കാനഡയിലെ ക്ഷേത്ര കവർച്ചാ പരമ്പരയിൽ ‘മന്ത്ര’ ആശങ്ക പ്രകടിപ്പിച്ചു

ഷിക്കാഗോ: ഗ്രെയ്റ്റര്‍ ടൊറോന്റോയിലെ വിവിധ ഹിന്ദു ക്ഷേത്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കവർച്ചാ പരമ്പര ആശങ്ക ഉളവാക്കുന്നതാണെന്നു മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) പ്രസിഡന്റ് ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു. ആത്മീയ ഉണർവിന്റെ ഊർജ സംഭരണികൾ ആയ ഹൈന്ദവ ക്ഷേത്രങ്ങൾ ലക്ഷ്യം വെച്ച് തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നത് ആധുനിക വികസിത സമൂഹങ്ങളിൽ കേട്ട് കേൾവി ഇല്ലാത്ത കാര്യങ്ങൾ ആണെന്നും ഇതിനെതിരെ വിശ്വാസി സമൂഹം ജാഗരൂകർ ആകണെമന്നും മന്ത്ര ആഹ്വാനം ചെയ്യുന്നു. സനാതന ധർമ്മത്തിനു ലോകമെങ്ങും വളർന്നു വരുന്ന സ്വീകാര്യതയിൽ അസ്വസ്ഥരായ ഏതെങ്കിലും വിഭാഗം ഇത്തരം സംഭവങ്ങൾക്കു പിന്നിലുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നും ശ്രീ ഹരി ശിവരാമൻ ഓർമിപ്പിച്ചു.

കഴിഞ്ഞ ഒരു മാസമായി അര ഡസനോളം ക്ഷേത്രങ്ങളിൽ മോഷണ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വിവിധ ക്ഷേത്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിൽ പൂജാ സാമഗ്രികളും, കാണിയ്ക്ക വഞ്ചിയും നശിപ്പിക്കപ്പെട്ടതുൾപ്പടെ കനത്ത നാശ നഷ്ടം ഉണ്ടായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു . കാണിയ്ക്ക വഞ്ചിയുമായി രക്ഷപ്പെടുന്ന മോഷ്ടാവിന്റെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പീൽ ഡിസ്‌ട്രിക്‌ട് പോലീസ് ഈ ദൃശ്യങ്ങൾ പൊതു മാധ്യമങ്ങളിലും, പൊതു ഇടങ്ങളിലും, പ്രസിദ്ധീകരിയ്ക്കുകയും, ഒപ്പം പ്രതിയെ കണ്ടെത്താൻ പൊതുജന സഹായവും തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ മോഷ്ടാവ് തകർത്ത, മിസ്സിസ്സാഗയിലെ പ്രസിദ്ധമായ ഹിന്ദു ഹെറിറ്റേജ് സെന്റർ, ബ്രാംപ്ടണിലെ മാ ചിന്ത്പൂർണി മന്ദിർ, ശ്രീ ഗൗരി ശങ്കർ മന്ദിർ എന്നിവയിൽ നിന്നായി 25000-ൽ അധികം ഡോളർ കവർച്ച ചെയ്യപ്പെട്ടു. കെട്ടിടത്തിനും, സാമിഗ്രികൾക്കും വരുത്തിയ കേടുപാടുകളുടെ നഷ്ടം കണക്കാക്കി വരുന്നു.

കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ ഭക്തർ വളരെയധികം ആശങ്ക രേഖപ്പെടുത്തി .മന്ത്രയുടെ ഉന്നത അധികാര സമിതി നടത്തിയ പ്രതിക്ഷേധ യോഗത്തിൽ ഇത്തരം സംഭവങ്ങളെ ശക്തമായി അപലപിച്ചു .സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ട അധികാരികളെ അറിയിക്കുവാനും യോഗത്തിൽ തീരുമാനം ആയതായി പ്രസിഡന്റ് ഇലെക്ട് ശ്രീ ജയ് ചന്ദ്രൻ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News