വെല്ലിംഗ്ഡണ്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ആശ്വാസ ജയം തേടി ഇറങ്ങിയ ഇന്ത്യ 87 റണ്‍സിന്റെ പരാജയമാണ് വഴങ്ങിയത്. ഇതോടെ കിവീസ് 4-0 ന് പരമ്പര സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.
ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങിന് അയച്ചു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സാണ് കിവീസ് അടിച്ചെടുത്തത്. തുടക്കത്തിലെ തന്നെ കിവീസിന് ഓപ്പണര്‍ ജസി റൈഡറെ(17) നഷ്ടമായെങ്കിലും വില്യംസനും(88) റോസ് ടെയ്ലറും(102) നടത്തിയ വെടിക്കെട്ട് അവരെ കൂറ്റന്‍ ടോട്ടലിലെത്തിച്ചു. അവസാന ഓവറുകളില്‍ കത്തിക്കയറിയ നീഷം(34*) ഇന്ത്യന്‍ ബോളര്‍മാരെ തച്ചുതകര്‍ത്തു. ബ്രണ്ടന്‍ മക്കല്ലം 23 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
ഇത്തവണയും കൈവിട്ട കളി കളിച്ച ഇന്ത്യന്‍ ബോളര്‍മാരാണ് കിവീസിന് മികച്ച സ്കോര്‍ ഉയര്‍ത്താന്‍ സഹായം ചെയ്തുകൊടുത്തത്. ഏഴോവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ വിരാട് കൊഹ്ലിയും രണ്ടു നിര്‍ണായക വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ആരോണുമാണ് താരതമ്യേന ബോളിങ് നിരയില്‍ ആശ്വാസമായത്. 41 റണ്‍സിന് രണ്ടു വിക്കറ്റെന്ന നിലയില്‍ നിന്നാണ് മൂന്നാം വിക്കറ്റില്‍ ടെയ്ലറും വില്യംസണും ചേര്‍ന്ന് 152 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയത്. അവസാന മൂന്നോവറില്‍ നിന്ന് 47 റണ്‍സാണ് കിവീസ് അടിച്ചെടുത്തത്.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് 49.4 ഓവറില്‍ 216 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായ മത്സരത്തില്‍ വിരാട് കൊഹ്ലിയും ധോണിയും രക്ഷക വേഷം അണിയുമെന്ന് തോന്നിപ്പിച്ചെങ്കിലും അനിവാര്യമായ തോല്‍വിയെ അകറ്റി നിര്‍ത്താന്‍ ഇരുവര്‍ക്കുമായില്ല. കൊഹ്ലി 82 റണ്മായും ധോണി 47 റണ്‍സുമായും മടങ്ങിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. മുന്‍നിരയും വാലറ്റവും ഒരുപോലെ നിരാശപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് 216 റണ്‍സില്‍ ഒതുങ്ങി, അഥവാ കിവീസ് ഒതുക്കി. ദയനീയ തോല്‍വിയോടെ ടീം ഇന്ത്യ ഒരിക്കല്‍ കൂടി ആരാധകരുടെ പ്രതീക്ഷകള്‍ തച്ചുതകര്‍ത്തു.
നാട്ടിലെ പുലികള്‍ വിദേശത്തു ചെല്ലുമ്പോള്‍ കേവലം എലികളാകുന്ന കാഴ്ചയാണ് ന്യൂസിലന്‍ഡിലും ദക്ഷിണാഫ്രിക്കയും ആരാധകര്‍ വേദനയോടെ കണ്ടത്. ഒരു വര്‍ഷമായി ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്ത് വിരാജിച്ചിരുന്ന ടീം ഇന്ത്യക്ക് ന്യൂസിലന്‍ഡില്‍ പരമ്പര കൈവിട്ടതോടെ ഒന്നാം സ്ഥാനം ആസ്ട്രേലിയയ്ക്കു വിട്ടുകൊടുക്കേണ്ടിവന്നു. പരമ്പരയിലെ ആദ്യ മത്സരം 24 റണ്‍സിനു തോറ്റപ്പോള്‍ രണ്ടാം മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 15 റണ്‍സിനു പരാജയം സമ്മതിക്കേണ്ടിവന്നു. തോല്‍വിയിലേക്കു നീങ്ങുകയായിരുന്ന മൂന്നാം മത്സരത്തില്‍ മധ്യനിരയുടെ കരുത്തില്‍ പ്രത്യേകിച്ച് നായകന് മഹേന്ദ്രസിങ് ധോണിയുടെയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും ആര്. അശ്വിന്റെയും ബാറ്റിങ് മികവില്‍ മത്സരം സമനിലയാക്കാന്‍ സാധിച്ചു. നാലാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ഏഴുവിക്കറ്റിന്റെ മികച്ച ജയം നേടി പരമ്പര സ്വന്തമാക്കി.
ആദ്യ മൂന്നു മത്സരങ്ങളിലും ടോസ് നേടിയ നായകന് ധോണി കിവീസിനെ ബാറ്റിങിനു വിടുകയായിരുന്നു. രണ്ടു മത്സരത്തില്‍ ആതിഥേയര്‍ വിജയിച്ചു. മൂന്നാം മത്സരത്തില്‍ ജയത്തിന്റെ വക്കിലുമെത്തി. ഇതേത്തുടര്‍ന്ന് നാലാം ഏകദിനത്തില്‍ ഒരു ജയം പ്രതീക്ഷിച്ച് ടോസ് നേടിയ സന്ദര്‍ശകര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍, അവിടെയും പിഴച്ചു. ബൗളര്‍മാരുടെ മോശം പ്രകടനം ഇന്ത്യയുടെ തോല്‍വിക്ക് ഒരു പ്രധാന കാരണമായിരിക്കുന്നു. ഇവരുടെ ദൗര്‍ബല്യം മുതലാക്കി എതിരാളികള്‍ കൂറ്റന്‍ റണ്‍സ് ഉയര്‍ത്തുന്നു. കൂടാതെ ബാറ്റ്സ്മാന്മാരുടെ നിരുത്തരവാദപരമായ ബാറ്റിങ് കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ പരാജയം ഉറപ്പാക്കുകയായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply