സർവ്വകലാശാല നിർമ്മിച്ച അസം ഖാൻ ജയിലിൽ; ജീപ്പ് ഓടിച്ചു കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയവന്‍ ജയിലിന് പുറത്ത്: അഖിലേഷ് യാദവ്

ന്യൂഡൽഹി: ലഖിംപൂർ അക്രമക്കേസിലെ പ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിൽ ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) രൂക്ഷമായി വിമർശിച്ച് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. “വിദ്യാർത്ഥികൾക്കായി സർവകലാശാല നിർമ്മിച്ച അസം ഖാൻ കേസുകളുടെ പേരിൽ ജയിലിൽ കിടക്കുകയാണ്. എന്നാൽ, കർഷകരെ ജീപ്പ് കയറ്റി തകർത്തവൻ ജയിലിന് പുറത്തും. ഇതാണ് ബിജെപിയുടെ ‘പുതിയ ഇന്ത്യ’ – രൂക്ഷമായ ഭാഷയില്‍ അഖിലേഷ് പ്രതികരിച്ചു.

റാംപൂരിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനായി എസ്പി സ്ഥാനാർത്ഥികളെ അനുകൂലിച്ച് നടന്ന പൊതുയോഗത്തിലാണ് എസ്പി പ്രസിഡന്റ് അഖിലേഷ് ഈ അഭിപ്രായം പറഞ്ഞത്. “അബ്ദുല്ല അസമിന് (അസം ഖാന്റെ മകൻ) കള്ളക്കേസുകളുടെ പേരിൽ രണ്ട് വർഷം ജയിലിൽ കഴിയേണ്ടി വന്നു. എരുമ മോഷണം, കോഴി മോഷണം, പുസ്തക മോഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അസം ഖാനെ ജയിലിലടച്ചത്.

ലോകത്ത് ഒരിടത്തും കർഷകരെ ജീപ്പ് കയറ്റി കൊന്നിട്ടില്ലെന്നും, എന്നാല്‍ യുപിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജയിലിൽ നിന്ന് ജാമ്യം നേടിയാണ് പുറത്തിറങ്ങിയതെന്നും അഖിലേഷ് പറഞ്ഞു.

കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ സമരം ചെയ്ത കർഷകരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര ടെനിയുടെ മകൻ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബർ 3 ന്, മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധ മാർച്ചിനിടെ ലഖിംപൂർ ഖേരിയിൽ എസ്‌യുവി കയറ്റി നാല് കർഷകരെയും ഒരു മാധ്യമ പ്രവർത്തകനെയും കൊലപ്പെടുത്തിയെന്നാണ് ആശിഷ് മിശ്രയുടെ പേരിലുള്ള കുറ്റം.

സംഭവവുമായി ബന്ധപ്പെട്ട വീഡിയോയിൽ, രണ്ട് മൂന്ന് എസ്‌യുവികളുടെ വാഹനവ്യൂഹം കർഷകര്‍ക്കെതിരെ പാഞ്ഞുകയറിയതായി കാണിക്കുന്നുണ്ട്. അന്ന് ലഖിംപൂർ ഖേരി ജില്ലയിൽ നടന്ന അക്രമത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. കർഷകർ അടിച്ചമർത്തപ്പെട്ടതിനെ തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടു, അതിൽ രണ്ട് ബിജെപി പ്രവർത്തകർ ഉൾപ്പെടെ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടു.

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനിടെ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിനെ പ്രതിപക്ഷം ഉൾപ്പെടെ നിരവധി കർഷക സംഘടനകൾ അപലപിച്ചു. സാക്ഷികളെ സ്വാധീനിക്കുന്ന രാഷ്ട്രീയ പ്രബലരായ പ്രതികളുടെ ജാമ്യം പരിഗണിക്കാതെ കോടതി ജാമ്യം അനുവദിച്ചത് അങ്ങേയറ്റം നിരാശാജനകമാണെന്ന് കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിന് നേതൃത്വം നൽകിയ യുണൈറ്റഡ് കിസാൻ മോർച്ച പറഞ്ഞു.

എന്നാൽ, റാംപൂരിൽ നടന്ന പൊതുയോഗത്തിൽ, ബിജെപി നേതാക്കൾ കള്ളം പറയുകയാണെന്നും നോട്ട് അസാധുവാക്കൽ നടന്നാൽ അഴിമതി കുറയുമെന്ന് ആദ്യമായി കള്ളം പറഞ്ഞെന്നും, എന്നാൽ അഴിമതി കുറഞ്ഞിട്ടില്ലെന്നും ഇരട്ട എൻജിൻ സർക്കാരിൽ ഇത് ഇരട്ടിയായെന്നും എസ്പി നേതാവ് പറഞ്ഞു.

പാവപ്പെട്ടവർക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നും, പഴയ പെൻഷൻ പുനഃസ്ഥാപിക്കുമെന്നും, ജലസേചനത്തിനുള്ള വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളുമെന്നും, കരിമ്പ് കർഷകർക്ക് 15 ദിവസത്തിനകം പണം നൽകുമെന്നും, എസ്പി സർക്കാർ രൂപീകരിച്ചാൽ തൊഴിലവസരങ്ങൾ നൽകുമെന്നും അഖിലേഷ് യാദവ് വാഗ്ദാനം ചെയ്തു.

എസ്പി സ്ഥാനാർത്ഥി അസം ഖാൻ രാംപൂരിൽ നിന്നും മകൻ അബ്ദുള്ള അസം സ്വറിൽ നിന്നും മത്സരരംഗത്തുണ്ട്. റാംപൂരിൽ ഫെബ്രുവരി 14ന് രണ്ടാം ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്.

Print Friendly, PDF & Email

Related posts

Leave a Comment