Flash News

നടി ആശാ ശരത്തിനെതിരെയുള്ള കേസ് നിലനില്‍ക്കുന്നതല്ലെന്ന് പോലിസ്

January 3, 2014 , Moideen Puthenchira

img2540_3039

സീരിയല്‍-സിനിമ താരം ആശാശരത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ചന്തേര പോലീസ് എഴുതിത്തള്ളുന്നു. ആശക്കെതിരെ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കേസ് എഴുതിത്തള്ളാനുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

തൃക്കരിപ്പൂര്‍ എടച്ചാക്കൈ സ്വദേശിനിയായ ഷറഫുന്നീസയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആശാശരത്തിനും നീലേശ്വരത്തെ സീന ഡി നായര്‍, റോബിന്‍ വെള്ളിക്കോത്ത് എന്നിവര്‍ക്കെതിരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി നിര്‍ദ്ദേശപ്രകാരം ചന്തേര പോലീസ് കേസെടുത്തത്.

ഷറഫുന്നീസയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് ആശ മുന്‍കൂറായി സ്വര്‍ണ്ണാഭരണങ്ങളും വിലപിടിപ്പുള്ള മൊബൈല്‍ഫോണുകളും കൈപ്പറ്റുകയും പിന്നീട് ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി വിശ്വാസവഞ്ചന കാണിക്കുകയും ചെയ്തുവെന്നാണ് കേസ്.

ഉദ്ഘാടനത്തിന് ആശയെ തരപ്പെടുത്തി നല്‍കാമെന്ന് ഷറഫുന്നീസക്ക് വാഗ്ദാനം നല്‍കിയത് സീനയും റോബിനുമാണെന്നും അതുകൊണ്ടുതന്നെ തട്ടിപ്പില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ആശയുടെ മൊബൈല്‍ നമ്പറില്‍ ഷറഫുന്നീസ ബന്ധപ്പെട്ട് ഉദ്ഘാടന തീയ്യതി നിശ്ചയിക്കുകയും നടിയെ നേരില്‍ കണ്ട് മുക്കാല്‍പവന്‍ തൂക്കംവരുന്ന സ്വര്‍ണ്ണമോതിരവും 35,000 രൂപ വിലവരുന്ന മൊബൈല്‍ഫോണും ഒന്നരപ്പവന്‍ തൂക്കം വരുന്ന നെക്ലൈസും നല്‍കുകയും ചെയ്തുവെങ്കിലും ഉദ്ഘാടനത്തിന് വരാതെ ആശ വിശ്വാസവഞ്ചന കാണിച്ചുവെന്നാണ് കോടതിയില്‍ നല്‍കിയ പരാതിയില്‍ വിശദീകരിച്ചിരുന്നത്.

2013 നവംബര്‍ 26നാണ് ആശാശരത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ ചന്തേര പോലീസില്‍ നിര്‍ദ്ദേശം നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷറഫുന്നീസയുടെ പരാതിയില്‍ വാസ്തവമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ചന്തേര പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ ചന്ദ്രഭാനുവിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.

പോലീസ് പെരുമ്പാവൂരിലെ വീട്ടിലെത്തി ആശാശരത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. തന്റെ സീരിയലുകള്‍ കണ്ട് ഇഷ്ടപ്പെട്ട ഷറഫുന്നീസ തനിക്ക് സമ്മാനമായാണ് സ്വര്‍ണ്ണാഭരണങ്ങളും മൊബൈലും തന്നതെന്നും സ്ഥാപനം ഉദ്ഘാടനം ചെയ്യാമെന്ന് താന്‍ വാക്ക് നല്‍കിയിരുന്നില്ലെന്നും നടി പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷറഫുന്നീസയുടെ പേരില്‍ സ്ഥാപനങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും ആശക്കെതിരായ കേസ് എഴുതി തള്ളുന്നതായുള്ള റിപ്പോര്‍ട്ട് കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top