Flash News

സുനന്ദ പുഷ്‌ക്കറുടെ മരണം ശശി തരൂരിന്റെ രാഷ്ട്രീയ ഭാവിക്ക് മേല്‍ കരിനിഴല്‍ വീഴ്‌ത്തുമെന്ന് സൂചന

January 17, 2014 , സ്വന്തം ലേഖകന്‍

th_Know_Sunanda_Pu6706

തിരുവനന്തപുരം: കേന്ദ്രമന്ത്രി ശശി തരൂരും ഭാര്യ സുനന്ദയും ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇരുവരും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചിരുന്നു.  തലസ്ഥാന നഗരിയിലെ ഒരു പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സുനന്ദ വൈദ്യപരിശോധനയ്ക്ക് വിധേയയായി എന്നും വാര്‍ത്തയുണ്ട്. അതേസമയം വാര്‍ത്തയോട് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. ടിബി രോഗിയായിരുന്നു സുനന്ദ എന്നും, വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

രണ്ട് ദിവസം മുന്‍പുണ്ടായ ട്വിറ്റര്‍ വിവാദങ്ങളും തുടര്‍ന്നുള്ള സുനന്ദയുടെ മരണവും ശശി തരൂരിന്റെ മണ്ഡലമായ തിരുവനന്തപുരത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിട്ടില്ല. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എ.ഐ.സി.സി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലാണ്. സുനന്ദയുടെ മരണവാര്‍ത്ത പുറത്തുവന്നയുടനെ നഗരമദ്ധ്യത്തിലുള്ള തരൂരിന്റെ ഓഫീസിനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഏറെയാണ്. എന്തുകൊണ്ടാണ് ഇരുവരും ഹോട്ടലില്‍ താമസിക്കാനെത്തിയതെന്ന ചോദ്യത്തിന് വീടിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണെന്നാണ് വിശദീകരണം. മരിച്ച ദിവസം വൈകിട്ട് മൂന്ന് മണിയോടെ സുനന്ദയെ ഹോട്ടല്‍ ലോബിയില്‍ കണ്ടവരുണ്ട്. എ.ഐ.സി.സി. യോഗം കഴിഞ്ഞ് രാത്രി എട്ട് മണിയോടെ തിരിച്ചെത്തിയ തരൂരാണ് സുനന്ദ മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്.

എന്നാല്‍ വൈകിട്ട് ഏഴുമണിയോടെ ചില ജീവനക്കാര്‍ ഹോട്ടല്‍ മാനേജ്‌മെന്റിന് മരണം സംബന്ധിച്ച് സൂചനകള്‍ നല്‍കിയതായും റിപോര്‍ട്ടുണ്ട്. സുനന്ദയുടേത് ആത്മഹത്യയാണെന്നാണ് തരൂരിന്റെ പേഴ്‌സണല്‍ സെക്രട്ടറി അഭിനവ് കുമാര്‍ പറയുന്നത്. * അന്വേഷണത്തിന് ഉത്തരവിട്ടു. വസന്ത് വിഹാര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഏതായാലും ശാസ്‌ത്രീയപരമായ അന്വേഷണം നടത്തുമെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണം വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ശശി തരൂരിന്റെ രാഷ്ട്രീയ ഭാവിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നാണ് സൂചന. ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടേയും വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ തുടങ്ങിയത്. പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാര്‍ തന്റെ ഭര്‍ത്താവിനെ പിന്തുടരുകയാണെന്ന സുനന്ദയുടെ ആരോപണം ബുധനാഴ്ചയാണ് മാധ്യമങ്ങള്‍ റിപോര്‍ട്ടുചെയ്തത്. ഇതോടെ തരൂര്‍ ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നും സുനന്ദ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെടുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വ്യാഴാഴ്ചയോടെ സ്ഥിതിഗതികള്‍ ശാന്തമായി. തങ്ങളുടെ വിവാഹജീവിതം സന്തോഷകരമാണെന്ന് ദമ്പതികള്‍ കൂട്ടായി പ്രസ്താവനയിറക്കി. തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ തരൂരിനെ ലക്ഷ്യമിട്ട് ചിലര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് സുനന്ദ പറഞ്ഞു.

എന്നാല്‍ സുനന്ദയുടെ വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് അവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്. തരൂരില്‍ നിന്നും സുനന്ദ വിവാഹമോചനം ആവശ്യപ്പെടാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ തരൂരിന്റെ രാഷ്ട്രീയ ഭാവി അവതാളത്തിലാക്കേണ്ടെന്നു കരുതി ബന്ധം കുറച്ചുകാലം കൂടി മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സുനന്ദ പുഷ്‌കറും ശശി തരൂരും വിവാഹിതരായത്. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ദാമ്പത്യ ബന്ധം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന തരത്തില്‍ സുനന്ദ ചില സൂചനകള്‍ നല്‍കിയിരുന്നു. ട്വിറ്ററിലൂടെയുള്ള ട്വീറ്റുകള്‍ അവരുടെ ദാമ്പത്യ രഹസ്യങ്ങള്‍ ഒരു പരിധി വരെ വെളിപ്പെടുത്തിയിരുന്നു.

തരൂരുമായുള്ള വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലേയ്ക്ക് നീങ്ങിയതോടെ സുനന്ദ ദുബൈയിലേയ്ക്ക് മടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. തരൂരിനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് ദുബൈ ആസ്ഥാനമായ ടീംകോം കമ്പനിയുടെ ഡയറക്ടറായിരുന്നു സുനന്ദ. 2009ല്‍ തിരുവനന്തപുരത്തുനിന്ന് മല്‍സരിച്ചാണ് മുന്‍ യുഎന്‍ നയതന്ത്രജ്ഞനായിരുന്ന ശശി തരൂര്‍ ലോക്‌സഭയിലെത്തുന്നത്. തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം വന്‍ വിവാദവുമായിരുന്നു. മലയാളം നന്നായി സംസാരിക്കാന്‍ കഴിയാത്ത തരൂരിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിനെ കോണ്‍ഗ്രസിലെ ചിലര്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ കാറ്റില്‍ പറത്തി തരൂര്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. തരൂരിന്റെ പ്രകടനത്തില്‍ മതിപ്പുതോന്നിയ സോണിയ തരൂരിനെ വിദേശകാര്യ വകുപ്പ് നല്‍കി മന്ത്രിയാക്കി. ഇത് തരൂരിനെ ചിലരുടെ കണ്ണിലെ കരടാക്കുകയും ചെയ്തിരുന്നു.

മന്ത്രിയായപ്പോഴും തരൂരിനെ വിവാദങ്ങള്‍ വിട്ടൊഴിഞ്ഞില്ല. ന്യൂഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് തരൂര്‍ താമസിച്ചത് വന്‍ വിവാദമായതിനെത്തുടര്‍ന്ന് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി തരൂരിനോട് ഹോട്ടല്‍ മുറി ഒഴിഞ്ഞ് താമസം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേയ്ക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top