ന്യൂയോര്‍ക്ക് : ഹൃസ്വ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ സീറോ മലബാര്‍ സഭാ കൂരിയ ബിഷപ്പും പുതിയ മെല്‍ബണ്‍ രൂപതയുടെ നിയുക്ത പിതാവുമായ മാര്‍ ബോസ്കോ പുത്തൂരിന് ജനുവരി പതിനാലാം തീയ്യതി ബുധനാഴ്ച ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി. ബ്രോങ്ക്സ് സീറോ മലബാര്‍ ഇടവക വികാരി ഫാ. ജോസ് കണ്ടത്തികുടിയുടെ നേതൃത്വത്തിലാണ് പിതാവിനെ സ്വീകരിച്ചത്. മാര്‍ പുത്തൂരിന്റെ പ്രഥമ അമേരിക്കന്‍ സന്ദര്‍ശനമാണിത്.
ന്യൂയോര്‍ക്കില്‍ നിന്നും വെര്ജീനിയയിലേക്കു പോകുന്ന മാര്‍ ബോസ്കോ പുത്തൂര്‍ അവിടെ സെന്റ് ജൂഡ് മലബാര്‍ മിഷനില്‍, “പ്രൊ ലൈഫ് അമേരിക്ക” യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന “ഫോര്‍ ലൈഫ്” കൂട്ടായ്മയില്‍(വീവോ 14) പങ്കെടുത്ത് യുവജനങ്ങളെ അഭിസംബോധന ചെയ്യും.
18-ആം തീയ്യതി ന്യൂയോര്‍ക്കില്‍ തിരിച്ചെത്തുന്ന മാര്‍ ബോസ്കോ പുത്തൂരിന് ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍ ഊഷ്മള സ്വീകരണം നല്‍കും. ഫാ. ജോസ് കണ്ടത്തികുടിയുടെ നേതൃത്വത്തില്‍ ഇടവകയില്‍ നടന്നു വരുന്ന ബൈബിള്‍ പഠനക്ലാസുകള്‍ മാര്‍ പുത്തൂര്‍ ശനിയാഴ്ച്ച സന്ദര്‍ശിക്കും. 100 മാസങ്ങള്‍ പിന്നീട്ട് 100 അദ്ധ്യായങ്ങള്‍ ഹൃദ്യസ്ഥമാക്കിയ വൈറ്റ് പ്ലൈയിന്സ്(സെന്റ് ജോണ്‍സ്) വാര്‍ഡിലെ 101-ആം ബൈബിള്‍ ക്ലാസ് മാര്‍ പുത്തൂര്‍ ഉദ്ഘാടനം ചെയ്യും. അതോടൊപ്പം മെത്രാനായതിന്റെ നാലാം വാര്‍ഷികം ഈ മാസം ആഘോഷിക്കുന്ന പിതാവിനെ തദവസരത്തില്‍ ആദരിക്കും.
19-ആം തീയ്യതി ഞായറാഴ്ച ബ്രോങ്ക്സ് ദേവാലയത്തില്‍ മാര്‍ പുത്തൂരിന് സ്വീകരണം നല്‍കും. അന്നേദിവസം രാവിലെ 10.30 ന് നടക്കുന്ന വി. സെബസ്ത്യാനോസിന്റെ അമ്പുതിരുന്നാളില് മാര്‍ പുത്തൂര്‍ മുഖ്യ കാര്‍മ്മികനായിരിക്കും. വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ സഹകാര്മ്മികരും ആയിരിക്കും. തിരുകര്‍മ്മങ്ങള്‍ക്കുശേഷം നടക്കുന്ന അനുമോദന ചടങ്ങില്‍ ഇടവകയുടെ ഉപഹാരം പിതാവിന് സമ്മാനിക്കുന്നതായിരിക്കും.
20-ആം തീയ്യതി തിങ്കളാഴ്ച കാലിഫോര്ണിയയിലേക്കു പോകുന്ന മാര്‍ ബോസ്കോ പുത്തൂര്‍, അവിടെ നടക്കുന്ന അമ്പതു രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരുടെ കോണ്ഫ്രന്സില് പങ്കെടുക്കും.
സീറോ മലബാര്‍ സഭയ്ക്ക് പുതിയതായി നല്കിയ മെല്‍ബണ്‍ രൂപതയുടെ നിയുക്ത ബിഷപ്പായ മാര്‍ പുത്തൂരിന്റെ ഔദ്യോഗിക സ്ഥാനാരോഹണം മാര്‍ച്ച് 25-ആം തീയ്യതി മെല്‍ബണില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സ്ഥാനാരോഹണ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply