മയാമി (ഫ്ലോറിഡ): മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ. സോമനാഥിന്റെ അകാല വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമ പ്രവർത്തകരിൽ ഒരാൾ നഷ്ടമായത് മാധ്യമരംഗത്തെ കൂടുതൽ ശുഷ്കമാക്കുന്നു. മികച്ച ശൈലിയിൽ രാഷ്ട്രീയലേഖനങ്ങളും പംക്തികളും എഴുതുമ്പോഴും എല്ലാവരോടും സമഭാവനയോടെ പെരുമാറിയ വ്യക്തി ആയിരുന്നു അദ്ദേഹമെന്ന് സഹപ്രവർത്തകർ അനുസ്മരിക്കുന്നു.
‘ആഴ്ചക്കുറിപ്പുകൾ’ എന്ന പേരിൽ മലയാള മനോരമ എഡിറ്റോറിയൽ പേജിൽ സോമനാഥ് ദീർഘകാലം എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തി കേരളമാകെ ചർച്ച ചെയ്തവയാണ്. സോമനാഥിന്റെ ‘നടുത്തളം’ നിയമസഭാവലോകനങ്ങൾ സൂക്ഷ്മ നിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും വേറിട്ടുനിന്നു-മനോരമ പ്രസിദ്ധീകരിച്ച ചരമ അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
അദ്ദേഹത്തിന്റെ വേർപാടിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളോടും ബന്ധുമിത്രാദികളോടും തങ്ങളുടെ ദുഖവും അറിയിക്കുന്നതായി പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news