ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രി ആര്‍ ബിന്ദുവിന് പ്രൊഫസര്‍ പദവി; ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഗവര്‍ണ്ണര്‍

കോഴിക്കോട്: മന്ത്രി ആർ. ബിന്ദുവിന് മുൻകാല പ്രാബല്യത്തോടെ പ്രഫസർ പദവി നൽകുന്നതിനായി, വിരമിച്ച കോളജ് അധ്യാപകർക്ക് കൂടി പ്രൊഫസർ പദവി നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കത്തിനെതിരായ പരാതിയിൽ ഏഴു ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ കാലിക്കറ്റ് വിസിയോട് ആവശ്യപ്പെട്ടു. സർവീസിൽ തുടരുന്നവരെ മാത്രമേ പ്രൊഫസർ തസ്തികയിലേക്ക് പരിഗണിക്കാവൂ എന്നാണ് യുജിസിയുടെ നിബന്ധന.

മന്ത്രിക്ക് മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ തസ്തിക ലഭിക്കാൻ കാലിക്കറ്റ് സർവകലാശാല യുജിസി ചട്ടങ്ങൾ ലംഘിച്ചുവെന്ന് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി ആരോപിക്കുന്നു. 2018-ലെ യുജിസി റെഗുലേഷന്‍ വകുപ്പ് 6.3 പ്രകാരം സര്‍വ്വീസില്‍ തുടരുന്നവരെ മാത്രമേ പ്രഫസര്‍ പദവിക്ക് പരിഗണിക്കാന്‍ പാടുള്ളൂ. എന്നാല്‍ വിരമിച്ച കോളേജ് അധ്യാപകര്‍ക്കും പ്രഫസര്‍ പദവി അനുവദിക്കാന്‍ യുജിസി ചട്ടങ്ങള്‍ ലംഘിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനം എടുത്തു. ഇതിനായി യുജിസി ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വൈസ്ചാന്‍സിലര്‍ ഉത്തരവിറക്കിയ‌ിരുന്നു.

മന്ത്രി ബിന്ദു കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപികയായിരുന്നു. തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ സ്വയം വിരമിച്ചു. മന്ത്രി ബിന്ദുവിന് മുന്‍കാല പ്രാബല്യത്തില്‍ പ്രൊഫസര്‍ പദവി അനുവദിക്കാനാണ് സര്‍വ്വകലാശാലയുടെ ഈ തീരുമാനം എന്നാണ് ആരോപണം.

പ്രൊഫസർ പദവി ഉപയോഗിച്ച് ബിന്ദു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും, ബാലറ്റ് പേപ്പറിൽ പ്രൊഫസർ എന്ന് എഴുതിയതും വിവാദമായിരുന്നു. ഇത് ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ കേസും നല്‍കിയിട്ടുണ്ട്. അത് ദുര്‍ബലപ്പെടുത്താന്‍ കൂടിയാണ് സര്‍വ്വകലാശാലയുടെ ഇപ്പോഴത്തെ നീക്കമെന്നും ആക്ഷേപമുണ്ട്.

‘പ്രൊഫസർ ബിന്ദു’ എന്ന മന്ത്രിയുടെ സത്യപ്രതിജ്ഞ വിവാദമായതിനെ തുടർന്ന് പ്രൊഫസര്‍ പദവി പിന്‍‌വലിച്ച് കഴിഞ്ഞ ജൂൺ എട്ടിനാണ് അസാധാരണ ഗസറ്റ് വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment