ആരോഗ്യ സുരക്ഷയെ കുറിച്ച് അവബോധം സൃഷ്ഠിക്കുന്നതിനു, ഫോമാ നഴ്സസ് ഫോറം പ്രതിരോധ പരിശോധനകളെ സംബന്ധിച്ചു ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. 2022 ഫെബ്രുവരി 12 ശനിയാഴ്ച ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 10.30 നു സംഘടിപ്പിക്കുന്ന സൂം മീറ്റിംഗിൽ ഡോക്ടർ ലിജി മാത്യു, ഡാലിയ പോൾ എന്നിവർ സംസാരിക്കും.സെമിനാറിൽ ചോദ്യോത്തര വിഭാഗവും ഉണ്ടായിരിക്കുന്നതാണ്.
കോവിഡാനന്തരം ജനങ്ങൾ നിരവധി ആരോഗ്യ പ്രശ്നങ്ങളെ നേരിട്ട് കൊണ്ടിരിക്കുകയാണ്. കോവിഡിന്റെ ഫലമെന്നോണം പലവിധത്തിലുള്ള പാർശ്വഫലങ്ങൾക്കും പ്രത്യക്ഷമായോ,പരോക്ഷമായോ വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ പരിശോധനകളും നടപടിക്രമങ്ങളും അറിയേണ്ടതും, പാലിക്കേണ്ടതും അത്യന്ത്യാപേക്ഷിതമാണ്. വിട്ടുമാറാത്ത ഹൃദ്രോഗങ്ങൾ, വിവിധങ്ങളായ അർബുദം, മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രമേഹം, മറ്റ് ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയ മനുഷ്യരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു കൊണ്ടിരിക്കുന്നു.പ്രായ-ലിംഗഭേദ- തൊഴിൽ ഭേദമന്യെ എല്ലാവർക്കും പതിവായി ആരോഗ്യ പരിശോധനകൾ അനിവാര്യമാണ്. സമയബന്ധിതമായ ആരോഗ്യ പരിശോധനകളും സ്ക്രീനിംഗുകളും വഴി ഈ രോഗങ്ങളിൽ ഭൂരിഭാഗവും നേരത്തെ കണ്ടുപിടിക്കാൻ കഴിയും. രോഗം നേരത്തേ കണ്ടെത്തുന്നത് പ്രധാനമാണ്, കാരണം ഇത് സ്വയം സുഖപ്പെടുത്താനുള്ള സാധ്യത വർദ്ധിപ്പിക്കും. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് രോഗ പ്രതിരോധവും ജീവിതശൈലി മെച്ചപ്പെടുത്തലും. ഈ സാഹചര്യത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രസ്ഥാനമെന്ന നിലയിൽ ഫോമയുടെ ആരോഗ്യ വിഭാഗമായ ഫോമാ നഴ്സസ് ഫോറം ജനങ്ങളിൽ ബോധവൽക്കരണം അനിവാര്യമാണെന്ന് വിശ്വസിക്കുന്നു.
ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി കോൺസൽ എ കെ വിജയകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും.
സെമിനാറിൽ എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, നഴ്സസ് ഫോറം ചെയർ പേഴ്സൺ ഡോക്ടർ: മിനി മാത്യു, സെക്രട്ടറി എലിസബത്ത് സുനിൽ സാം, വൈസ് ചെയർ പേഴ്സൺ റോസ്മേരി കോലഞ്ചേരി,ജോയിന്റ് സെക്രട്ടറി ഡോക്ടർ ഷൈല റോഷിൻ, നാഷണൽ കമ്മറ്റി കോർഡിനേറ്റർ ബിജു ആന്റണി എന്നിവർ അഭ്യർത്ഥിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news