ കൊണ്ടുവരുന്നതിലും, മലയാളി സമൂഹത്തിനു എല്ലാവിധ സഹായസഹകരണങ്ങൾ എത്തിച്ചു നൽകുന്നതിലും ബിജു മുന്നിൽനിന്നു പ്രവർത്തിച്ചിട്ടുണ്ട്. സമാജത്തിൽ അംഗങ്ങളുടെ സഹകരണം കുറഞ്ഞ ഒരു കാലത്താണ് ടൊറോന്റോ മലയാളി സമാജത്തിനു ‘ഈസ്റ്റ് സെന്റർ’ എന്ന ആശയവുമായി വരികയും, അതിലേക്കുള്ള എല്ലാവിധ സൗകര്യങ്ങളും ചെയ്ത് ഇപ്പോഴുള്ള നിലയിൽ ഈസ്റ്റ് സെന്ററിനെ എത്തിക്കുകയും, അതിലൂടെ സമാജത്തിന്റെ വളർച്ചക്ക് കാരണമായ നിരവധി കമ്മിറ്റി മെമ്പേഴ്സിനെയും കഴിഞ്ഞ 10 വർഷമായി കൊണ്ടുവരുവാനും ബിജുവിന്റെ നേതൃത്വത്തിന് കഴിഞ്ഞത്.

നോർത്ത് അമേരിക്കയിലുടനീളം സ്റ്റേജ് ഷോകള്‍ നടത്തുന്ന ആദ്യ കനേഡിയൻ മലയാളിയായ ബിജു, മാളു എന്റർടൈൻമെന്റ് ഗ്രൂപ്പിന്റെ അമരക്കാരനാണ്. നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന സംഘാടകൻ കൂടിയായ ബിജു ആണ് നോർത്ത് അമേരിക്കയിലെ ആദ്യ ഫിലിം അവാർഡ് ആയ FIMCA, ഫൊക്കാന ടോറോന്റോ കൺവെൻഷനുവേണ്ടി നടത്തിയത്. അതോടൊപ്പംതന്നെ മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങളെ വച്ച് NAFA ഫിലിം അവാർഡുകള്‍ കേരളത്തിന് പുറത്തു നടത്തിയ ഏറ്റവും വലിയ മലയാളം ഫിലിം അവാർഡ്‌സ് ആയിരുന്നു. ഇപ്പോൾ FOMAA RVP കൂടിയായ ബിജു, IPCNA കാനഡ ചാപ്റ്ററിന്റെ ഡയറക്ടർ ബോർഡ് അംഗമാണ്.

“സമാജത്തെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരിക, നമ്മുടെ സ്വന്തം കമ്മ്യൂണിറ്റി സെന്റർ നേടിയെടുക്കുന്നതിലൂടെ അതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുക” എന്ന ലക്ഷ്യത്തോടെയാണ് 25 വർഷത്തിന് ശേഷം ആദ്യമായി ബിജു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സമാജത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ബഹുമുഖപ്രതിഭകൾ ആണ് ഈ പാനലിൽ മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ടൊറോന്റോ മലയാളി സമാജത്തെ കൂടുതൽ ജനപ്രിയമാക്കാനും ഒപ്പം തന്നെ വലിയ ഒരു തലത്തിലേക്ക് ഉയർത്തുകയുമാണ് ഇവരുടെ ലക്ഷ്യം.

ശുഭ പിള്ള – വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശുഭ പിള്ളയുടെ സേവനങ്ങൾ കഴിഞ്ഞ രണ്ടു വർഷങ്ങളായി സമാജത്തിനു ലഭിച്ച ഒരു വലിയ മുതൽക്കൂട്ടാണ്. ഒന്റാറിയോ ഗവണ്മെന്റിന്റെ സീനിയേഴ്സ് ഫണ്ട് (ICG & SCG ) ടൊറന്റോ മലയാളി സമാജത്തിനു നേടിക്കൊടുത്തതില്‍ പ്രധാന പങ്കു വഹിച്ചത് ശുഭ ആണ്. ഗവണ്മെന്റ് ഫണ്ടും സ്പോണ്‍സര്‍ഷിപ്പും വഴി ഏകദേശം 100,000.00 ഡോളര്‍ സമാജത്തിനു വേണ്ടി സമാഹരിക്കാൻ ശുഭക്കു കഴിഞ്ഞിട്ടുണ്ട്. പുതിയ അംഗങ്ങളെ സമാജത്തിലേക്കു ചേർക്കുന്നത് മുതൽ ഓരോ പരിപാടിയുടേയും സാമ്പത്തിക പിന്തുണയാണ് സ്‌പോൺസർഷിപ്പിലൂടെ ഈ പാൻഡെമിക് സമയത്തു ശുഭ സമാജത്തിനു നൽകിയത്‌. മലയാളി സമൂഹത്തിൽ വിജയം കൈവരിച്ച വ്യവസായ സംഭകരിൽ ഒരാളായ ശുഭയുടെ കനേഡിയൻ രാഷ്രീയ ബന്ധങ്ങളും ഉന്നതരുമായുള്ള പ്രവർത്തന പരിചയവും വരുംകാലങ്ങളിൽ സമാജത്തിന്റെ പ്രവർത്തനങ്ങൾ മറ്റൊരു തലത്തിൽ എത്തിക്കുമെന്ന് ഉറപ്പാണ്.

ജോൺ പി ജോൺ – 10 പ്രാവശ്യം ടൊറന്റോ മലയാളി സമാജത്തിന്റെ പ്രസിഡന്റ്, ഫൊക്കാനയുടെ 2016 ലെ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ച് പ്രവര്‍ത്തന പരിചയമുള്ള ജോൺ പി ജോൺ, കഴിഞ്ഞ 40 വർഷമായി ടൊറോന്റോ മലയാളി സമാജത്തിലെ സജീവ സാന്നിധ്യമാണ്. സമാജത്തിന്റെ വികസനത്തിന് എന്നും നൂറു ശതമാനം ആത്മാർത്ഥമായി മുന്നിൽ നില്‍ക്കുന്ന ആള്‍ എന്ന നിലയിൽ മലയാളി സമൂഹത്തിൽ ജോൺ പി എന്നും ഒരു മാതൃകയാണ്. ജോൺ പി യുടെ സാന്നിധ്യം ഈ പാനലിനെ കൂടുതൽ ശക്തമാക്കുന്നു. 2022 ലെ തിരഞ്ഞെടുപ്പില്‍ ബോർഡ് ഓഫ് ട്രസ്റ്റീ സ്ഥാനത്തേക്കാണ് അദ്ദേഹം മത്സരിക്കുന്നത്.

എബ്രഹാം ജോസഫ് – സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന എബ്രഹാം ജോസഫ്, കഴിഞ്ഞ 32 വർഷമായി കാനഡയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള വ്യക്തിയാണ്. ടൊറോന്റോ മലയാളി സമാജത്തിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, എന്റർടൈൻമെന്റ് കൺവീനർ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. സമാജം ഇന്നത്തെ നിലയിൽ എത്തിക്കുന്നതിന് ഒരു പ്രധാന പങ്കുവഹിച്ച വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. സ്റ്റേജ് ഷോകള്‍, ധനസമാഹരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുക വഴി സമാജത്തിനു ഉണ്ടായ സാമ്പത്തിക ലാഭം, സ്വന്തമായി സമാജത്തിനു ഒരു സെന്റർ ഉണ്ടാവുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ സഹായകമായി. ബിജു കട്ടത്തറ സമാജത്തിന്റെ ഉന്നമനത്തിനായി നൽകിയ സേവനങ്ങളെക്കുറിച്ചുള്ള അറിവാണ് ബിജുവിന്റെ പാനലിൽ നിന്ന് മത്സരിക്കാൻ എബ്രഹാമിന് പ്രചോദനമായത്.

എല്ലാ മേഖലകളിലും കഴിവും പരിചയ സമ്പത്തും നിറഞ്ഞ ഒട്ടനവധി വ്യക്തികൾ ഉള്‍പ്പെട്ട ഈ പാനൽ എന്തുകൊണ്ടും സമാജത്തിനു ഒരു വലിയ മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്. GTA യിലെ എല്ലാ റീജിയനിൽ നിന്നുള്ളവരും, എല്ലാ വംശീയവും മതപരവുമായ ഗ്രൂപ്പുകളില്‍ നിന്നുള്ളവരും ഈ പാനലില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്ത്രികൾക്ക് തുല്യ പ്രാധാന്യം നൽകുകയും, അവർക്കു അർഹമായ സ്ഥാനങ്ങള്‍ നല്‍കാനും ഈ പാനൽ ശ്രദ്ധിച്ചിട്ടുണ്ട്.

ടോറന്റോലെ മലയാളി സമൂഹത്തിനു സ്വന്തമായി ഒരു കമ്മ്യൂണിറ്റി സെന്റർ, മുതിർന്നവരുടെ ദീർഘകാല പരിചരണം, പുതിയ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന പാക്കേജ് മുതലായ പദ്ധതികളാണ് ഈ പാനല്‍ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. ഓരോ കാലയളവിലും സമാജത്തിന്റെ കൂടെ നിന്ന ബിജുവിന്റെ നിശ്ചയദാര്‍ഢ്യവും, കറകളഞ്ഞ അര്‍പ്പണബോധവും ആണ് TMS എന്ന ഈ സംഘടനയെ ഇന്ന് ഈ നിലയില്‍ എത്തിച്ചത്. ടൊറന്റോ മലയാളി സമാജത്തിന്റെ നേതൃസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി ബിജു കട്ടത്തറ തന്നെയാണെന്ന് നിസ്സംശയം പറയാം.

ഏറ്റെടുത്ത ജോലി ഭംഗിയായി നിര്‍വഹിച്ചു പരിചയമുള്ളവര്‍, മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍, ടോറോന്റോയിലെ മലയാളി സമൂഹത്തിനുവേണ്ടി ഇനിയും ഒരുപാട് നന്മകള്‍ ചെയ്യാനാവും എന്ന പ്രതീക്ഷയയുമായി ബിജുവിന്റെ പാനൽ നിങ്ങളുടെ നിസ്വാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment