തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊന്നു; തലശേരിയും ന്യുമാഹിയിലും ഹര്‍ത്താല്‍

തലശേരി: തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകനായ മത്സ്യബന്ധന തൊഴിലാളിയെ വെട്ടിക്കൊന്നു. പുന്നോലിലെ കൊരമ്പില്‍ താഴെക്കുനിയില്‍ ഹരിദാസനെ (54)യാണ് കൊലപ്പെടുത്തിയത്. ഒരു കാല്‍ വെട്ടിയെടുത്ത് ഉപക്ഷേിച്ച നിലയിലായിരുന്നു. സംഭവത്തില്‍ തലശേരി, നഗരസഭ, ന്യു മാഹി പഞ്ചായത്തുകളില്‍ സി.പി.എം ഏരിയാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി’. അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. മീന്‍ പിടുത്തം കഴിഞ്ഞ് വീട്ടിലെത്തിയ ഹരിദാസന്‍ മീന്‍ ഭാര്യയുടെ കയ്യില്‍ കൊടുത്ത ശേഷം മുന്‍വശത്തുകൂടി വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് ആക്രമണം. ഞായറാഴ്ച ഉച്ചക്കാണ് ഹരിദാസന്‍ കടലില്‍ പോയത്. മടങ്ങിയെത്തുന്നത് കാത്തിരുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് കരുതുന്നത്.

ആക്രമണ വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ ഹരിദാസിനെ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ശരീരത്തിലുടനീളം ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹം പരിയാരം ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഉച്ചയോടെ തലശേരി പാര്‍ട്ടി ഓഫീസിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്‌കാരം.

പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഹരിദാസും സഹോദരന്മാരുമായി ചില ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതിന്റെ പേരില്‍ ഇരുകൂട്ടരും പോലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഹരിദാസിന് ഭീഷണിയുണ്ടെന്നും പോലീസിനെ അറിയിച്ചിരുന്നു. ഹരിദാസിനും കൂട്ടര്‍ക്കുമെതിരെ ബി.ജെ.പി നേതാക്കളുടെ ഭീഷണിയും പുറത്തുവന്നിട്ടുണ്ട്.

പരേതനായ ഫല്‍ഗുനന്റെയും ചിത്രാംഗിയുടെയും മകനാണ് മരിച്ച ഹരിദാസന്‍. ഭാര്യ: മിനി. മക്കള്‍: ചിന്നു, നന്ദന. മരുമകന്‍ : കലേഷ്. സഹോദരങ്ങള്‍: ഹരീന്ദ്രന്‍, സുരേന്ദ്രന്‍ (ഓട്ടോഡ്രൈവര്‍), സുരേഷ് (സിപി എം പുന്നോല്‍ ഈസ്റ്റ് ബ്രാഞ്ചംഗം), സുജിത, സുചിത്ര.

 

Print Friendly, PDF & Email

Leave a Comment