തൃശൂര്‍: തുടങ്ങും മുമ്പേ സംസ്ഥാന സ്കൂള്‍ കലോല്‍സവം വന്‍ വിവാദത്തിലേക്ക്. കലോത്സവത്തിലെ 18 വിധികര്‍ത്താക്കള്‍ രഹസ്യപൊലീസിന്റെ നിരീക്ഷണത്തിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
പരാതികളെതുടര്‍ന്ന് കഴിഞ്ഞ ദിവസം 15 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. രക്ഷിതാക്കളാലും ഏജന്റുമാരാലും സ്വാധീനിക്കപ്പെട്ടതിന് തെളിവുകളുള്ള 33 വിധികര്‍ത്താക്കളുടെ വിവരങ്ങളാണ് രഹസ്യപൊലീസിന്റെ കൈവശമുള്ളത്. പൊലീസ് ശേഖരിച്ച തെളിവുകളും റിപ്പോര്‍ട്ടും ഈമാസം 12ന് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 15 പേരെ ഒഴിവാക്കിയത്. ഇതില്‍ പുതിയ ആളുകളെ നിയോഗിക്കുന്നതിലുള്ള തീരുമാനം പൂര്‍ത്തിയായിട്ടില്ല.
വിധികര്‍ത്താക്കള്‍ക്കെതിരെ തൃശൂര്‍, തിരുവനന്തപുരം വിജിലന്‍സ് കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളുടെ പശ്ചാത്തലം കൂടി വിശദീകരിച്ച റിപ്പോര്‍ട്ടാണ് വിദ്യഭ്യാസ വകുപ്പിന് പൊലീസ് കൈമാറിയത്. വിധികര്‍ത്താക്കളെ ഒഴിവാക്കുന്നതിനെതിരെ സംഘാടകരിലും ഉദ്യോഗസ്ഥതലത്തിലും എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും തീരെ നിവൃത്തിയില്ലാതെയാണ് 15 പേരെ ഒഴിവാക്കിയത്. പട്ടികയില്‍ ഉള്‍പ്പെട്ട 18 പേരെ ഒഴിവാക്കാന്‍ മന്ത്രിയോടടുത്ത കേന്ദ്രങ്ങള്‍ വരെ സമ്മര്‍ദം ചെലുത്തിയത്രേ.
ആക്ഷേപങ്ങള്‍ ഒഴിവാക്കാനെന്ന പേരില്‍ ഇതാദ്യമായി പ്രധാനവേദികളെ നിരീക്ഷണ കാമറയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് രഹസ്യപൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്. രഹസ്യപൊലീസ് റിപ്പോര്‍ട്ട് ചെയ്ത 18 പേര് വിധിനിര്‍ണയം നടത്തുന്നത് കാമറ സംവിധാനം ഒരുക്കിയ വേദികളിലെ ഇനങ്ങളിലാണ്. ഇതിനു പുറമെ ഇവരുടെ മൊബൈല്‍ ഫോണ്‍, യാത്രകള്‍, ആളുകളുമായുള്ള ഇടപെടല്‍ എന്നിവ നിരീക്ഷണപരിധിയിലാകും. ഇടനിലക്കാര്‍ ഇപ്പോഴും സജീവമാണത്രേ.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news