ഈ ആപ്തവാക്യം ദിനംപ്രതി അനേകപ്രാവശ്യം നാം ചാനലുകളിലൂടെ കണ്ടും കേട്ടും കൊണ്ടിരിക്കുന്നതാണ്, കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യത്തിലൂടെ.
എന്നാല്‍ ഇവിടെ കഥാപാത്രം ഒരു ഈജിപ്ഷ്യനാണ്. സൗദി അറേബ്യയിലെ റിയാദില്‍ തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഒരു സാധാരണ മനുഷ്യന്. ‘ഒറ്റ ചോദ്യം മതി നിങ്ങളുടെ ജീവിതം മാറിമറിയാന്‍’ എന്ന് നമുക്കുമാകാം കോടീശ്വരന് എന്ന റിയാലിറ്റി ഷോയില്‍ സുരേഷ് ഗോപി പറഞ്ഞതുപോലെ ‘ഒറ്റ നിമിഷം മതി ഈ മനുഷ്യന് കോടാനുകോടിപതിയാകാന്…!! പക്ഷെ, അദ്ദേഹം അതിനു തയ്യാറല്ല.
കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. റിയാദില്‍ ജോലി ചെയ്യുന്ന ഹിഷാം അല്‍ ബീലി ആണ് ഈ ഭാഗ്യവാന്. വെറും 12,000 റിയാലോളം മാത്രം മാര്‍ക്കറ്റ് മൂല്യമുള്ള അദ്ദേഹത്തിന്റെ കാറിന്റെ ഫാന്‍സി നമ്പര്‍ പ്ലേറ്റിനു 30 ലക്ഷം വരെ ഓഫര്‍ ലഭിച്ചിട്ടും അദ്ദേഹം നല്കാന് തയ്യാറല്ലെന്നും കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം.
ഹിഷാം അല്‍ ബീലി എന്ന ഈജിപ്ത് പൗരന്റെ s s s 1 എന്ന നമ്പറിനാണു 30 ലക്ഷം റിയാല്‍ വരെ ഓഫര്‍ ലഭിച്ചത്. 4,000 റിയാലിന്റെ താഴെ മാത്രം ശമ്പളമുള്ള ഹിഷാമിനോട് അവിശ്വസിനീയമായ ഈ ഓഫര്‍ തള്ളിക്കളയുന്നതിന്റെ കാരണം ചോദിക്കുമ്പോഴാണ് മേല്പറഞ്ഞ ‘വിശ്വാസം, അതല്ലേ എല്ലാം’ എന്ന സന്ദേശത്തിന്റെ മാഹാത്മ്യം നമുക്കു മനസ്സിലാകുന്നത്. തനിക്ക് കാര്‍ സമ്മാനമായി തന്ന സൗദി പൗരനോട് തനിക്കുള്ള വിശ്വാസ്യത നിലനിര്ത്താനാണത്രേ അദ്ദേഹം ഈ ഓഫര്‍ സ്വീകരിക്കാത്തത്..! വിശ്വാസങ്ങള്‍ക്ക് വിലകല്പിക്കാതെ ജീവിക്കുന്നവര്‍ക്ക് ഒരു മാതൃകയാണ് ഹിഷാം. തന്റെ കാര്‍ കണ്ടാല്‍ സമ്പന്നരായ സൗദികള്‍ തടഞ്ഞുനിര്‍ത്തി നമ്പര്‍ പ്ലേറ്റിനു വില പേശുന്നത് മൂലം കാറുമായി ഇപ്പോള്‍ പുറത്തിറങ്ങാറില്ല എന്നാണ് ഹിഷാം പറയുന്നത്. വില പേശലുകാരുടെ ശല്യം മൂലം യാത്ര ഇപ്പോള്‍ ടാക്സിയിലാണത്രേ…!!
കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ ആകൃഷ്ടരായ സൗദികള്‍ ആദ്യം രണ്ടു ലക്ഷം റിയാലിലായിരുന്നു ഓഫറുകള്‍ തന്നുതുടങ്ങിയതെന്ന് ഹിഷാം പറയുന്നു. ചോദിക്കുന്നവരോടൊക്കെ ഒരൊറ്റ മറുപടിയേ ഉള്ളൂ….’തത്ക്കാലം കൊടുക്കുന്നില്ല.’ പക്ഷേ, ഓഫറുകളുമായി നിരന്തരം തന്നെ സമീപിക്കുന്നവരോട് തന്റെ നിസ്സഹായവസ്ഥ പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുകയാണ് ഈ ഈജിപ്ഷ്യന്‍. സൗദികളുടെ ഫാന്‍സി നമ്പര്‍ പ്രേമം മാധ്യമങ്ങളില്‍ എപ്പോഴും വാര്‍ത്തയാകാറുണ്ടെങ്കിലും വന്‍ തുകയുടെ ഓഫര്‍ തള്ളിക്കളഞ്ഞാണ് ഹിഷാം അല്‍ ബീലി വാര്‍ത്തയില്‍ നിറയുന്നത്.
വിശ്വാസം നഷ്ടപ്പെടുത്തി ജീവിക്കുന്നതിലും ഭേദം ആത്മഹത്യ ചെയ്യുകയാണെന്നാണ് ഹിഷാമിന്റെ അഭിപ്രായം. തനിക്ക് കാര്‍ സമ്മാനമായി തന്ന സൗദി പൗരന് തന്നിലുണ്ടായിരുന്ന വിശ്വാസം കൊണ്ടാണ് അത് തന്നത്. താനും ആ വിശ്വാസം കാത്തുസൂക്ഷിക്കുവാന്‍ കടമപ്പെട്ടിരിക്കുന്നു എന്നും ഹാഷിം പറയുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply