Flash News

ഭഗവത്ഗീഥയുടെ ദാര്‍ശനികതയും ക്രിയാത്മക വിമര്‍ശനങ്ങളും: ഒരു പഠനം

January 24, 2014 , ജോസഫ് പടന്നമാക്കല്‍

 gita title

മഹാഭാരതയുദ്ധത്തില്‍ ശ്രീ കൃഷ്ണന്‍ തന്റെ ഉറ്റചങ്ങാതിയായ അര്‍ജുനന് യുദ്ധവീര്യം നല്കുന്ന സാരോപദേശമാണ് ഗീഥയിലുള്ളത്. പോര്‍ക്കളത്തിലെ ഒരു യോദ്ധാവിനുവേണ്ട ഗുണങ്ങളെയും ധര്‍മ്മ കര്‍മ്മ പരിത്യാഗങ്ങളെയും ഗീഥയില്‍ താത്ത്വികമായി വിവരിച്ചിട്ടുണ്ട്. മഹാഭാരതയുദ്ധം തുടങ്ങുന്നതിനുമുമുമ്പ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദുര്‍ബല ഹൃദയനായിത്തീര്‍ന്ന അര്‍ജുനനെ ക്ഷ്ത്രീയന്റെ ധര്‍മ്മം എന്തെന്ന് ഗീഥയില്‍ക്കൂടി ബോധവല്‍ക്കരിക്കുകയാണ്. ഭഗവത് ഗീഥതയില്‍ പതിനെട്ട് അദ്ധ്യായങ്ങളും 700 ശ്ലോകങ്ങളും ഉണ്ട്. മനുഷ്യന്റെ ലൗകികവും ഭൗതികവും ദാര്‍ശനീകവുമായ കടമകള്‍ എന്തെല്ലാമെന്ന് ശ്രീ കൃഷ്ണന്‍ സവിസ്തരം വിസ്തരിക്കുന്നുണ്ട്. ഒരുവനെ മുക്തിയിലേക്ക് നയിക്കാന്‍ ഭഗവദ്ഗീഥ മാത്രം മതിയാകുമെന്ന് പത്മപുരാണത്തില്‍ പ്രകീര്‍ത്തിച്ചിരിക്കുന്നു.

മനുഷ്യമനസിനെ ഉണര്‍ത്തി ആത്മീയതയുടെ വഴി ഒരുക്കുകയെന്നതാണ് ഗീഥയുടെ പരമമായ ലക്ഷ്യം. ദൈവത്തെ ഉപബോധമനസ്സില് സൃഷ്ടിക്കുകയെന്ന ധര്‍മ്മമാണ് ഗീഥയില്‍ സ്ഫുരിക്കുന്നത്. അതിനായി ശ്രീ കൃഷ്ണന്‍ മൂന്നു മാര്‍ഗങ്ങളാണ് പ്രധാനമായും ഗീഥയില്‍ക്കൂടി ഉപദേശിക്കുന്നത്. എന്താണ് മൂന്നു മാര്‍ഗങ്ങള്‍? മുക്തി നേടുവാന്‍ കര്‍മ്മയോഗ, ജ്ഞാനയോഗാ, ഭക്തിയോഗ എന്നിങ്ങനെ മൂന്നുവഴികള്‍ ഭഗവാന്‍ ശ്രീ കൃഷ്ണന്‍ കാണിച്ചു തന്നിട്ടുണ്ട്. യോഗാമാര്‍ഗങ്ങള്‍ ആത്മത്തെ പരമാത്മാവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

mahabharata 01

കര്‍മ്മ യോഗയെന്നാല്‍ സ്വന്തം പ്രവര്‍ത്തന മണ്ഡലങ്ങളില്‍ കടമകള്‍ പാലിക്കുകയെന്നതാണ്. വേദങ്ങളില്‍ വര്‍ണ്ണാശ്രമത്തിലൂടെ ഒരുവന്റെ കടമകളെ വിഭജിച്ചിരിക്കുന്നു. വര്‍ണ്ണാശ്രമ കര്‍മ്മങ്ങളെ സൃഷ്ടിച്ചത് ഭഗവാന്‍ കൃഷ്ണനെന്നാണ് സങ്കല്‍പ്പിച്ചിരിക്കുന്നത്. മനുഷ്യന്റെ കഴിവും താത്പര്യവുമനുസരിച്ച് പ്രത്യേക വര്‍ണ്ണമായി തിരിയുന്നു. ഒരുവന്‍ ബ്രാഹ്മണന്‍ ആകാം. ബ്രാഹ്മണന്‍ ഗുരുവും അദ്ധ്യാപകനുമായിരിക്കും. കച്ചവടക്കാരെ വൈശ്യഗണത്തിലും ക്ഷത്രിയന്മാരെ യോദ്ധാക്കളും ഭരണാധികാരികളായും ശൂദ്രന്മാരെ തൊഴിലാളികളായും വര്‍ണ്ണാശ്രമത്തില്‍ വേര്‍തിരിച്ചിരിക്കുന്നു. ജീവിതസാഹചര്യങ്ങളനുസരിച്ച് നാല് ആശ്രമങ്ങളാണുള്ളത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ബ്രഹ്മചാരി, വിവാഹിതനാവുമ്പോള്‍ ഗ്രഹസ്ഥ, ജോലിയില്‍നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുമ്പോള്‍ വാനപ്രസ്ത, ലൗകിക ബന്ധങ്ങള്‍ പര്യത്യജിച്ച് ഈശ്വരനിലേക്ക് തിരിയുമ്പോള്‍ സന്യാസശ്രമത്തിലെത്തും. അങ്ങനെ യോഗയെ പിന്നെയും വേര്‍തിരിച്ചിരിക്കുകയാണ്. വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ മനുഷ്യരുടെ പ്രവര്‍ത്തന മണ്ഡലങ്ങളും ചുമതലകളും കര്‍ത്തവ്യബോധത്തോടെ അഭിരുചിക്കനുസരിച്ചും കഴിവുകളനുസരിച്ചും അനുഷ്ടിക്കാനുള്ളതാണ്.

ജനനം കൊണ്ടല്ല ഒരുവന്റെ വര്‍ണ്ണം നിശ്ചയിക്കുന്നതെന്നും ഗീഥയുടെ വക്താക്കള്‍ വാദിക്കുന്നു. ഇന്ന് ഭാരതത്തിലുള്ള വര്‍ണ്ണാശ്രമ സമ്പ്രദായത്തിന് ഗീഥയുടെ യാതൊരു പിന്തുണയുമില്ല. ലോകം മുഴുവന്‍ ഓരോവിധത്തില്‍ വര്‍ണ്ണങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യനെ വേര്‍തിരിച്ചിട്ടുണ്ട്. കര്‍ത്തവ്യബോധത്തോടെ സ്വന്തം ചുമതലകള്‍ നിര്‍വഹിക്കുന്നവനെ ധര്‍മ്മനിഷ്ഠനായി കണക്കാക്കുന്നു. കര്‍മ്മങ്ങളില്‍ സകര്‍മ്മയും നിഷ്കര്‍മ്മയുമുണ്ട്. സകര്‍മ്മത്തില്‍ അതിന്റെ ഫലം ഭൗതിക ജീവിതത്തില്‍ തന്നെ ലഭിക്കുന്നു. പ്രതിഫലമില്ലാതെ കര്‍മ്മത്തില്‍ സഞ്ചരിച്ചാല്‍ നിഷ്കര്‍മ്മമായി കണക്കാക്കുന്നു. ദൈവത്തിനെ പ്രീതിപ്പെടുതലാണ് നിഷ്കര്‍മ്മത്തില്‍ അനുഷ്ടിക്കേണ്ടത്. അവര്‍ ഭക്തിയുടെ നിലവാരത്തില്‍ എത്തുകയാണ്. അവിടെ ജപമാലകളും കീര്‍ത്തനങ്ങളും വേണം. ലൌകികമായത് ത്യജിച്ച് ദ്വൈതത്തില്‍ ലയിക്കുന്നു. ഭക്തി യോഗയില്‍ക്കൂടി പരമാത്മാവിലേക്കുള്ള വഴി അവിടെ തെരഞ്ഞെടുക്കുന്നു. ആ ഘട്ടത്തില്‍ മനസ് മുഴുവന്‍ കൃഷ്ണനില്‍ മുഴുകിയുമിരിക്കണം.

Raja_Ravi_Varma_-_Sankaracharya

ജ്ഞാനത്തില്‍ ദൈവവും ആത്മാവും സമയകാലവും കര്‍മ്മാനുഷ്ഠാനങ്ങളും പ്രകൃതിയും ഉള്‍പ്പെട്ടിരിക്കുന്നു. അദ്വൈത തത്ത്വചിന്തകനായ ആദിശങ്കരന്‍ ജ്ഞാനയോഗയ്ക്ക് പരമമായ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. ജ്ഞാനം എന്നത് ബ്രഹ്മനെപ്പറ്റിയുള്ള അറിവാണ്. വിശിഷ്ഠാദ്വൈതത്തിന്റെ വക്താവായ രാമനുജാ ജ്ഞാനത്തെ ഭക്തിയുടെ വഴിയെ തിരിച്ചുവിടുന്നു. ഭഗവദ് ഗീഥയില്‍ കൃഷ്ണന്‍ പറയുന്നു, ജ്ഞാനം എന്നത് ശരീരമാകുന്ന ക്ഷേത്രത്തെ മനസിലാക്കുകയെന്നതാണ്. ശരീരത്തില്‍ കുടികൊള്ളുന്നത് ‘ആത്മം’ ആണ്. ആത്മത്തെയും ആത്മക്ഷേത്രത്തെയും ഒരു അതീന്ദ്രിയധ്യാനി ജ്ഞാനത്തില്‍ക്കൂടി കണ്ടെത്തണം.

മായാ’ തത്ത്വവാദം ഗീഥയിലും വേദങ്ങളിലും ഉപനിഷത്തിലും വിവരിച്ചിട്ടുണ്ട്. ഒരു പക്ഷെ സനാതന തത്ത്വചിന്തകളില്‍ ഏറ്റവും വിമര്‍ശിക്കുന്നതും മായാ വാദത്തെയായിരിക്കും. ‘മായ’ ഒരു സംസ്കൃതപദമാണ്. ‘മാ’ എന്നാല്‍ ‘ഇല്ല’ എന്നും ‘യാ’ എന്നാല്‍ ‘അത്’ എന്നുമാണ്. വാസ്തവികമായത്’ഇല്ലാ’ യെന്നു മായാവാദികള്‍ പറയുമ്പോള്‍ യുക്തിവാദികള്‍ക്ക്‌ ദഹിക്കില്ല. ഈ പ്രപഞ്ചം മുഴുവന്‍ മായയെന്നു പറയുന്നു. യുക്തിവാദികള്‍ക്ക് അത് മനസിലാവുകയില്ല. മായാവാദിയായ ഗുരു പറയും, സൂര്യന്‍ ഭൂമിയില്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും അനുഭവപ്പെടുന്നുവെങ്കിലും സൂര്യനില്‍ നിന്നാല്‍ അവിടെ അസ്തമയവും ഉദയവുമില്ല. ഇക്കാണുന്ന പ്രപഞ്ചവും ബ്രഹ്മവും ആത്മത്തിലെ സത്യത്തില്‍ ഉപബോധമനസ്സില്‍ ഒളിഞ്ഞുകിടക്കുന്നു. അന്ധകാരത്തില്‍ ചരട് പാമ്പാണെന്ന് തോന്നുന്നപോലെ, അല്ലെങ്കില്‍ ഇരുട്ടില്‍ ഒരു തൂണ്‍ കണ്ടാല്‍ പ്രേതമെന്നപോലെയാണ് ‘മായ’ എന്നൊക്കെ അവരുടെ താത്ത്വികമായ ഉത്തരങ്ങളാണ്. കൃഷ്ണനില്ല, അര്‍ജുനനില്ല, കുരുക്ഷേത്രമില്ല, യുദ്ധമില്ല, ഞാനില്ല, നിങ്ങളില്ല, ബ്രഹ്മമാണ് സത്യം. ‘മായ’എന്നാല്‍ ദൈവത്തിന്റെ സ്വപ്നമാണ്.

ഹരേ രാമാ കൃഷ്ണക്കാര്‍ വഴിയോരങ്ങളില്‍ ഇങ്ങനെ വാ തോരാതെ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്റര്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ വീണസമയം ന്യൂയോര്‍ക്ക് മുഴുവന്‍ ജാഗ്രതയായിരുന്ന കാലങ്ങളും ഓര്‍ക്കുന്നു. ഒരിക്കല്‍ ഗ്രാന്റ് സെന്‍ട്രല്‍ ട്രെയിന്‍ സ്റ്റേഷനില്‍ ഞാന്‍ ട്രെയിന്‍ കാത്തു നില്ക്കവേ ഏതാനും ഹരേഭക്തരും അവരുടെ ഗുരുവും എന്നോടൊപ്പം ഉണ്ടായിരുന്നു. അവരുടെ കൂടെയുണ്ടായിരുന്ന ഗുരുവിന്റെ ‘മായാ’വാദത്തിന്റെ സംസാരം ഞാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ബോംബ്‌ ഭീക്ഷണി മൈക്കില്‍ കൂടി ട്രെയിന്‍ ടെര്‍മിനലില്‍നിന്നും മുന്നറിയിപ്പായി കേട്ടത്. കേട്ടമാതിരി അന്നോടാന്‍ മിടുക്കനും ഹരേ ഭക്തരോടൊപ്പം അവരുടെ ഗുരുവായിരുന്നു. ബോംബിടുന്നത് മായയെങ്കില്‍ ഗുരുവിനും അവിടെ നിന്നാല്‍ മതിയായിരുന്നല്ലോ. ആ ഗുരുവിനോട് ചോദിച്ചാല്‍ ഉത്തരം പറയും “ബോംബിന്റെ ഭീഷണിയുണ്ടായില്ലായെന്നും ഞാനും ശിക്ഷ്യരും’ ഓടിയത് തോന്നലെന്നും അത് മായയെന്നും”പറയും. ഇങ്ങനെയുള്ള അയഥാര്‍ത്ഥമായ സത്യവുമായി സ്വപ്നത്തില്‍ ജീവിക്കുന്നവരാണ് മായാവാദികള്‍.

hare

പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രവും ബൈബിളുംപോലെ ഗീഥയും ടെന്‍ഷന്‍ അകറ്റുന്ന സിദ്ധൗഷധമായി ഭക്തജനം കരുതുന്നു. മനസ്സില്‍ വരുന്ന ദുഃഖങ്ങള്‍ ഭഗവാന് സമര്‍പ്പിക്കാനാണ് ഉപദേശിക്കുന്നത്. സുഖദുഖങ്ങളില്‍നിന്നും ഒഴിഞ്ഞുനിന്ന് മനസിനെ ഏകാഗ്രമാക്കി ബ്രഹ്മത്തെ ധ്യാനിക്കാനും പറയും. ഭഗവത്ഗീഥയെക്കാള്‍ മറ്റൊരു നല്ല പുസ്തകമില്ലെന്ന് പറയും. അതുപോലെ മറ്റു മതസ്ഥരും അവരുടെ മതഗ്രന്ഥമാണ് മെച്ചമെന്ന് പറയും. ഇതെല്ലാം കേട്ട് ശരിയെന്ന് വിചാരിച്ച് അന്ധമായ മതവിശ്വാസികളും ഓരോ ഗുരുക്കന്മാരുടെയും പിന്നാലെയും കാണും.

ഗീഥ ഒരു മതഗ്രന്ഥമാണ്. തങ്ങളുടെ ഗ്രന്ഥമാണ് ഏറ്റവും മികച്ചതെന്ന് ഓരോ മതവിഭാഗങ്ങളും പറയും. തത്ത്വത്തില്‍ ക്രിസ്ത്യാനികളും മുസ്ലിമുകളും ബിംബാരാധാനയെ അംഗീകരിക്കുന്നില്ല. എല്ലാ മതങ്ങള്‍ക്കും അവരുടെ വേദപുസ്തകം പവിത്രമായ ഒരു ബിംബംപോലെയാണ്. ഭഗവാന്‍ അല്ലെങ്കില്‍ ദൈവത്തിന്റെ വാക്കുകള്‍ അതിന്റെയുള്ളിലുണ്ടെന്ന വാദഗതികളുന്നയിക്കും. മറ്റു പുസ്തകങ്ങളിലും സത്യമുണ്ടെന്ന്‌ പറഞ്ഞാലും മതപ്രേമി മനസിലാക്കുന്നത്‌ പൂജ്യമായിരിക്കും. സ്വന്തം മതപുസ്തകത്തെ അവഹേളിച്ചാല്‍ കൊല്ലാന്‍പോലും തയ്യാറായ മസ്തിഷക്കമാണ് മതതീവ്രത പുലര്‍ത്തു‌ന്നവരിലുള്ളത്. താത്ത്വികമായും ചിന്താപരമായും യുക്തിപരമായും ചിന്തിക്കാന്‍ കഴിവില്ലാതെ മതമനസുകള്‍ മനുഷ്യരുടെ ഹൃദയങ്ങളില്‍ നെയ്തെടുത്തിരിക്കുകയാണ്. സ്വന്തം മതത്തിനെതിരായി വിമര്‍ശിക്കുന്നവരെ മതപ്രേമികള്‍ ശതൃക്കളായി കണക്കാക്കും.

Bhagavad-Gita

മനുഷ്യന്റെ ജീവിതം സുഖങ്ങളും ദുഖങ്ങളും വേദനകളുംകൊണ്ട് നിറഞ്ഞതാണ്‌. ഇതെല്ലാം ഇല്ലെന്ന് നടിച്ച് പരിത്യാഗിയായി ജീവിക്കാനാണ് സന്യാസം ഉപദേശിക്കുന്നത്. ഇത്തരം ഉപദേശങ്ങളുമായി ആള്‍ദൈവങ്ങളും ക്രിസ്ത്യന്‍ പുരോഹിതരും ബാബാമാരും മുമ്പിലുണ്ട്. സര്‍വ്വതും ത്യജിച്ച് പള്ളിക്കു കൊടുക്കൂ, ആള്‍ ദൈവങ്ങളുടെ കാല്‍ക്കലര്‍പ്പിക്കൂ, ലളിതമായ വസ്ത്രം, ഒരു കൗപീനമെങ്കില്‍ അതും മെച്ചം. ഇങ്ങനെയൊക്കെ വാതോരാതെ പ്രസംഗിച്ചുനടക്കുന്ന പരിത്യാഗികള്‍ തട്ടിപ്പല്ലാതെ മറ്റെന്താണ്. ഒരു കാവിവസ്ത്രമോ ഒരു പുരോഹിത കുപ്പായമോ, കൈനീട്ടിക്കൊണ്ടുവരുന്ന മെത്രാന്റെ മോതിരമോ കണ്ടാല്‍ തിക്കും തിരക്കുമായി ആള്‍ക്കൂട്ടങ്ങള്‍ അവര്‍ക്കുചുറ്റും സമ്മേളിക്കുന്നതു കാണാം. സന്യസ്തവും പൗരാഹിത്വവുംകൊണ്ട് സമൂഹത്തിനുള്ള നേട്ടമെന്താണ്? മന്ത്രോച്ഛാരാണമായി,വേദഗ്രന്ഥങ്ങളുമായി പൊതുജനങ്ങളുടെ പരാഗമായി ഇവര്‍ എല്ലാ മതങ്ങളിലും സമൂഹങ്ങളിലുമുണ്ട്. ഇവരെ പോറ്റുന്നതും അദ്ധ്വാനിക്കുന്ന വര്‍ഗമാണ്. അവരോടാണ് വിഡ്ഢികഥകളും യക്ഷികഥകളും പറഞ്ഞ് പറ്റിക്കുന്നത്. ആദാമിന്റെ വാരിയെല്ലില്‍ നിന്നുള്ള പൊട്ടകഥകള്‍പോലെ പുരാണത്തിലെ കഥകളും നിരത്തി ജനത്തെ പമ്പര മഠയന്മാരുമാക്കും. ഇത് സാമൂഹിക വിരുദ്ധവും മനസിലൊരു മനോവിഭ്രമവും അശാന്തിയും സൃഷ്ടിക്കുന്നതാണ്.

യുദ്ധത്തില്‍ പോവുന്നവര്‍ക്കും യുദ്ധമുന്നണിയില്‍ പൊരുതുന്നവര്‍ക്കും ഗീതാപ്രഭാഷണങ്ങള്‍ നല്‍കി ആവേശഭരിതരാക്കാറുണ്ട്. ഗീഥയില്‍ ഭഗവാന്‍ ശ്രീ കൃഷ്ണന്‍ അര്‍ജുനനോട് ഉപദേശിക്കുന്നുണ്ട്. “അര്‍ജുനാ നിനക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ജയിച്ചാല്‍ രാജ്യം, തോറ്റാല്‍ വീരസ്വര്‍ഗം ലഭിക്കും.” ഗീഥയില്‍ വീണ്ടും പറയുന്നു, ഇവരെയെല്ലാം ഞാന്‍തന്നെ കൊന്നു. നീ ഇവരെ കൊല്ലാന്‍ തുനിഞ്ഞില്ലെങ്കില്‍ ഇത് തന്നെ നിനക്കും വരും. യുക്തിഹീനമായി കൊല്ലുക,നശിപ്പിക്കുകയെന്നെല്ലാമാണ് ഉപദേശിക്കുന്നത്. ഭയപ്പെടുത്തിക്കൊണ്ട് അര്‍ജുനന്റെ കഴിവുകള്‍ അവിടെ നശിപ്പിക്കുകയാണ്.

യഥാര്‍ഥത്തില്‍ ഗീഥയിലെ തത്ത്വചിന്തകള്‍ ബുദ്ധമതത്തിനെതിരായി ബ്രാഹ്മണര്‍ രചിച്ചതാണ്. സനാതനത്തിലെ അഹിംസാ തത്ത്വങ്ങള്‍ ബ്രാഹ്മണമതം ബുദ്ധമതത്തില്‍നിന്ന് പകര്‍ത്തിയെഴുതിയതുമായിരുന്നു. ഹിന്ദുമതം ആവിര്‍ഭവിക്കുന്നതിനുമുമ്പ് സനാനതനികര്‍ മത്സ്യമാംസം കഴിച്ചിരുന്നു. ഇന്നും കാശ്മീരി ബ്രാഹ്മണര്‍ മാംസാഹാരികളാണ്. അശോകനും തന്റെ ബന്ധുക്കള്‍ യുദ്ധക്കളത്തില്‍ മരിച്ചുകിടക്കുന്നതു കണ്ടപ്പോള്‍ അര്‍ജുനനുണ്ടായ അതേ ദുഖംതന്നെയുണ്ടായി. എന്റെ രക്തത്തെ, എന്റെ സഹോദരീ സഹോദരരെ നശിപ്പിച്ചിട്ട് താന്‍ എന്തിന് രാജ്യം ഭരിക്കുന്നതെന്ന് അശോകനും വിലപിക്കുന്നുണ്ട്. യുദ്ധം ജയിച്ച രാജാവ് യുദ്ധമവിടെ നിറുത്തുകയാണ്. മഹാഭാരതത്തിലെ യുദ്ധഭൂമിയിലെ വീരപുത്രനായ അര്‍ജുനന്‍ എന്ന പോരാളി ബുദ്ധമതത്തിന്റെ അഹിംസാ വാദത്തെ പരിഹസിക്കാനായുള്ള സമാന്തരമായ ഒരു കഥാപാത്രമാണ്. സ്വന്തം ജനങ്ങളെ കൊന്നതിലുള്ള ദുഖവും കരുണയും ദയയുമൂലം വിവശനായ അശോകന്റെ സ്ഥാനത്ത് ഇവിടെ കൈവിറയ്ക്കുന്ന അര്‍ജുനനെ കൊണ്ടുവന്നിരിക്കുന്നു. നീ അശോകനാകാതെ ഇതൊന്നും നോക്കാതെ കൊല്ലാന്‍ പറയുന്ന ബ്രാഹ്മണന്റെ തത്ത്വദീക്ഷയില്ലാത്ത ചിന്തകളാണ് ഗീതയിലുള്ളത്.

സമാനമായ അന്നത്തെ രാഷ്ട്രീയചിന്താഗതിയില്‍ ബുദ്ധമതത്തിനെതിരായ ഒരു പ്രത്യാക്രമണമാണ് ഗീഥതയില്‍ക്കൂടി ബ്രാഹ്മണമതം അവതരിപ്പിച്ചത്. സുഖവും ദുഖവും ലാഭമായി കാണാനാണ് ഗീഥ ഉപദേശിക്കുന്നത്. നമ്മുടെ മസ്തിഷ്ക്കത്തെപ്പറ്റി തെറ്റായ ധാരണയാണ് ഇത്തരം ഉപദേശങ്ങള്‍. ദുഃഖം കുറയ്ക്കുകയും സന്തോഷം നേടുകയുമെന്നത് മസ്തിഷ്ക്കത്തിന്റെ അടിസ്ഥാന തത്ത്വങ്ങളാണ്. ദുഃഖംവരുമ്പോള്‍ ചിരിച്ചുകൊണ്ടിരിക്കാന്‍ സാധിക്കുന്നത് നോവലിലെയും സിനിമയിലെയും കഥാപാത്രത്തിനു മാത്രമേ സാധിക്കുകയുള്ളൂ.

bhishma-pitamah

മതമെന്ന് പറയുന്നത് ഭക്തരുടെ മസ്തിഷ്ക്കത്തില്‍ അടിച്ചു കയറ്റിയിരിക്കുന്ന ഒരുതരം അഭിപ്രായമാണ്. മഹാഭാരതത്തില്‍ ഭീഷ്മരും സത്യം, നീതി, രാജധര്‍മ്മം എന്നിങ്ങനെ യുധിഷ്ഠരനോട് സംസാരിക്കുന്നുണ്ട്. വാസ്തവത്തില്‍ എന്താണ് ധര്‍മ്മം? ധാര്‍മ്മികമെന്നാല്‍ ബ്രഹ്മത്തെപ്പറ്റിയുള്ള ഗഹനമായ അറിവെന്നെല്ലാം സനാതനികര്‍ വിവരിക്കും. ധര്‍മ്മം തന്നെ സദ്കര്‍മ്മവും ദുഷ്കര്‍മ്മവും രണ്ടുതരമാണ്. ഒരു മുക്കവന്‍ മത്സ്യത്തെ മുറിക്കുന്നതുപോലെ കൈവിറയ്ക്കാതെ, മനസുപതറാതെ കൊല്ലുക, കൊല്ലുക, ശതൃക്കളെ സംഹരിക്കുക എന്നൊക്കെ ഭീഷ്മര്‍ ധര്‍മ്മപുത്രരോട് ഉപദേശിക്കുന്നുണ്ട്.

ധര്‍മ്മം ഒരിക്കലും സ്ഥായിയല്ല. ഒരിക്കല്‍ ‘നായാട്ട്’ രാജധര്‍മ്മമായിരുന്നു. ഇന്ന് രാജാവുമില്ല, നായാട്ടുമില്ല. അതുപോലെ ബ്രാഹ്മണ ധര്‍മ്മങ്ങളായ സതി, ശൈശവ വിവാഹമെല്ലാം ഇല്ലാതെയായി. അടിമത്വം ഒരിക്കല്‍ അംഗീകരിച്ച ധര്‍മ്മമായിരുന്നു. ഇന്ന് അടിമയെവിടെ,അടിമയുടമയെവിടെ? മാറു മറയ്ക്കാതെ നടക്കാനും ഈഴവ സ്ത്രീകളുടെ കടമയായിരുന്നു. മാറുന്ന ലോകത്ത് ധര്‍മ്മം മനുഷ്യന് വഹിക്കാന്‍ സാധിക്കാതെയായി. ഓരോ കാലഘട്ടത്തിലും എത്തി നോക്കുകയാണെങ്കില്‍ ആചാരങ്ങളും ചിന്തകളും നിലനിര്‍ത്തുന്ന ധര്‍മ്മങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം മാറ്റങ്ങള്‍ക്കായി കാലംമാറിയാലും മതമെന്നും തടസം നില്ക്കുന്നതായി കാണാം. ധാര്‍മ്മികതയെന്നു പറയുന്നത് മതത്തിന്റെ ഒരു ഭീഷണിയാണ്.

സത്കര്‍മ്മങ്ങളും ദുഷ്കര്‍മ്മങ്ങളും വഴി കര്‍മ്മത്തെ രണ്ടായി തിരിച്ചിരിക്കുന്നു. ‘നിന്റെ കര്‍മ്മം നിര്‍വഹിക്കുകയെന്നതാണ് സത്കര്‍മ്മത്തിലെ കാതലായ തത്ത്വം. നിലവിലുള്ള സമ്പ്രദായമനുസരിച്ച് ക്ഷത്രിയര്‍ ശുദ്രന്റെയൊ ബ്രാഹ്മണന്റെയോ ജോലി ചെയ്‌താല്‍ ദുഷ്കര്‍മ്മമാകും. മോഷം നേടണമെങ്കില്‍ ജ്ഞാനവും ഭക്തിയും വേണം. അറിവുവഴിയും മോക്ഷം പ്രാപിക്കാമെന്ന് താത്ത്വിക ആചാര്യന്മാര്‍ പറയുന്നു. ഇതെല്ലാം മനുഷ്യനെ പറ്റിക്കാനുള്ളതാണ്.

ഭക്തരില്ലായിരുന്നെങ്കില്‍ ഈ പുസ്തകങ്ങള്‍ വായിക്കാന്‍ മനുഷ്യരും കാണില്ലായിരുന്നു. വിവരിക്കാന്‍ സ്വാമിമാരും ബാബാമാരും മുള്ളാമാരും പുരോഹിതരും കാണില്ലായിരുന്നു. മതത്തിലധിഷ്ഠിതമായ രാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ഭക്തരാണ്. അവരാണ് മതത്തെ നിലനിര്‍ത്തുന്നത്. കാവിവസ്ത്രമമൊ നീണ്ട കുപ്പായത്തോടുകൂടിയ കൂന്തത്തൊപ്പിയോ ധരിച്ചാല്‍ മാത്രമേ ജനം ഇവരെ ശ്രവിക്കുകയുള്ളൂ. എന്താണിവരുടെ യൂണിഫോമിന്റെ ശക്തിയെന്നു നോക്കൂ.

മനുഷ്യജീവിതം സമ്മര്‍ദ്ദത്തിനടിമപ്പെട്ടതാണ്. അത് ന്യൂറോളജിക്കലെന്ന് പറഞ്ഞാല്‍ ഡിവൈന്‍കേന്ദ്രങ്ങളോ ധ്യാനഗുരുക്കളോ, ഗീതഗുരുക്കളോ സമ്മതിക്കില്ല. ഈ മതഗ്രന്ഥങ്ങള്‍ വായിച്ചാല്‍ ടെന്‍ഷബന്‍ മാറിക്കിട്ടുമെന്ന് മസ്തിഷ്ക്കത്തെപ്പറ്റി യാതൊരു വിവരവുമില്ലാത്തവര്‍ പറയും. മനുഷ്യനു വേണ്ടത് വാസ്തവികങ്ങളായ കാഴ്ച്ചപ്പാടുകളാണ്. മനുഷ്യന്റെ ടെന്‍ഷന്‍ സ്വപ്നം കണ്ടോ മതഗ്രന്ഥങ്ങള്‍ വായിച്ചോ മാറ്റാവുന്നതല്ല.

all_religions.jpg_480_480_0_64000_0_1_0

വേദങ്ങളില്‍ കാണുന്നപോലെ എങ്ങനെയാണ് മനുഷ്യനെ നാലുവര്‍ണ്ണങ്ങളായി തിരിച്ചിരിക്കുന്നത്?മനുഷ്യര്‍ ഭൂമിയില്‍ ഉണ്ടായകാലത്ത് വിഭജിക്കപ്പെടുക അസാധ്യമാണ്. തൊഴില്‍പരമായും ഗുണപരമായും മനുഷ്യനെ വര്‍ണ്ണങ്ങളായി സൃഷ്ടിക്കാന്‍ ഭഗവാന്‍ വിചാരിച്ചാലും സാധിക്കുകയില്ല. ഈ വിഭജനം നിലനിര്‍ത്താന്‍ കര്‍മ്മംകൊണ്ടും സാധിക്കില്ല. ഇന്ന് അധ്യാപകനായ ഒരാള്‍ക്ക് നാളെ കച്ചവടത്തില്‍ താല്‍പര്യം വരാം. പിന്നെ തപസും പ്രാര്‍ത്ഥനയും മതപ്രഭാഷണവുമായി കഴിയുവാന്‍ തോന്നും. അപ്പോഴെല്ലാം വര്‍ണ്ണങ്ങള്‍ മാറിക്കൊണ്ടിരിക്കുമൊ? വേദവ്യാസന്‍ ബ്രാഹ്മണനല്ലായിരുന്നു. അദ്ദേഹം ആരെയും കൊന്നിട്ടില്ല. ഗുണംകൊണ്ട് അദ്ദേഹം ബ്രാഹ്മണനുമായില്ല. ബ്രാഹ്മണനായ പരിശുരാമന്‍ കൊല്ലും കൊലയും വിളിച്ച് ക്ഷത്രിയകുലത്തെ മുഴുവന്‍ നശിപ്പിച്ചുകൊണ്ടിരുന്നു. തനിനിറം പുറത്തിറക്കിയ ഈ ബ്രാഹ്മണന്റെ ഗുണമെവിടെ?

ഗുരുക്കന്മാരുടെയും മതപുരോഹിതരുടെയും മറ്റൊരുവാദം വിശുദ്ധപുസ്തകങ്ങളിലെ വചനങ്ങള്‍ വാച്യാര്‍ഥത്തില്‍ എടുക്കരുതതെന്നാണ്. ഗഹനമായി ചിന്തിക്കാന്‍ കഴിവുള്ള ഒരു ഗുരുവിന്റെ സഹായത്തോടെ വിശുദ്ധ പുസ്തകങ്ങള്‍ വായിക്കണം. ലോകത്തിലുള്ള എല്ലാ ജീവജാലങ്ങളെയും വഹിക്കാനുള്ള നോവയുടെ പെട്ടകവും വിശ്വാസിക്കണം. ഹൈഡ്രജന്‍ ബോംബു ഫാക്റ്ററിയായ സൂര്യനില്‍ നിന്ന് കുന്തിയില്‍ ജീവശാസ്ത്രപരമല്ലാതെ പുത്രനുണ്ടായെന്നും വിശ്വസിക്കണം. കുത്തിയിരുന്ന് ഗുരുക്കളും പുരോഹിതരും തങ്ങളുടെ പ്രൊഫഷനായ ബൈബിള്‍ വചനങ്ങളോ ഗീഥയോ കാണാതെ പഠിച്ചുകൊണ്ടിരിക്കും. എങ്കിലല്ലേ ശ്ലോകങ്ങളോ വചനങ്ങളോ ഉരുവിടാന്‍ സാധിക്കുള്ളൂ. തെരുവില്‍ക്കൂടി നടക്കുന്ന ഉപദേശിക്കും മനപാഠമാക്കിയ വചനം നല്ലവണ്ണം പറയാന്‍ അറിയാം. പൊതുജനങ്ങള്‍ക്ക് ബോധമില്ലെന്നാണ് വെപ്പ്.

9788087830642_p0_v1_s260x420

ഗാന്ധിജി ഗീഥ വായിച്ച് ആവേശഭരിതനായി. അതേ ഗീഥ തന്നെയാണ് ഗോഡ്സെ വായിച്ചത്. ഹിറ്റ്‌ലറിന്റേയും നാസിസത്തിന്റെയും ഉദയം ബൈബിളായിരുന്നു. ലോകത്തിലെ ഇസ്ലാമിക ഭീകരരുടെയെല്ലാം മൗലികഗ്രന്ഥം അവരുടെ മതപുസ്തകങ്ങളായിരുന്നു. ഗീഥയെന്നാല്‍ ഒരു പടപാട്ടാണ്. ഒരു രണഗീതമെന്ന് പറയാം. ശൂദ്രന്‍ ഗീഥ വായിച്ചാല്‍ തിളച്ച ഇയം ചെവിയില്‍ ഒഴിക്കണമെന്നു പറയുന്ന ആധുനിക സമൂഹത്തിന് മതഗ്രന്ഥങ്ങള്‍ ആവശ്യമില്ല. ഗീഥ വായിച്ച അര്‍ജുനന്റെ ഗതിയെന്തായിരുന്നു. നീ പതറരുതെന്നു പറഞ്ഞു. എന്നിട്ട് സ്ത്രീകളെപ്പോലെ പൊട്ടിക്കരഞ്ഞു. ഒരവസരത്തില്‍ ധര്‍മ്മപുത്രരുടെ നേരെ വാളെടുത്തു. ജയിച്ചവര്‍ക്ക്‌ നരകവും ദുര്യോധനന് സ്വര്‍ഗവും കിട്ടി. അത്യന്തകമായ സത്യത്തില്‍ മരിച്ചുകഴിഞ്ഞ് ബ്രഹ്മത്തില്‍ അലിഞ്ഞുചേരുമെന്ന് പറയുന്നു. എങ്ങനെ?

Ref: Prof.Ravichandran, University College. Trivandrum


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top