ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജവാന്റെ ഭാര്യയ്ക്ക് തൃശൂര്‍ താലൂക്ക് ഓഫീസില്‍ സര്‍ക്കാര്‍ ജോലി

തൃശൂർ: ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് സര്‍ക്കാര്‍ ജോലി നല്‍കി. എം.കോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് തൃശൂർ താലൂക്ക് ഓഫീസിൽ ക്ലാർക്ക് തസ്തികയിലാണ് ജോലി ലഭിച്ചത്. തിങ്കളാഴ്ച രാവിലെ താലൂക്ക് ഓഫീസിൽ എത്തിയ ശ്രീലക്ഷ്മിക്ക് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ നിയമന ഉത്തരവ് കൈമാറി.

നാടിന് വേണ്ടി പോരാടുന്ന ധീരജവാന്മാർക്ക് സർക്കാർ നൽകുന്ന വലിയ അംഗീകാരമാണ് അവരുടെ ആശ്രിത നിയമനമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഹെലിക്കോപ്റ്റര്‍ അപകടം നടന്ന് ഒരാഴ്ചയ്ക്കകം അപകടത്തിൽ മരിച്ച പ്രദീപിന് ആദരാഞ്ജലിയായി ഭാര്യയ്ക്ക് ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഒന്നര മാസം കൊണ്ട് സൈനികക്ഷേമ വകുപ്പും നിയമന ഉത്തരവ് പുറത്തിറക്കി. നിയമനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാക്കി ജില്ലാ കളക്ടര്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കി. രണ്ട് മാസത്തിനുള്ളിൽ ശ്രീലക്ഷ്മിക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ വാഗ്ദാനം ചെയ്ത ജോലി വേഗത്തിൽ ലഭിച്ചതിൽ നന്ദിയുണ്ടെന്ന് ശ്രീലക്ഷ്മി പറഞ്ഞു. മക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ശ്രീലക്ഷ്മി ജോലിക്കെത്തിയത്. തഹസിൽദാറുടെ സാന്നിധ്യത്തിൽ സർവീസ് ബുക്കിൽ ഒപ്പിട്ട് നിയമന നടപടികൾ സ്വീകരിച്ചു.

ഡിസംബർ 15ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രീലക്ഷ്മിക്ക് ജോലി നൽകാൻ സർക്കാർ തീരുമാനിച്ചത്. പ്രദീപിന്റെ ഭാര്യക്ക് ജോലി നൽകുന്നതിനൊപ്പം സംസ്ഥാന സർക്കാർ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും, അച്ഛന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയും ധനസഹായം നൽകിയിരുന്നു. ജില്ലാ കലക്ടർ ഹരിത വി കുമാർ, ആർഡിഒ പി എ വിഭൂഷണൻ, താലൂക്ക് തഹസിൽദാർ ടി ജയശ്രീ എന്നിവരും മന്ത്രിയോടൊപ്പം സന്നിഹിതരായിരുന്നു.

Print Friendly, PDF & Email

Leave a Comment