(ജനസമ്പര്‍ക്ക പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഴുതിയ ലേഖനം)
മുപ്പത്തിയൊന്നു വര്‍ഷം നീണ്ട സര്‍ക്കാര്‍ സര്‍വീസില്‍ ഏറ്റവും സംതൃപ്തി തോന്നിയത് ജനസമ്പര്‍ക്ക ദിവസമായിരുന്നു എന്ന് കോട്ടയം കളക്ടറേറ്റിലെ ഉദ്യോഗസ്ഥന് എഴുതിയപ്പോള്‍ അതിശയം തോന്നി. കോട്ടയത്തെ ജനസമ്പര്‍ക്ക പരിപാടി തീര്‍ന്നത് പുലര്‍ച്ചെ നാലിന്. കൂടാതെ കനത്ത മഴയും. ഇടവേളയോ, വിശ്രമമോ ഇല്ലാതെ പതിനാറു മണിക്കൂര്‍ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളുടെ ഇടയില്‍ ചെലവഴിച്ചത് സായുജ്യകരമെന്ന് ഒരു ഉദ്യോഗസ്ഥനു തോന്നിയാല്‍ അത് മാറ്റത്തിന്റെ സൂചനയാണ്.
തിരുവനന്തപുരത്ത് ഒക്ടോബര്‍ 18നു തുടങ്ങി കണ്ണൂരില്‍ ഡിസംബര്‍ 17ന് സമാപിച്ച രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടി ഇത്തരം ധാരാളം മാറ്റങ്ങള്‍ക്കു വേദിയൊരുക്കി. എന്നോടൊപ്പം സഹമന്ത്രിമാരും ജനപ്രതിനിധികളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നടങ്കം ഉണ്ടായിരുന്നു. ഞങ്ങള്‍ക്കെല്ലാം ഒരേയൊരു ലക്ഷ്യമായിരുന്നു. നമ്മുടെ നാടിന്റെയും നാട്ടുകാരുടെയും പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടാകണം. അതും അന്നുതന്നെ, അവിടെ വച്ചുതന്നെ. പതിനായിരങ്ങളുടെ സങ്കടങ്ങള്‍ അലകടല്‍ പോലെ ഇരമ്പിയാര്‍ത്തു വന്നപ്പോള്‍ ഭക്ഷണമോ, വിശ്രമമോ, ഉറക്കമോ ഒന്നും ഞങ്ങള്‍ക്ക് പ്രശ്നമായിരുന്നില്ല. കേരളം കണ്ട വലിയൊരു ജനകീയ കൂട്ടായ്മയായിരുന്നു അത്!
എത്ര സങ്കീര്‍ണമാണ് നാടും നാട്ടുകാരും നേരിടുന്ന പ്രശ്നങ്ങള്‍. എന്തെല്ലാം തരത്തിലാണ് പലരും വേട്ടയാടപ്പെടുന്നത്. ചിലതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍, ഇതൊക്കെ സത്യമാണോ എന്നുപോലും തോന്നിപ്പോകും. മനുഷ്യരുടെ നിസാരതയും നിസഹായതയും ബോധ്യപ്പെടുന്നതോടൊപ്പം, മനുഷ്യസ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ഗാഥകള്‍ എന്നെ അതിശയിപ്പിക്കുകയും ചെയ്തു. അരയ്ക്കു താഴെ തളര്‍ന്നുപോയ അടിമാലി സ്വദേശി ബിനു എന്ന യുവാവിന് വൃദ്ധരായ മാതാപിതാക്കളെയും അസുഖബാധിതനായ സഹോദരനെയും സംരക്ഷിക്കേണ്ടതുണ്ട്. ഒന്നര ലക്ഷം രൂപയുടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി ജപ്തിയിലേക്കു നീങ്ങി. ഒന്നിനു പിറകേ ഒന്നായി പ്രതിസന്ധികള്‍. അപ്പോഴാണ് വിശ്വദീപ്തി പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് പണം സ്വരൂപിച്ച് ബിനുവിനെ ജപ്തിയില്‍ നിന്നു രക്ഷപ്പെടുത്തിയത്. സ്കൂള്‍ വിദ്യാര്‍ത്ഥികളും അധികൃതരും ജനപ്രതിനിധികളും ചേര്‍ന്നാണ് ബിനുവിനെ ഇടുക്കിയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ കൊണ്ടുവന്നത്. അടിമാലി ഫോറസ്റ്റ് സ്റ്റേഷനടുത്ത് ടോയ്ലെറ്റോടു കൂടിയ കടയും അമ്പതിനായിരം രൂപയും അനുവദിക്കുകയും ചെയ്തു. ബിനുവിനെ കൊണ്ടുവന്നതുപോലെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് എത്രയോ ആളുകളെയാണ് ചുമലിലേറ്റിയും സ്ട്രെച്ചറില്‍ എടുത്തും മറ്റും കൊണ്ടുവന്നത്. സഹജീവി സ്നേഹം നിറഞ്ഞൊഴുകി ജനസമ്പര്ക്കവേദികളില്.
ബിടെക്കിനു പഠിക്കുന്ന പത്തനംതിട്ട പുന്നമൂട്ടില്‍ സ്വദേശി അഞ്ജുവിന്റെ അച്ഛന് കാഴ്ചശക്തിയില്ല. അമ്മ രോഗി. സഹോദരി പഠിക്കുന്നു. നാട്ടുകാരാണ് ആദ്യ രണ്ടു വര്‍ഷത്തെ ഫീസ് അടച്ചത്. അഞ്ജുവിനെ സഹായിക്കാന്‍ നാട്ടുകാരോടൊപ്പം ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ലേ? ഇത്തരം ആയിരക്കണക്കിനു പേരാണ് ജനസമ്പര്‍ക്ക വേദിയില്‍ എത്തിയത്. അവര്‍ക്ക് ചില സഹായം നല്‍കുന്നതിനെ ധൂര്‍ത്തെന്നും മറ്റും ആരോപിക്കുന്നവര്‍, ഇത്തരം സാഹചര്യങ്ങളില്‍ക്കൂടി കടന്നുപോകുന്നവരേയും നമ്മളേയും തമ്മില്‍ വേര്‍തിരിക്കുന്നത് നേരിയ അതിര്വരമ്പാണെന്നു മറക്കരുത്.
അച്ഛനും അമ്മയും നഷ്ടപ്പെട്ട കോട്ടയം സ്വദേശികളായ മീര (നഴ്സിംഗ് വിദ്യാര്‍ത്ഥിനി) മനു (ആറാം ക്ലാസ്) എന്നിവരെ സ്നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നു പ്രഖ്യാപിച്ചത് കോട്ടയത്തെ ജനസമ്പര്‍ക്ക വേദിയിലാണ്. അവിടത്തെ ജനസമ്പര്‍ക്ക പരിപാടിക്കു പോകുമ്പോള്‍ പുലര്‍ചെയാണ് ഞാന്‍ ഇവരുടെ വീട്ടില്‍ പോയത്. അപ്പോള്‍ കുട്ടികള്‍ കാന്‍സര്‍രോഗംമൂലം മരിച്ച അമ്മ ആനി ജേക്കബിന്റെ മൃതദേഹത്തിനരികില്‍ ഇരുന്നു കരയുകയായിരുന്നു. ഭാര്യയ്ക്ക് കാന്‍സറാണെന്നറിഞ്ഞ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചത് ഒരു മാസം മുമ്പാണ്. കുട്ടികള്‍ തീര്‍ത്തും അനാഥരായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണകൂടം കല്ലുപോലെ അനങ്ങാതിരിക്കണമെന്നാണോ പറയുന്നത്?
അഞ്ചു സെന്റ് സ്ഥലത്തിന്റെ പട്ടയത്തിന് 32 വര്‍ഷമായി സര്‍ക്കാര്‍ ഓഫീസ് കയറിയിറങ്ങുകയായിരുന്നു കാസര്‍കോട് കുമ്പള സ്വദേശിനി ശാരദയെന്ന അമ്പത്തിരണ്ടുകാരി. പട്ടയത്തിനായുള്ള നീണ്ട ഓട്ടത്തിനിടയില്‍ മഴയും കാലപ്പഴക്കവുംമൂലം ശാരദയുടെ വീട് നിലംപൊത്തി. തുടര്‍ന്ന് മൂന്നു കുട്ടികളേയും കൂട്ടി തൊട്ടടുത്തുള്ള കതകും ജനലുമില്ലാത്ത വീട്ടില്‍ താമസം ആരംഭിച്ചു. ശാരദ പട്ടയത്തിന് അര്‍ഹയാണെന്ന് 2011 തഹസീല്‍ദാര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും പട്ടയം കിട്ടാതെ വന്നപ്പോഴാണ് ശാരദ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയത്. ഇരുപതാം ദിവസം അവര്‍ക്ക് പട്ടയം ലഭിച്ചു. ഇതുപോലെ ധാരാളം സംഭവങ്ങളില്‍ ഇടപെടേണ്ടി വന്നു. ഇതാണ്, തഹസീല്‍ദാരും വില്ലേജ് ഓഫീസറും ചെയ്യേണ്ട പണി മുഖ്യമന്ത്രി ചെയ്യുകയാണെന്ന് ചിലര്‍ ആക്ഷേപിക്കുന്നത്. കഷ്ടപ്പെടുന്ന ഒരാളെ സഹായിക്കാന്‍ എന്തിനാണീ തട്ടുകളും തസ്തികളുമെന്ന് എനിക്കു മനസിലാകുന്നില്ല.
ചില കേസുകളില്‍ ആരു നോക്കിയാലും നടക്കില്ലെന്ന് അറിയാതെയാണ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നത്. കാരണം, നിയമങ്ങളും ചട്ടങ്ങളും വഴിമുടക്കി നില്‍ക്കുകയാണ്. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്നു ലഭിച്ച അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 45 ഉത്തരവുകള്‍ പുറപ്പെടുവിച്ചു. കാലഹരണപ്പെട്ട പലതും ഉപേക്ഷിച്ചു. ചിലതിനെ കാലോചിതമാക്കി. ആണ്മക്കളുള്ള മാതാപിക്കള്ക്കുകൂടി വാര്‍ധക്യകാല/ വിധവാ പെന്ഷന് ബാധകമാക്കിയത് ഒരു ഉദാഹരണം. ബിപിഎല്‍ പട്ടിക വിപുലപ്പെടുത്തിയതാണ് മറ്റൊരു നടപടി. സൗജന്യ ചികിത്സയ്ക്ക് അര്‍ഹത നേടും എന്നതാണ് ബിപിഎല്‍ ആകുന്നതുകൊണ്ടുള്ള വലിയ പ്രയോജനം. ജനസമ്പര്‍ക്ക പരിപാടിയുടെ ഏറ്റവും വലിയ നേട്ടം ഈ പുതുക്കിയ ഉത്തരവുകളാണ്. അതു കേരളത്തെ ഒരുപടികൂടി കാലോചിതമാക്കി.
രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്നും ലഭിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകും. ചിലതിന് തുടക്കമിട്ടു കഴിഞ്ഞു. വികലാംഗ പെന്‍ഷന്റെ വരുമാന പരിധി വര്‍ധിപ്പിക്കുമെന്ന് തൃശൂര്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ ഞാന്‍ പ്രഖ്യാപിച്ചു. ക്ഷേമപെന്‍ഷനുകള്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ ഗ്രാമസഭകളെ ചുമതലപ്പെടുത്തണമെന്നുണ്ട്. ഗ്രാമസഭകളെ അത് ഊര്‍ജസ്വലമാക്കുകയും ധാരാളം പേര്‍ക്ക് ക്ഷേമപെന്ഷന് ലഭിക്കുകയും ചെയ്യും.
പ്രാദേശിക തലത്തിലുള്ള നിരവധി വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയും അവയ്ക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്തു. പൈപ്പിടാന്‍ വേണ്ടി റോഡുകള്‍ കുഴിച്ച് കണ്ണൂര്‍ നഗരത്തിലെ ഗതാഗതം ദുഷ്കരമായിട്ട് മാസങ്ങളായിരുന്നു. ജനസമ്പര്‍ക്ക വേദിയില്‍ ഇതു സംബന്ധിച്ച് സ്ഥലം എംപി ഉള്‍പ്പെയുള്ളവരുടെ പരാതി ലഭിക്കുകയും തൊട്ടടുത്ത ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അഞ്ചു കോടി രൂപ കണ്ണൂര്‍ മുനിസിപ്പാലിറ്റിക്ക് അനുവദിക്കുകയും ചെയ്തു. പുതുക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ പട്ടയവിതരണം ഡിസം.28നു തുടങ്ങുമെന്ന് തൊടുപുഴിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രഖ്യാപിച്ചു. വയനാടിനു നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു. മിക്ക ജില്ലകളുടെയും നീറുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
സഹജീവി സ്നേഹത്തിന്റെയും കരുതലിന്റെയും മനോഹരമായ ദൃശ്യങ്ങള്‍ക്കും ജനസമ്പര്ക്കവേദികള് സാക്ഷ്യം വഹിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, എന്‍സിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്, റെഡ്ക്രോസ് തുടങ്ങിയവരുടെ സേവനസന്നദ്ധതയും അര്‍പണ മനോഭാവവും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. പരാതിക്കാരെ കൊണ്ടുവരാനും അവരോട് സഹിഷ്ണുതയോടെ പെരുമാറാനും അവശരായവരെ ശുശ്രൂഷിക്കാനും മറ്റും കുട്ടികള്‍ കാട്ടിയ ജാഗ്രത പുതിയ തലമുറയില്‍ നമുക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ്. ഇവര്‍ ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ അഹോരാത്രം അധ്വാനിച്ചതുകൊണ്ടാണ് ജനസമ്പര്‍ക്കം വലിയൊരു വിജയമായത്.
ജനസമ്പര്‍ക്ക പരിപാടി ഇടതുപക്ഷം ബഹിഷ്കരിച്ചത് അവരുടെ രാഷ്ട്രീയം. എങ്കിലും ഞാന്‍ പറയും, അവര്‍ ആ പരിപാടിയില്‍ പങ്കെടുക്കണമായിരുന്നുവെന്ന്. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളെ തൊട്ടടുത്തുനിന്ന് കാണാനും അറിയാനുമുള്ള അവസരമാണ് അവര്‍ക്ക് നഷ്ടമായത്. വീല്‍ചെയറിലും മുച്ചക്രവാഹനങ്ങളിലും ആംബുലന്‍സിലും ഇഴഞ്ഞും കിതച്ചുമൊക്കെയാണ് ഉപരോധത്തെ മറികടന്ന് ജനം എത്തിയത്. ഉപരോധംമൂലം അവര്‍ക്ക് ഊടുവഴികള്‍ കയറേണ്ടിവന്നു. ചിലര്‍ ഒരുപാട് ചുറ്റിക്കറങ്ങി. ജീവതസമരത്തേക്കാള് വലിയ സമരമില്ലെന്ന് ഇനിയെങ്കിലും പൊതുപ്രവര്‍ത്തകരായ നാമെല്ലാം മനസിലാക്കിയില്ലെങ്കില്‍ ജനം കൂടുതല്‍ പ്രതികരിക്കും. എല്ലാവരും ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കണമെന്നാണ് എന്റെ ആഗ്രഹം. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരണെന്ന് അപ്പോള്‍ ബോധ്യമാകും. നമുക്കു കിട്ടിയ സൗഭാഗ്യങ്ങളുടെ ഒരംശം മറ്റുള്ളവരുമായി പങ്കിടണമെന്നു തോന്നുകയും ചെയ്യും.
ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അകലം കുറയുമ്പോള്‍ മാത്രമാണ് ജനങ്ങള്‍ ഭരണകൂടത്തെ വിശ്വസിക്കുന്നത്. ജനസമ്പര്‍ക്കത്തിലൂടെ സര്‍ക്കാരിനെ ജനമധ്യത്തിലേക്കു കൊണ്ടുപോകാന്‍ സാധിച്ചു. ജില്ലകളിലെ മുഴുവന്‍ ഉദ്യോഗസ്ഥരും രാവിലെ മുതല്‍ പരിപാടി അവസാനിച്ച അടുത്ത ദിവസം പുലര്‍ചെ വരെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ജനങ്ങളുടെ സങ്കീര്‍ണമായ പ്രശ്നങ്ങളുടെ കുരുക്കുകള്‍ അഴിക്കാന്‍ അവര്‍ ജാഗരൂകരായി നിലകൊണ്ടു. ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ് സര്‍ക്കാര്‍ എന്ന് തെളിയിച്ചു. ജനാധിപത്യത്തിന്റെ കരുത്താണിത്. ജനാധിപത്യത്തിന്റെ വിജയമാണിത്.
ജനസമ്പര്‍ക്ക പരിപാടികൊണ്ട് ഒരുപാട് പേര്‍ക്ക് കിട്ടിയതിനേക്കാള്‍ കുടുതല്‍ പ്രയോജനം എനിക്കാണു കിട്ടിയത്. നമ്മുടെ നാടിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരെ എനിക്കു വീണ്ടും മുഖാമുഖം കാണാന്‍ സാധിച്ചു. ഇങ്ങനെയൊരു പരിപാടി ഇല്ലായിരുന്നെങ്കില്‍ എനിക്ക് അവരെയോ, അവര്‍ക്ക് എന്നെയോ കാണുവാന്‍ സാധിക്കുമായിരുന്നില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ അവിടെവരെ എത്താത്തതിന്റെ കാരണങ്ങള്‍ കണ്ടെത്തി. ഒരുപാട് മാറ്റങ്ങള്‍ക്ക് നാട് കാത്തിരിക്കുകയാണ്. ഞാനൊരു വിദ്യാര്‍ത്ഥിയും ജനങ്ങള്‍ എന്റെ പുസ്തകവുമായി. ജനസമ്പര്‍ക്കം ഒരു പരിപാടിയല്ല; എന്റെ ദൗത്യമാണ്. ഒരു ദൗത്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഞാന്‍ എന്നെത്തന്നെ മറക്കും. വിശപ്പോ, ദാഹമോ, ക്ഷീണമോ ഞാന്‍ അറിയുന്നില്ല. നിസഹായരായ കുറെ മനുഷ്യരും അവര്‍ ചുമലിലേറ്റി വന്ന വലിയ ഭാരവും മാത്രമേ ഞാന്‍ കാണുന്നുള്ളു. ആ ഭാരം എന്റെ ഭാരമായും ഞാന്‍ അവരിലൊരാളുമായും അറിയാതെ മാറുകയാണ്.
ജനസമ്പര്‍ക്ക പരിപാടികൊണ്ട് ഒരുപാട് കുരുക്കുകള്‍ അഴിക്കപ്പെട്ടു. സങ്കീര്‍ണതകള്‍ക്കു പരിഹാരമായി. ചിലര്‍ക്ക് ജീവിതം തിരിച്ചുകിട്ടി. ചില പച്ചത്തുരുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. ജന്മനാ കാലുകള്‍ക്ക് സ്വാധീനമില്ലാത്ത ആലപ്പുഴ കലവൂര്‍ തെക്കേപാലയ്ക്കല്‍ തരുണ്പോള് വടികുത്തി നടന്ന് ഏറെ കഷ്ടപ്പെട്ടാണ് സ്കൂളില്‍ പോകുന്നത്. ഒരു മുച്ചക്ര വാഹനം അനുവദിച്ചപ്പോള്‍, തരുണ്‍ ആദ്യം വിതുമ്പി. പിന്നെ ചിരിച്ചു. പൂനിലാവിന്റെ ചന്തമുണ്ടായിരുന്നു ആ ചിരിക്ക്!
ഈയൊരു പുഞ്ചിരിയാണ് ഒരു സര്‍ക്കാരിനു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം. യുഎന്‍ അവാര്‍ഡിനേക്കാള്‍ ഞാന്‍ വിലമതിക്കുന്നത് അതിനെയാണ്. ഒരു ചെറുപുഞ്ചിരി, ഒരിറ്റ് ആനന്ദബാഷ്പം, ഒരു കൂപ്പുകൈ, ഒരു നോട്ടം… ഇത്തരം ആയിരക്കണക്കിന് അനുഭവങ്ങള്‍ ജനസമ്പര്ക്കവേദിയിലുണ്ടായി. നന്മയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ചെറുതിരികള്‍ എല്ലാ ജനസമ്പര്‍ക്ക വേദികളിലും പ്രകാശം ചൊരിഞ്ഞു. അതു കേരളത്തെ കൂടുതല്‍ പ്രകാശപൂരിതമാക്കിയെന്നു ഞാന്‍ വിശ്വസിക്കുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply