മരണഗന്ധം പരത്തുന്ന സോഷ്യല്‍ മീഡിയ പുഴുക്കള്‍: കാരൂര്‍ സോമന്‍, ലണ്ടന്‍

ഇന്ന് സത്യത്തിനും മരണഗന്ധമാണ്. നമ്മുടെ ദാര്‍ശനിക വീക്ഷണങ്ങളായ സത്യവും നീതിയും ദീര്‍ഘശ്വാസം വലിക്കുന്നു. സത്യം പറയുന്ന വിപ്ലവകാരികളെയാണ് നല്ല ഭരണാധിപന്മാര്‍, സര്‍ഗ്ഗ പ്രതിഭകള്‍ എന്നറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയ ചിലര്‍ക്ക് മധുരാനുഭൂതി പകരുമ്പോള്‍ മറ്റ് ചിലരുടെ മനസ്സില്‍ മരണഗന്ധം, ദുഃഖം പതിഞ്ഞുകിടക്കുന്നു. മനുഷ്യരുടെ തെറ്റായ പ്രവര്‍ത്തികളെ, നിലപാടു കളെ, വിശ്വാസങ്ങളെ പൊളിച്ചടുക്കുക ഹ്യദയ വിശാലതയുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളാണ്. അവിടെ യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിച്ചുള്ള പൊളിച്ചടുക്കല്‍ അവരില്‍ സ്വാര്‍ത്ഥത കുടികൊള്ളുന്നതുകൊണ്ടാണ്. ചിലരാകട്ടെ മറ്റുള്ളവരുടെ പ്രേരക ശക്തിയായി പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ ചാവേറുകള്‍ വേട്ടമൃഗങ്ങളാണ്.

ഇവിടെ ആരുടെ ചുമടുതാങ്ങിയായിട്ടാണ് എം.എല്‍.എ. കെ.ടി. ജലീല്‍ കടന്നുവന്നത്? അദ്ദേഹം ദുര്‍ബലമായ ഒരു വാദമുയര്‍ത്തിയത് ഐസ്‌ക്രീം കേസില്‍ മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയതിന് ലോകായുക്തയായ അന്നത്തെ ജഡ്ജിയുടെ സഹോദര ഭാര്യക്ക് പ്രതിഫലമായി വൈസ് ചാന്‍സലര്‍ സ്ഥാനം നല്‍കിയെന്നാണ്. അടിസ്ഥാനമില്ലത്ത ആ ആരോപണത്തെ ഡോ. ജാന്‍സി ജെയിംസ് വിശേഷിപ്പിച്ചത് ‘പേ വാക്ക്’ എന്നാണ്. യാഥാര്‍ഥ്യങ്ങളുമായി പുലബന്ധമില്ലാത്തവ തലയില്ലാത്ത സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കെതിരെയും എഴുതിവിടുന്നു. പഴം ഏറെ പഴുത്താല്‍ പുഴുവായി മാറും. ഞാനും ഈ പുഴുക്കളില്‍ നിന്ന് വ്യക്തിഹത്യ നേരിട്ടുണ്ട്. സത്യം തിരിച്ചറിയാതെ വ്യക്തിഹത്യ നടത്തുന്ന മാരകമായ മിഥ്യാധാരണ വളര്‍ത്തുന്ന പുഴുക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഇഴയുന്നു. ഹിംസ തുടരുന്നു. യാതൊരു അദ്ധ്വാനവുമില്ലതെ വിഷയങ്ങളെ വിവാദങ്ങളാക്കി ആഘോഷിക്കുന്നവരുടെ ലക്ഷ്യം സോഷ്യല്‍ മീഡിയയില്‍ നിന്ന് പണം ഉല്‍പ്പാദിപ്പിക്കലാണ്. കേരളത്തില്‍ ഒരു സോഷ്യല്‍ മീഡിയ ഉപഭോക്തൃ സംസ്‌കാരം വളരുന്നത് വിസ്മരിക്കരുത്.

അര വൈദ്യന്‍ ആയിരംപേരെ കൊല്ലുന്നതുപോലെ ഇത്ര നിരുത്തരവാദിത്വമുള്ള ഒരു പ്രസ്താവന മുന്‍ വിദ്യാഭാസ മന്ത്രികൂടിയായ ജലീല്‍ ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള നമ്മുടെ ഭാഷക്കും സം സ്‌കാരത്തിനുമൊപ്പം സഞ്ചരിക്കുന്ന വ്യക്തിയെപ്പറ്റി നടത്താന്‍ പാടില്ലായിരുന്നു. സാമാന്യ ബുദ്ധിയുള്ള ആരും അത് അംഗീകരിക്കില്ല. നമ്മുടെ വാക്കുകളില്‍ കടന്നു വരുന്ന മുറിവുകള്‍ മറ്റുള്ളവരിലുണ്ടാക്കുന്ന മുറിവുകള്‍ എത്ര വലുതെന്ന് തിരിച്ചറിയാന്‍ മിതമായ അറിവും കാഴ്ചപ്പാടുകളുള്ളവര്‍ക്ക് സാധിക്കില്ല. ഈ കൂട്ടര്‍ സമൂഹത്തില്‍ അസ്വാസ്ഥ്യജനകമായ ഭീതി പരത്തുന്നവരാണ്.

ഇവിടെയാണ് കാളിദാസന്‍ വാല്മീകിയെ വിശേഷിപ്പിച്ചത് ‘രുദിതാനുസാരി’. ദൈവത്തിന്റെ മുഖമുള്ളവര്‍. തൂലിക പടവാള്‍ എന്നപോലെ വാക്ക് അഗ്‌നിയാണ്. നമ്മുടെയുള്ളിലെ മൃഗപ്രകൃതിയെ വിവേകമില്ലാത്തവര്‍ സോഷ്യല്‍ മീഡിയയിലൂടെ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. നമ്മുടെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് ഹിംസയായി മുറിവായി തോന്നരുത്. സര്‍ഗ്ഗ പ്രതിഭകള്‍ നന്മയുടെ അമൃത് ആകുന്നത് ഇവിടെയാണ്. അവര്‍ നിശബ്ദരായിരിക്കില്ല. മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ആകസ്മികമായ വികാര തീവ്രത മൂര്‍ച്ചയുള്ള വാക്കുകളിലൂടെ പുറത്തുവരുമ്പോള്‍ ആ വ്യക്തിയുടെ ദുര്‍ബല മനസ്സില്‍ നിന്നുണ്ടായ വികാരതുടുപ്പുകള്‍ അപഹാസ്യമായി മാറ്റപ്പെടുന്നു. പരിസരബോധം നഷ്ടപ്പെട്ട അധിക പ്രസംഗികളായി ഈ കൂട്ടര്‍ മാറുന്നു.

സി.പി.എം. എന്ന പുരോഗമന പ്രസ്ഥാനം ലോകായുക്ത വിഷയത്തില്‍ വെല്ലുവിളികള്‍ നേരിടുന്നില്ല. ലോകപാല്‍, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ ഈ പാര്‍ട്ടി വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. മൂല്യങ്ങളും നിലപാടുകളുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ജലീലിന്റെ നിലപാടുകളെ ഒരിക്കലും പിന്തുണക്കില്ല. അഴിമതിക്കെതിരെ പോരാടുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് മുന്‍മന്ത്രി നടത്തിയത്.

കേരളത്തില്‍ മതമൗലികവാദികളും അവി ശ്വാസികളും ധാരാളമായിട്ടുണ്ട്. അവരുടെയിടയില്‍ പുരോഗമന ആശയവഴികാട്ടികളായി മുന്നില്‍ നില്‍ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ആ പാര്‍ട്ടിയില്‍ അംഗത്വമില്ലത്ത ഏതെങ്കിലുമൊരാള്‍ ലോകായുക്തയെ അപമാനിച്ചാല്‍ അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാകുലയായ ഒരു വ്യക്തിയെ അപമാനിച്ചാല്‍ അതിന് കുടപിടിക്കാനോ കീഴടങ്ങാനോ ഇടതുപക്ഷം തയ്യാറാകുമെന്ന് കരുതുന്നില്ല. അര്‍ത്ഥശൂന്യമായ ഇത്തരം ആരോപണങ്ങളെ തള്ളിക്കളയുകയാണ് വേണ്ടത്. ഇത് സത്യവും മിഥ്യയും തിരിച്ചറിയാതെ മറ്റുള്ളവരെ ചിന്താകുഴപ്പത്തിലാക്കുന്നു. ഇനിയും അറിയേണ്ടത് കെ.ടി.ജലീല്‍ കോടതിയലക്ഷ്യ നടപടി നേരിടുമോ? അതോ കോടതിയും നോക്കുകുത്തിയായി മാറുമോ?

ഏത് പാര്‍ട്ടിയിലുള്ള വ്യക്തിയായാലും ഭരണഘടനാ സ്ഥാപനങ്ങളെ ആരോപണങ്ങളുടെ മുള്‍ മുനയില്‍ നിര്‍ത്തുന്നത് നിയമ വാഴ്ചക്ക് ഭൂഷണമല്ല. മുന്‍ മന്ത്രി കൂടിയായ ജലീല്‍ ഇപ്പോള്‍ തുറന്നുപറയുന്നത് നിയമപാലകര്‍ അവിഹിതമായ ഇടപാടുകള്‍ നടത്തി വിധികള്‍ പുറപ്പെടുവിക്കുന്നുവെന്നാണ്. ഇത് ഗുരുതരമായ ആരോപണമാണ്. ചില വിധി പ്രസ്താവനകള്‍ കാണുമ്പോള്‍ ജലീല്‍ പറയുന്നതുപോലെ പണപ്പെട്ടി തുറന്നിരുന്നാല്‍ ഏത് പുണ്യവാളനും കള്ളനാകുമെന്ന് തോന്നാറുണ്ട്. ഭരണ ത്തിലിരിക്കുന്നവരുടെ അഴിമതികള്‍ കണ്ടെത്താന്‍ ലോകായുക്തയുള്ളതുപോലെ കോടതികളിലെ അഴിമതിക്കാരെ കണ്ടെത്താന്‍ യാതൊരു സംവിധാനവുമില്ല.

ജലീല്‍ നല്ലൊരു ജനകിയ നേതാവെങ്കില്‍ നിയമപരമായി ജനത്തിന് മുന്നില്‍ ആരാണ് കോഴപ്പണം വാങ്ങി വിധികള്‍ അട്ടിമറിച്ചതെന്ന് തെളിയിച്ചു കാണിക്കണം. ഇല്ലെങ്കില്‍ പണക്കാരന്റെ പിന്നാലെ ആയിരംപേര്‍, ഭ്രാന്തന്റെ പിന്നാലെ നൂറുപേര്‍ എന്നു തോന്നും. അതല്ലെങ്കില്‍ ലോകായുക്തയുടെ അടികൊണ്ടതിന്റെ കൊടും വേദന അസഹിഷ്ണ തയായി മാറിയെന്ന് മാത്രമെ കാണാന്‍ സാധിക്കു. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ പഴക്കമുള്ള ലോകായു ക്തയില്‍ ഭേദഗതി വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ തെരെഞ്ഞെടുപ്പ് എന്ന മാമാങ്കത്തിലൂടെ അധികാരത്തിലെത്തി ഏകാധിപതികളെപോലെ ഭരിക്കുന്ന സത്യവും നീതിയും വളച്ചൊടിക്കുന്ന ഇന്ത്യന്‍ പഴഞ്ചന്‍ ഭരണഘടനയാണ് ആദ്യം പൊളിച്ചടുക്കേണ്ടത്. ഇല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പുഴുക്കള്‍ മരണ ഗന്ധം പരത്തി മനംകൊണ്ടു മാലകെട്ടി അരിവാളില്ലാതെ കൊയ്ത്തു നടത്തികൊണ്ടിരിക്കും. ഇങ്ങനെ പലതും മലപോലെ വന്ന് മഞ്ഞുപോലെ പോകുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News