അച്ഛന്റെ മരണശേഷം നവജ്യോത് സിംഗ് സിദ്ധു അമ്മയെ ഉപേക്ഷിച്ചു; അമ്മ ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ അനാഥയെപ്പോലെ മരിച്ചു: സഹോദരി

ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റ് നവ്‌ജ്യോത് സിംഗ് സിദ്ധു 1986-ൽ പിതാവിന്റെ മരണശേഷം അമ്മയെ ഉപേക്ഷിച്ചെന്ന് മുൻ ക്രിക്കറ്റ് താരത്തിന്റെ സഹോദരി സുമൻ തൂർ ആരോപിച്ചു. വെള്ളിയാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുമൻ തൂർ. 1989-ൽ ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഒരു നിർധന സ്ത്രീയായാണ് അമ്മ മരണപ്പെട്ടതെന്നും അവര്‍ പറഞ്ഞു.

1986-ല്‍ പിതാവിന്റെ മരണശേഷം, പ്രായമായ അമ്മയെ ഉപേക്ഷിച്ച് സഹോദരൻ സിദ്ധു പോയെന്നും തനിക്ക് ഇവിടെ ഒന്നുമില്ലെന്ന് പറഞ്ഞതായും സുമൻ ആരോപിച്ചു.

“ഞങ്ങളെയും എന്നെയും എന്റെ സഹോദരിയെയും വളർത്താൻ അമ്മ കഠിനാധ്വാനം ചെയ്തു. അമ്മ ഞങ്ങളെ രണ്ടുപേരെയും സൈക്കിളിൽ സ്‌കൂളിലേക്ക് കൊണ്ടുപോകുമായിരുന്നു. അവൻ ഞങ്ങളെ ഉപേക്ഷിച്ചപ്പോൾ എന്റെ അമ്മയോ ഞങ്ങളോ സഹോദരിമാരോ അവനോട് (സിദ്ധുവിനോട്) ഒരു സഹായവും ചോദിച്ചില്ല, ” കണ്ണീരണിഞ്ഞുകൊണ്ട് സുമൻ പറഞ്ഞു.

അമ്മയും അച്ഛനും തനിക്ക് 2 വയസ്സുള്ളപ്പോൾ നിയമപരമായി വേർപിരിഞ്ഞതായി 1987-ല്‍ സിദ്ധു ഒരു മാധ്യമത്തിന് തെറ്റായ മൊഴി നൽകിയെന്നും സുമൻ ആരോപിച്ചു. സിദ്ധുവിന് അന്ന് 2 വയസ്സ് തികഞ്ഞിട്ടില്ലെന്ന് അവകാശപ്പെട്ട് അവര്‍ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും കാണിച്ചു.

“എന്തുകൊണ്ടാണ് കള്ളം പറയുന്നതെന്ന് ചോദിക്കാൻ എന്റെ അമ്മ ലുധിയാനയില്‍ സിദ്ധുവിന്റെ അടുത്തേക്ക് പോയി. താൻ പ്രസ്താവന നടത്തിയിട്ടില്ലെന്നും മറ്റാരോ ആണ് അത് പറഞ്ഞതെന്നുമാണ് അന്ന് സിദ്ധു പറഞ്ഞത്. പിന്നീട് ആരോപണ വിധേയമായ പ്രസ്താവന പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണത്തിനെതിരെ എന്റെ അമ്മ കേസ് ഫയൽ ചെയ്തു. എന്നാൽ, അദ്ദേഹം ഒരിക്കലും പിന്തുണച്ചില്ല,” സുമൻ പറഞ്ഞു.

1989 സെപ്റ്റംബറിൽ, കോടതിയിൽ നിന്ന് മടങ്ങുമ്പോൾ, ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഒരു നിരാലംബയായ സ്ത്രീയെപ്പോലെ തന്റെ അമ്മ മരിച്ചുവെന്ന് സുമന്‍ കൂട്ടിച്ചേർത്തു.

സിദ്ധു തങ്ങളുടെ കുടുംബ സ്വത്തുകൊണ്ട് ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും, അത് പങ്കിടാതിരിക്കാൻ മാതാപിതാക്കളുടെ വേർപാടിന്റെ നുണക്കഥ കെട്ടിച്ചമയ്ക്കുകയാണെന്നും സുമൻ ആരോപിച്ചു.

അതേസമയം, സിദ്ധുവിന്റെ സഹോദരിയുടെ അവകാശവാദങ്ങളോട് കോൺഗ്രസ് നേതാവിന്റെ ഭാര്യ നവജ്യോത് കൗർ പ്രതികരിച്ചു. സിദ്ധുവിന്റെ പിതാവ് രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും, ആദ്യ വിവാഹത്തിൽ രണ്ട് പെൺമക്കളുണ്ടെന്നും കൗർ പറഞ്ഞു. സിദ്ധുവിനും എനിക്കും ഈ രണ്ട് സഹോദരിമാരെ കുറിച്ച് കൂടുതൽ അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment