കോവിഡ്: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് കുവൈറ്റ് പാര്‍ലമെന്റിന്റെ അംഗീകാരം

കുവൈറ്റ് സിറ്റി : കോവിഡുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ദേശീയ അസംബ്ലി അംഗീകരിച്ചു. ഇതു സംബന്ധിച്ച് കോവിഡ് എമര്‍ജന്‍സി കമ്മിറ്റിയുടെ നല്‍കിയ നിര്‍ദ്ദേശങ്ങളും സപ്ലിമെന്ററി സെഷന്റെ അവസാനം സമര്‍പ്പിച്ച പാര്‍ലമെന്ററി ശിപാര്‍ശകളുമാണ് ഇന്നു നടന്ന ദേശീയ അസംബ്ലി അംഗീകാരം നല്‍കിയത്.

മഹാമാരിയുമായി ബന്ധപ്പെട്ടു രാജ്യത്തെ സാഹചര്യം ഇപ്പോള്‍ സുസ്ഥിരമാണെന്ന് സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ വ്യക്തമാക്കി. പുതിയ തീരുമാന പ്രകാരം വാക്‌സിനേഷന്‍ എടുക്കാത്ത വ്യക്തികള്‍ക്ക് പിസിആര്‍ പരിശോധന ഫലം കൈയിലുണ്ടെങ്കില്‍ നിബന്ധനകള്‍ക്ക് വിധേയമായി രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുവാനും മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതുയിടങ്ങളില്‍ പ്രവേശിക്കുവാന്‍ അനുമതി നല്‍കും.

രണ്ട് വാക്‌സിന്‍ സീകരിച്ച വ്യക്തികളെ പൂര്‍ണ വാക്‌സിന്‍ സ്വീകരിച്ചവരായി പരിഗണിക്കും. ഓരോ ഡോസ് പ്രതിരോധ കുത്തിവയ്പ് എടുത്ത കുട്ടികളെയും വാക്‌സിന്‍ എടുക്കാത്ത കുട്ടികളേയും വേര്‍തിരിക്കില്ലെന്നും രാജ്യത്തേക്ക് യാത്ര ചെയ്യുന്ന സ്വദേശികള്‍ക്ക് പിസിആര്‍ ആവശ്യമില്ലെന്നും രാജ്യത്ത് പ്രവേശിച്ച ശേഷം കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ ക്വാറന്റൈനില്‍ നിന്നും പുറത്തു വരാമെന്നും പാര്‍ലമെന്റ് പാസാക്കിയ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും പുതിയ സാഹചര്യങ്ങള്‍ സര്‍ക്കാര്‍ വിശദീകരിച്ചു. ആരോഗ്യ സുരക്ഷ സംബന്ധിച്ച് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാനും സ്വദേശികളും വിദേശികളും ബൂസ്റ്റര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ സന്നദ്ധരാകണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment