Flash News

മെറഡിത്‌ കെര്‍ച്ചര്‍ വധം: പുനര്‍വിചാരണയില്‍ പ്രതികള്‍ക്ക്‌ ജീവപര്യന്തം ശിക്ഷ

February 1, 2014 , ആന്‍സി വര്‍ഗീസ്

Meredith-Kercher-3051145

ഇറ്റലി: പ്രമാദമായ മെറഡിത്‌ കെര്‍ച്ചര്‍ വധം വീണ്ടും രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുന്നു. ഇറ്റാലിയന്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ പുനര്‍വിചാരണയില്‍ പ്രതികള്‍ക്കു വീണ്ടും ഇന്നലെ ജീവപര്യന്തം തടവുശിക്ഷ വിധിച്ചതോടെയാണ്‌ 2007ല്‍ നടന്ന ഈ രാജ്യാന്തര കൊലക്കേസ്‌ വീണ്ടും വാര്‍ത്തയാകുന്നത്‌.

ബ്രിട്ടീഷുകാരിയായ മെറഡിത്‌ കെര്‍ച്ചര്‍ എന്ന വിദ്യാര്‍ഥിനി കൊല്ലപ്പെട്ട ഈ കേസിലെ പ്രതികള്‍ ഇറ്റലിക്കാരനായ റാഫാലെ സൊള്ളെസിറ്റോ, മുന്‍ കാമുകിയും അമേരിക്കയിലെ സിയാറ്റില്‍ നഗരവാസിയുമായ സാമന്ത ക്‌നോക്‌സ്‌, ഇവരുടെ സുഹൃത്ത്‌ ഐവറികോസ്റ്റ്‌ സ്വദേശി റുഡി ഗുവെദെ എന്നിവരാണ്‌. കേസിന്‌ രാജ്യാന്തര മാനം നല്‍കുന്നത്‌ കൊല്ലപ്പെട്ടയാളും പ്രതികളും വ്യത്യസ്‌ത രാജ്യക്കാരാണെന്നതുതന്നെ.

മധ്യ ഇറ്റലിയിലെ ഉംബ്രിയ പ്രവിശ്യയുടെ തലസ്ഥാനമായ പെരുജിയയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ പെരുജിയയില്‍ വിദ്യാര്‍ഥിനിയായിരുന്ന മെറഡിത്‌ കെര്‍ച്ചര്‍ 2007 നവംബര്‍ ഒന്നിനാണ്‌ കോളജിനടുത്ത ഫ്‌ളാറ്റില്‍ കുത്തേറ്റു മരിച്ചത്‌. കൊല്ലപ്പെടുമ്പോള്‍ 20 വയസായിരുന്നു പ്രായം. മെറഡിത്തിന്റെ അതേ കോളജിലെ വിദ്യാര്‍ഥിനിയും റൂം മേറ്റുമായിരുന്നു സാമന്ത. പഠനത്തിനിടെ റാഫാലെയുമായി പരിചയപ്പെട്ട സാമന്ത അയാളുമായി പ്രണയത്തിലായി. വൈകാതെ ഇവരുടെ സുഹൃദ്‌ വലയത്തിലേക്ക്‌ ഐവറികോസ്റ്റുകാരനായ വിദ്യാര്‍ഥി റുഡി ഗുവെദെയും ചേര്‍ന്നു. ഇതിനിടെയാണ്‌ അപ്രതീക്ഷിതമായി മെറഡിത്‌ കൊല്ലപ്പെടുന്നത്‌. ലൈംഗികപീഡനത്തിനിടെയാണ്‌ മെറഡിത്‌ കൊല്ലപ്പെട്ടതെന്നും അതല്ല വാക്കുതര്‍ക്കത്തിനിടെയാണ്‌ കൊല്ലപ്പെട്ടതെന്നും രണ്ടു വാദഗതികളുണ്ടെങ്കിലും ദുരൂഹത ഇനിയും മാറിയിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട്‌ 2008 ഒക്ടോബര്‍ 28ന്‌ റുഡിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയും കോടതി ഇയാള്‍ക്ക്‌ 16 വര്‍ഷം തടവുശിക്ഷ വിധിക്കുകയും ചെയ്‌തു. കൃത്യത്തിനു പിന്നില്‍ റുഡി മാത്രമല്ല ഉള്ളതെന്നും ഏതാനും പ്രതികള്‍ക്കൂടി ഉണ്ടാകാമെന്നുമുള്ള കോടതിനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ 2009 ഡിസംബര്‍ നാലിന്‌ സാമന്തയും റാഫാലെയും അറസ്റ്റിലായി. തുടര്‍ന്ന്‌ നാലു വര്‍ഷത്തോളം തടവുശിക്ഷ അനുഭവിക്കുകയും ചെയ്‌തു.

ഇതിനിടെ ഇരുവരും നല്‍കിയ അപ്പീല്‍ സ്വീകരിച്ച്‌ കോടതി ഇവരെ വെറുതെ വിടുകയായിരുന്നു. എന്നാല്‍, പ്രതികളെ വെറുതെ വിട്ട നടപടി 2013 മാര്‍ച്ച്‌ 24ന്‌ ഇറ്റലിയിലെ സുപ്രീംകോടതി റദ്ദാക്കി. കേസില്‍ പുനര്‍വിചാരണ നടത്താനും ഉത്തരവിട്ടു. ഇതോടെയാണ്‌ കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ മൂന്നിന്‌ ഫ്‌ളോറന്‍സിലെ അപ്പീല്‍ കോടതിയില്‍ പുനര്‍വിചാരണ ആരംഭിച്ചത്‌. സാമന്തയെ 28 വര്‍ഷവും ആറുമാസവും തടവിനും റാഫാലെയ്‌ക്ക്‌ 26 വര്‍ഷം തടവും വിധിച്ച്‌ ഇന്നലെയാണ്‌ കോടതി ഉത്തരവിട്ടത്‌. ശിക്ഷ വിധിക്കുമ്പോള്‍ സാമന്ത അമേരിക്കയിലായിരുന്നു. എന്നാല്‍, ഇറ്റലിയില്‍നിന്നും രക്ഷപെടാന്‍ ശ്രമിച്ച റാഫാലെയെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top