Flash News

പ്രവാസി പുരസ്കാരം വ്യവസായികള്‍ക്ക് തീറെഴുതുന്നതില്‍ പ്രതിഷേധം

January 10, 2014 , സ്വന്തം ലേഖകന്‍

Pravasi-Bharatiya-Samman-awards-300x214ന്യൂദല്‍ഹി: പ്രവാസി പുരസ്കാരം വ്യവസായികള്‍ക്കും മറ്റും മാത്രമാക്കുന്നതില്‍ പ്രവാസി ഭാരതീയ ദിവസില്‍ വന്‍ പ്രതിഷേധം. നിസ്വാര്‍ഥരായ സാമൂഹിക പ്രവര്‍ത്തകരെയും അവാര്‍ഡിന് പരിഗണിക്കണമെന്ന് പ്രവാസികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കേരള സെഷനില്‍ ചോദ്യമുന്നയിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗള്‍ഫ് പ്രവാസികള്‍ ഹാളിനു പുറത്ത് പ്രതിഷേധിച്ചു. ഇതേതുടര്‍ന്നാണ് ഗള്‍ഫ് സെഷനില്‍ പ്രവാസികള്‍ക്ക് സംസാരിക്കാന്‍ കൂടുതല്‍ അവസരം നല്‍കിയത്. ഈ സമയത്താണ് പ്രവാസി പുരസ്കാരത്തിനെതിരെ പ്രവാസികള്‍ പ്രതിഷേധിച്ചത്. നിലവില്‍ സാധാരണ പ്രവാസി സമൂഹവുമായി ഒരു ബന്ധവുമില്ലാത്ത വന്‍ വ്യവസായികള്‍ക്കും സമ്പന്നര്‍ക്കുമാണ് മന്ത്രാലയം പുരസ്കാരം നല്‍കുന്നതെന്ന് ചില പ്രവാസികള്‍ ചൂണ്ടിക്കാട്ടി. ഇതുവരെ പുരസ്കാരം നേടിയവരില്‍ നല്ലൊരു ശതമാനവും ഇത്തരക്കാരാണ്. ഇവര്‍ക്ക് പ്രവാസി സമൂഹത്തിലെ സാധാരണക്കാരുമായി ഒരു ബന്ധവുമില്ല. അതേസമയം, സാധാരണ പ്രവാസികളുടെ ക്ഷേമത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും വ്യക്തികളും ഗള്‍ഫിലടക്കമുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

നിതാഖാതിനുശേഷവും നിരവധി പേര്‍ ശരിയായ രേഖകളില്ലാതെ സൗദിയില്‍ വന്ന് കുടുങ്ങുന്നുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ചിലര്‍ പറഞ്ഞു.
മൂന്നുദിവസം നീണ്ട പ്രവാസി ഭാരതീയ ദിവസ് -2014 സമാപിച്ചു. സമാപന സമ്മേളനം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിനര്‍ഹരായ നാല് മലയാളികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് രാഷ്ട്രപതി പുരസ്കാരം സമ്മാനിച്ചു. സൗദി അറേബ്യയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട്, യു.എ.ഇയിലെ ആശുപത്രി ശൃംഖല നടത്തുന്ന ഡോ. ഷംസീര്‍ വയലില്‍ പറമ്പത്ത്, ബഹ്റൈനിലെ പ്രമുഖ വ്യവസായി വര്‍ഗീസ് കുര്യന്‍, ഫൊക്കാന മുന്‍ പ്രസിഡന്‍റ് പാര്‍ഥസാരഥി പിള്ള എന്നിവരാണ് അവാര്‍ഡിനര്‍ഹരായ മലയാളികള്‍. പുരസ്കാരം ലഭിച്ചവരില്‍ മഹാത്മാഗാന്ധിയുടെ പൗത്രി ഇളാ ഗാന്ധിയുമുണ്ട്.

രാജ്യത്തിന്റെ പുരോഗതിക്ക് പ്രവാസികള്‍ വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധ ചെലുത്തണമെന്ന് രാഷ്ട്രപതി പറഞ്ഞു. വിദേശ സര്‍വകലാശാലകളുടെ സഹായത്തോടെ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ കഴിയും.

600ഓളം സര്‍വകലാശാലകളുള്ള ഇന്ത്യയില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് ആഗോളനിലവാരമുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരാന്‍ പ്രവാസി സമൂഹത്തിന് കഴിയും. പ്രവാസി നിക്ഷേപം ഇന്ത്യന്‍ യുവാക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ സഹായകമാകും. അതിനാല്‍ പ്രവാസികള്‍ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന് മുന്‍ഗണന നല്‍കണമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സമാപനദിവസം നടന്ന വിവിധ സെഷനുകളില്‍ നടന്‍ കമല്‍ഹാസന്‍, മന്ത്രി ജയ്പാല്‍ റെഡ്ഡി, ടി.പി. ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 50ഓളം രാജ്യങ്ങളില്‍നിന്നായി 1000ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top