കരുത്തും ഊര്‍ജ്ജവും പകര്‍ന്ന മുജാഹിദ് സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

mujahid_0കോട്ടക്കല്‍: എടരിക്കോട് നവോത്ഥാന നഗറില്‍ നാല് ദിവസമായി നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം. നവോത്ഥാന മുന്നേറ്റത്തിന് പുതിയ കരുത്തും ഊര്‍ജവും പകര്‍ന്നാണ് എട്ടാമത് മുജാഹിദ് സംസ്ഥാനസമ്മേളനം കുറിച്ചത്.

മതം, മാനവികത, നവോത്ഥാനം എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തിന്റെ അവസാനദിവസം ഒഴുകിയത്തെിയത് ജനലക്ഷങ്ങളായിരുന്നു. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ജീവിത രീതികളിലുണ്ടായ പുതിയ മാറ്റങ്ങളുടെ ഗതിവിഗതികള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.

ആറ് വേദികളില്‍ 41 സെഷനുകളിലായി നടന്ന സമ്മേളനത്തില്‍ അഞ്ച് ലക്ഷത്തോളം പേരാണ് നാല് ദിവസത്തിനുള്ളില്‍ എടരിക്കോട് നവോത്ഥാന നഗറിലത്തെിയത്. സ്ഥിരം പ്രതിനിധികളായി വനിതകളടക്കം ഒരു ലക്ഷത്തോളം ആളുകളുമുണ്ടായിരുന്നു. പ്രധാനവേദിയില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവര്‍ സംബന്ധിച്ചു.

അഭിപ്രായവ്യത്യാസം മറന്ന് സമുദായ ഐക്യത്തിനായി മുജാഹിദ് പ്രസ്ഥാനം നേതൃത്വംനല്‍കുമെന്ന് സമാപന സമ്മേളനത്തിന് സ്വാഗതം പറഞ്ഞ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. എടരിക്കോട് നടന്ന മുജാഹിദ് സമ്മേളനത്തോട് ഇതര ഇസ്‌ലാമിക സംഘടനകള്‍ കാണിച്ച ഐക്യദാര്‍ഢ്യം ആശാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറിയ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ എന്നും അകല്‍ച്ചയില്‍ നില്‍ക്കാന്‍ മുജാഹിദ് പ്രസ്ഥാനത്തിന് താല്‍പ്പര്യമില്ല. വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ കാല്‍വയ്പുകളാണ് പ്രസ്ഥാനം നടത്തിയത്. പ്രശസ്തമായ കലാലയങ്ങള്‍ സ്ഥാപിച്ചതും മരം നടുക-വളര്‍ത്തുക, കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക തുടങ്ങിയ സംരംഭങ്ങളും അക്കൂട്ടത്തില്‍ ചിലതു മാത്രം. സമാനമായ പദ്ധതികള്‍ക്ക് പ്രസ്ഥാനം വീണ്ടും രൂപം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment