അര്‍ജുന അതിമുത്തുവിന്റെ മോചനം; കുവൈറ്റ് അമീറിന്റെ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി

 


കുവൈറ്റ് സിറ്റി: കുവൈറ്റ് ജയിലില്‍ കഴിയുന്ന അര്‍ജുന അതിമുത്തുവിന്റെ മോചനം ത്വരിതപ്പെടുത്താന്‍ കുവൈറ്റ് കെ.എംസിസി പ്രസിഡന്റും മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും മുന്‍ നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടറുമായ ഷറഫുദ്ദീന്‍ കണ്ണേത്ത് കുവൈറ്റ് അമീറിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബയുമായി കൂടിക്കാഴ്ച നടത്തി. മെഡ്എക്‌സ് മെഡിക്കല്‍ കെയര്‍ ചെയര്‍മാന്‍ ഫാസ് മുഹമ്മദ് അലിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

2013 സെപ്റ്റബര്‍ 21 ന് കുവൈറ്റിലെ ഒരു നിര്‍മാണ കന്പനിയില്‍ തൊഴിലാളികളായിരുന്ന തമിഴ്‌നാട് സ്വദേശി അര്‍ജുന അദിമുത്തുവും മലപ്പുറം ജില്ലയിലെ അബ്ദുല്‍ വാജിദുമായി താമസ സ്ഥലത്ത് വച്ചുണ്ടായ വാക് തര്‍ക്കത്തെ തുടര്‍ന്ന് അബ്ദുള്‍ വാജിദ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് മൂന്ന് വര്‍ഷം കുവൈറ്റ് ജയിലില്‍ വിചാരണ തടവിലായിരുന്ന അര്‍ജുന അദിമുത്തുവിനെ 2016 ല്‍ കുവൈറ്റ് സുപ്രീംകോടതി വധശിക്ഷക്ക് വിധിച്ചു. മരണപ്പെട്ട വ്യക്തിയുടെ കുടുംബം മാപ്പു നല്‍കിയാല്‍ വധശിക്ഷയില്‍ ഇളവ് ലഭിക്കുമെന്നതിനാല്‍ 2017ല്‍ തന്റെ ഭര്‍ത്താവിനെ വധശിക്ഷയില്‍ നിന്നു രക്ഷപ്പെടുത്താന്‍ അദിമുത്തുവിന്റെ ഭാര്യ മാലതി മരണപ്പെട്ട അബ്ദുള്‍ വാജിദിന്റെ കുടുംബവുമായി സംസാരിച്ചിരുന്നു.

30 ലക്ഷം രൂപയാണ് അവര്‍ ദയാധനമായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ അഞ്ച് ലക്ഷം രൂപ മാത്രമാണ് മാലതിക്ക് സംഘടിപ്പിക്കാന്‍ സാധിച്ചത്. നിസഹായയായ മാലതിയും കുടുംബവും പാണക്കാട്ടെത്തി ആദരണീയനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സമീപിച്ചു. തുടര്‍ന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശപ്രകാരം സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സയ്യിദ് മുനവറലി ശിഹാബ് തങ്ങളും ആ ദൗത്യം ഏറ്റെടടുക്കുകയായിരുന്നു. സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ബാക്കി 25 ലക്ഷം രൂപ സ്വരൂപിക്കുകയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ മൊത്തം 30 ലക്ഷം രൂപ മരണപ്പെട്ട അബ്ദുള്‍ വാജിദിന്റെ കുടുംബത്തിനു കൈമാറുകയും ചെയ്തിരുന്നു. അബ്ദുള്‍ വാജിദിന്റെ കുടുംബം അവര്‍ക്ക് മാപ്പ് നല്‍കിയതായി സത്യവാംങ് മൂലം ഒപ്പിട്ട് തങ്ങള്‍ക്ക് കൈമാറി. തുടര്‍ന്ന് തങ്ങളുടെ നിര്‍ദ്ദേശപ്രകാരം മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീനും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയും കൂടി കുവൈറ്റ് ഭരണാധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതിനായി അന്നത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി സൂഷ്മാ സ്വരാജിന് സമര്‍പ്പിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ എംബസി മുഖേന കുവൈറ്റ് അമീരി ദിവാനിന് കൈമാറിയ രേഖകളില്‍മേല്‍ വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.

ഇപ്പോള്‍ പത്ത് വര്‍ഷത്തോളമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന അദ്ദേഹത്തിന്റെ മോചനം സാധ്യമാക്കുന്നതിനു വേണ്ടി ഇന്ത്യന്‍ എംബസിയുമായി കോര്‍ഡിനേറ്റ് ചെയ്തു കൊണ്ട് ദിവന്‍ അമീരിയിലെ അമീറിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബയുമായി ഷറഫുദ്ധീന്‍ കണ്ണേത്ത് ചര്‍ച്ച നടത്തിയത്. അതിമുത്തുവിന്റെ മോചനത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യാമെന്ന് ഷെയ്ഖ് ഫൈസല്‍ ഉറപ്പ് നല്‍കിയതായും ചര്‍ച്ചയുടെ വിശദവിവരങ്ങള്‍ ഇന്ത്യന്‍ അംബസഡര്‍ സിബി ജോര്‍ജിനെ ധരിപ്പിച്ചതായും കണ്ണേത്ത് പറഞ്ഞു.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment