Flash News

ടി.പി. ചന്ദ്രശേഖരന്‍ വധ കേസ്; നിര്‍ണ്ണായക വിധിക്ക് കാതോര്‍ത്ത് കേരളം

January 22, 2014 , സ്വന്തം ലേഖകന്‍

T-P-Chandrasekharan3

കോഴിക്കോട്: പ്രമാദമായ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി പ്രഖ്യാപനം ഇന്ന് പ്രഖ്യാപിക്കും. മാറാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച കേസില്‍ വിധി പറയുന്നത്. 36 പ്രതികളാണ് കേസില്‍ വിധി കാത്തിരിക്കുന്നത്. സിപിഐ (എം) കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റംഗം പി.മോഹനന്‍ അടക്കം ഒമ്പത് പാര്‍ട്ടി നേതാക്കളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഒഞ്ചിയത്തെ ആര്‍.എം.പിയോടുള്ള രാഷ്ട്രീയ വൈരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കുറ്റപത്രം പറയുന്നു. ഇതോടനുബന്ധിച്ച് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിലും ഒരുക്കിയിട്ടുള്ളത്. ടി.പി വധത്തില്‍ സി.പി.ഐ.എമ്മിന്റെ പങ്ക് ബലപ്പെടുത്തുന്നതാണ് പ്രതിപ്പട്ടിക. ടി.പി വധം നടന്നതിന് പിന്നാലെ സംശയത്തിന്റെ മുന കൃത്യമായും നീണ്ടത് സി.പി.ഐ.എമ്മിനു നേരെയായിരുന്നു.

ഒഞ്ചിയത്ത് ആര്‍.എം.പിയിലൂടെ പാര്‍ട്ടിക്ക് കനത്ത വെല്ലുവിളിയുര്‍ത്തിയ ടി.പി ചന്ദ്രശേഖരനെ ഇല്ലായ്മ ചെയ്തത് സി.പി.ഐ.എമ്മിന്റെ അറിവോടെയാകാം എന്ന് പരക്കെ ആരോപണമുയരുകയും ചെയ്തു. ഇത് ശരിവെച്ചുകൊണ്ടാണ് വധത്തിന് പിന്നില്‍ ആര്‍.എം.പിയോട് സി.പി.ഐ.എമ്മിനുള്ള രാഷ്ട്രീയ വൈരമാണെന്നും ഗൂഢാലോചന നടത്തിയത് കോഴിക്കോട്കണ്ണൂര്‍ ജില്ലകളിലെ ചില ഉന്നതനേതാക്കളാണെന്നും അന്വേഷണ സംഘം കണ്ടെത്തിയത്. കുറ്റപത്രത്തിലെ 76 പ്രതികളില്‍ ഒരു സംസ്ഥാന കമ്മിറ്റിയംഗവും രണ്ടു ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളും ഉള്‍പ്പെടെ ഭൂരിഭാഗം പേരും പാര്‍ട്ടി നേതാക്കളോ അനുയായികളോ ആണ്.

വിധി പ്രസ്താവിക്കുമ്പോള്‍ അവശേഷിക്കുന്ന 36 പ്രതികളില്‍ 9 പേരും സി.പി.ഐ.എം നേതാക്കള്‍. ചന്ദ്രശേഖരനെ വധിക്കാന്‍ ഓര്‍ക്കാട്ടേരിയിലുള്ള പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയില്‍ വെച്ച് നടന്ന ഗൂഢാലോചനയില്‍ പങ്കാളിയായി എന്നാണ് കേസില്‍ പതിനാലാം പ്രതിയായ മോഹനന് മേലുള്ള കുറ്റം. ഗൂഢാലോചനയ്ക്ക് മോഹനന്‍ തന്റെ 9495804804 നമ്പറുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്നു അന്വേഷണ സംഘം കണ്ടെത്തി.

സി.പി.ഐ.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി രാമചന്ദ്രന്‍ കേസില്‍ എട്ടാം പ്രതിയാണ്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനും സാമ്പത്തിക സ്രോതസ്സും കെ.സി രാമചന്ദ്രനാണെന്ന് കുറ്റപത്രം പറയുന്നു. കൊലപാതകത്തിനായി 50000 രൂപ ഒന്നാം പ്രതി എം.സി അനൂപിന് കൈമാറിയതും രാമചന്ദ്രന്‍തന്നെ. പാര്‍ട്ടി ഒഞ്ചിയം ഏരിയാകമ്മിറ്റിയംഗം കെ.കെ കൃഷ്ണനാണ് കേസിലെ പത്താം പ്രതി.

ടി.പിയെ വധിക്കാന്‍ വിവിധ ഘട്ടങ്ങളില്‍നടന്ന ഗൂഢാലോചനയില്‍ കെ.കെ കൃഷ്ണന്‍ പങ്കെടുത്തുവെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തനാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു ഉന്നത സി.പി.ഐ.എം നേതാവ്. ചന്ദ്രശേഖരനെ വധിക്കാന്‍ കൊലയാളി സംഘാംഗങ്ങള്‍ രൂപരേഖ തയ്യാറാക്കിയത് കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടില്‍ വെച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കൊലയ്ക്ക് പാര്‍ട്ടി അനുമതിയുണ്ടോയെന്ന് പി.മോഹനനെ വിളിച്ച് ചോദിച്ചതും കുഞ്ഞനന്തനാണെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. കേസില്‍ ഉള്‍പ്പെട്ട മറ്റ് സി.പി.ഐ.എം നേതാക്കള്‍ ഇവരാണ്. പ്രതിപ്പട്ടികയിലെ പതിനൊന്നാം സ്ഥാനത്തുള്ള കുന്നോത്തുപറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ്, പന്ത്രണ്ടാം സ്ഥാനത്തുള്ള കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗം ജ്യോതി ബാബു. കൊലയാളി സംഘത്തെ നേതാക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഇരുവരും ചേര്‍ന്നെന്ന് കുറ്റപത്രം സാക്ഷ്യപ്പെടുത്തുന്നു. പ്രതിപ്പട്ടികയില്‍ 30ാം സ്ഥാനത്തുള്ളത് ഓര്‍ക്കാട്ടേരി ലോക്കല്‍കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍. ഇയാളുടെ പൂക്കടയില്‍ വെച്ചാണ് കൊലപാതകത്തിന്റെ ആദ്യ ഗൂഢാലോചന നടന്നത്.

പ്രതികളെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചുവെന്നാണ് കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി.ബാബുവിനും ഏരിയാ സെക്രട്ടറി കെ.ധനഞ്ജയനുമെതിരെയുള്ള കുറ്റം. പ്രതിപ്പട്ടികയില്‍ ഇവര്‍ യഥാക്രമം 42,70 സ്ഥാനങ്ങളില്‍. ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകന്‍, കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍, സംസ്ഥാന സമിതിയംഗം കെ.കെ രാഗേഷ് എന്നിവരും 76 അംഗ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ സി.എച്ച് അശോകന്‍ വിചാരണയ്ക്കിടെ മരണപ്പെട്ടു. കാരായി രാജനെ കോടതി പിന്നീട് വെറുതെ വിട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top