Flash News

ക്രിസ്തുമസ് രാവില്‍ മറിയവും മിന്നാമിനുങ്ങുകളും (കവിത); ഗ്രേസി ജോര്‍ജ്ജ്

December 19, 2013 , ഗ്രേസി ജോര്‍ജ്ജ്

christmas ravil

തെന്നലില്‍ ചാഞ്ചാടുമിലകള്‍തന്‍ മര്‍മ്മരം
കേട്ടുമയങ്ങീയൊരു മിന്നാമിനുങ്ങവള്‍
പാതി മയക്കത്തില്‍ കണ്‍തുറന്നാ നേരം
തരളിതമാമൊരു കാഴ്ച്ച കണ്ടു.

 

കഴുതപ്പുറത്തെയാ സ്ത്രീയോട് ചേര്‍ന്നൂ-
വഴിനടക്കുന്നൊരു പുരുഷനും മെല്ലവെ.

 

പകലിനെയിരുള്‍ വന്നു മൂടുമീ നേരത്തീ–
തെങ്ങോട്ടാണിവള്‍ തന്‍ യാത്രയെന്ന്
മിന്നാമിനുങ്ങിനു സംശയമായ്.
സംശയം തീര്‍ത്തിടാമെന്നുനിനച്ചങ്ങ്
സ്ത്രീതന്‍ ചാരെ,പറന്നു ചെന്നാലവള്‍ .

 

ഗര്‍ഭിണിയാണിവള്‍, ക്ഷീണിതയുംതന്നെ
യൗസേപ്പിന്‍ വധുവാകും മറിയയല്ലോ.
“എന്താണീ നേരത്തിതെങ്ങോട്ടാണീ യാത്ര
മിന്നാമിനുങ്ങപ്പോള്‍ ചോദിക്കയായ്”

 

ചെറുകീടം തന്നുടെ കുസൃതി കണ്ടന്നേരം
മറിയതന്‍ വദനത്തില്‍ പുഞ്ചിരിയായ്.
സ്നേഹം പുരണ്ടതാം ചോദ്യത്തിനുത്തരം
മറിയതന്‍ ചുണ്ടില്‍നിന്നുതിര്‍ന്നു വീണു.

 

“ഔഗസ്ത്തോസ് സീസര്‍തന്നാജ്ഞ-
യുണ്ടായതാല്‍
പേര്‍വഴി ചാര്‍ത്താനായ് പോയിടുന്നു.
ദാവീദിന്‍ നഗരത്തില്‍ പോയിടുന്നു.”

 

മറിയതന്നുത്തരം കേട്ടോരാവേളയില്‍
മിന്നാമിനുങ്ങും ചിന്തയിലായ്
“ഞാനെന്തു ചെയ്യേണമെന്നോട്ചൊല്‍ക നീ
എന്നാലാവത് ഞാന്‍ ചെയ്തുതരാം.

 

മറുപടിയില്ലെന്ന് കണ്ടൊരാ നേരത്ത്
മറിയയോടായങ്ങ് പതിയെചൊല്ലി
“നീയിതു കണ്ടോളൂ ഞാനെന്താ ചെയ്കെന്ന്‌
അപ്പോള്‍ നിനക്കത് ബോദ്ധ്യമാകും.”

 

ഒരു,ചെറു കീടമായയവള്‍ പാറിപ്പറന്നങ്ങ്
മഞ്ഞിന്‍ മറവിലായ് പോയ്‌ മറഞ്ഞു.

 

നിമിഷങ്ങളേറെക്കടന്നുപോയി
മിന്നാമിനുങ്ങിനെ കാണ്മാനില്ല.
കാണാതെ വന്നതാല്‍ യൗസേപ്പോടവള്‍
സങ്കടം പറഞ്ഞു നടന്നു പിന്നെ.

 

പെട്ടെന്ന്, ചുറ്റിലും നിലാവ് പരന്നപോള്‍
മിന്നിത്തെളിയുന്ന മിന്നാമിനുങ്ങുകള്‍
എണ്ണിയാല്‍ തീരാത്ത കൂട്ടത്തെക്കണ്ടവള്‍
അത്ഭുതം പൂണ്ടങ്ങ് നിന്നുപോയി.

 

തൂക്കു വിളക്കിന്‍ തിരികെടുത്തീയവള്‍
മിന്നും നിലാവില്‍ നടന്നു നീങ്ങി.
കീടമാണെങ്കിലും അവരുടെ ബുദ്ധിയെ
ആമോദത്തോടവള്‍ സ്വീകരിച്ചു.

 

ബേത്‌ലഹേം നഗരിയില്‍ എത്തിയനേരത്ത്
പാതിരാവായി, ദൂരവും ഏറെയായ്‌
ക്ഷീണിതയായ മറിയത്തിനന്നേരം
ഒന്ന്, വിശ്രമിച്ചീടണമെന്നു തോന്നി.

 

മിന്നാമിനുങ്ങുകള്‍ മിന്നിയതില്ലപ്പോള്‍
ഇരുളിനെ മറയാക്കി നിന്നവരും.

 

അഭയം തേടീയവര്‍, മുട്ടീ വിളിച്ചെന്നാല്‍
സത്രത്തില്‍, വാതില്‍ തുറന്നതില്ല.
ഓരോരോ വാതിലില്‍ മുട്ടിവിളിച്ചിട്ടും
ആരുമവരെ കൈക്കൊണ്ടതില്ല.

 

ആണത് പോവട്ടെ, പെണ്ണായ്പ്പിറന്നവള്‍
ഒരുവളുമവളോട്‌ കനിഞ്ഞതില്ല.

 

ഉണ്ണിപിറക്കാനായ് നേരമടുത്തപ്പോള്‍
മറിയമോ വല്ലാതെ തേങ്ങുകയായ്.
ഇരുളിന്‍ മറവിലായ് കാലിത്തൊഴുത്തതില്‍
മറിയയും യൗസേപ്പും വിശ്രമിച്ചു.

 

മിന്നാമിനുങ്ങുകള്‍, തൊഴുത്തിന്നുള്ളിലും
വെളിച്ചം പകര്‍ന്നു നിരന്നിരുന്നു.
പുതുതായെത്തിയ കൂട്ടരെക്കണ്ടപ്പോള്‍
ആടുകള്‍, മാടുകള്‍ ആഹ്ലാദിച്ചു.

 

മഞ്ഞിന്‍ തണുവിലും, വിയര്‍ക്കുമാ-
മറിയത്തിന്‍ നെറ്റിയില്‍
ചെറു, തെന്നലും വന്നങ്ങ് തഴുകിപ്പോയി.
ഉണ്ണിയാമേശു പിറന്നോരാ നേരത്ത്
മറിയതൻ ദുഃഖമെങ്ങൊ മറഞ്ഞു പോയ്.

 

“അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി
ഭൂമിയില്‍, സന്മനസ്സുള്ളവര്‍ക്ക് സമാധാനം”
മാലാഖമാരുടെ സ്തുതിഗീതം കേട്ടപ്പോള്‍
മറിയമോയാനന്ദതുന്ദിലയായ്.

 

ദിവ്യപ്രഭയാല്‍ പുഞ്ചിരിതൂകി
“ഉണ്ണിയാമേശു” ശയിച്ചീടുന്നു.
മിന്നാമിനുങ്ങുകള്‍ ആരവമോടങ്ങ്‌
ഉണ്ണിക്കു ചുറ്റുമായ്, മിന്നി നിന്നു.

 

“ആട്ടിടയരെത്തി, വിദ്വാന്മാരെത്തി
ഞാനുമെന്‍ കൂട്ടരും പോയിടട്ടെ ”
മറിയത്തിന്‍ സമ്മതം കേള്‍ക്കുവാനായങ്ങ്
മിന്നാമിനുങ്ങുകള്‍ കാതോര്‍ക്കയായ്‌
സമ്മതമേകുന്ന നേരത്ത് മറിയമോ
നന്ദിയാല്‍ തേങ്ങിക്കരഞ്ഞു പോയി.

 

3-GracyGeorge(കവിത അല്‍പം ദീര്‍ഘിച്ചു, സദയം ക്ഷമിക്കുക. എല്ലാവര്‍ക്കും ക്രിസ്തുമസ്സിന്‍റെയും, പുതു വത്സരത്തിന്‍റെയും ആശംസകള്‍ ..!)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top