Flash News

പാചകവാതക വില കുറക്കില്ല – മൊയ്‌ലി

January 3, 2014 , സ്വന്തം ലേഖകന്‍

VEERAPPA_MOILY_1484732fന്യൂഡല്‍ഹി: വിപണിവിലക്ക് വീടുകള്‍ക്കും വാണിജ്യാവശ്യത്തിനും നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ വിലവര്‍ധന പിന്‍വലിക്കില്ലന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്‍റണി, വയലാര്‍ രവി, കെ.വി. തോമസ് എന്നിവര്‍ വില കുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി അത് നിരസിക്കുകയായിരുന്നു.

സബ്സിഡി നിരക്കില്‍ പ്രതിവര്‍ഷം നല്‍കുന്ന ഒമ്പതു സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിപണിവില 230 രൂപ വര്‍ധിപ്പിച്ചതോടെ ഇപ്പോള്‍ 1293.50 രൂപയാണ്. വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറിന് 386 രൂപ കൂട്ടിയതോടെ 2184.50 രൂപയാണ്.

ആധാര്‍ നമ്പര്‍ നല്‍കി സബ്സിഡി സിലിണ്ടര്‍ വാങ്ങുന്നവര്‍ക്കെല്ലാം കുറഞ്ഞ നിരക്ക് ലഭ്യമാകുമെന്ന് വീരപ്പമൊയ്ലി കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരോട് വിശദീകരിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ മുഖേന ഗ്യാസ് സബ്സിഡി നല്‍കുന്ന രീതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന് രണ്ടു മാസത്തെ സാവകാശം അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ടെന്നും മൊയ്ലി പറഞ്ഞു.

കേരളത്തിന്റെ സാഹചര്യം പ്രത്യേകമായി പരിഗണിക്കണമെന്നാണ് മൂന്നു കേന്ദ്രമന്ത്രിമാരും പെട്രോളിയം മന്ത്രിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, കേരളത്തിന് മാത്രമായി പ്രത്യേക ഇളവുകള്‍ നല്‍കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് മൊയ്ലി പറഞ്ഞു.

ഗ്യാസ് കണക്ഷനുള്ളവരില്‍ 90 ശതമാനവും ആധാര്‍ നമ്പര്‍ ഏജന്‍സികള്‍ വഴി എണ്ണക്കമ്പനികളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഈ ഉപഭോക്താക്കളില്‍ 60 ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് ആധാര്‍ നമ്പര്‍ ബാങ്കിന് നല്‍കിയിട്ടുള്ളത്. ആധാര്‍ നമ്പര്‍ ബാങ്കില്‍ കൊടുത്ത് രേഖകളില്‍ ഉള്‍പ്പെടുത്തുന്നതിന് മറ്റുള്ളവര്‍ക്ക് സാവകാശമെന്ന നിലയിലാണ് രണ്ടുമാസം കൂടി അനുവദിക്കുന്നത്. ഇതിന്റെ സാങ്കേതിക നടപടിക്രമം പൂര്‍ത്തിയാക്കാന്‍ രണ്ടുദിവസം കൂടി വേണമെന്നും മന്ത്രി പറഞ്ഞു.

സബ്സിഡി സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം ഒമ്പതില്‍നിന്ന് 12 ആയി ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെക്കണ്ട് ആവശ്യപ്പെട്ടതായി ഭക്ഷ്യമന്ത്രി കെ.വി. തോമസ് വാര്‍ത്താലേഖകരെ അറിയിച്ചു. ഗ്യാസ് സബ്സിഡി ബാങ്ക് അക്കൗണ്ട് വഴി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി വിലക്കിയിട്ടില്ലന്നാണ് പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി കൂടിക്കാഴ്ചയില്‍ വിശദീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top