ഇങ്ങനെയാണോ സ്ത്രീ സ്വാതന്ത്ര്യം നേടേണ്ടത്?

bindukrishnaപ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് അവരുടെ ഒരു കഥയില്‍ സ്ത്രീ കഥാപാത്രത്തിന്റെ ദൈന്യത വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നുണ്ട്. ജോലി ചെയ്ത് കുടുംബം പോറ്റേണ്ടുന്ന മൂത്ത മകന്‍ വീട്ടില്‍ ചടഞ്ഞു കൂടിയതിനാല്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ കുടുംബത്തെ രക്ഷിക്കാന്‍ വേലക്കു പോകുന്ന മകള്‍. പക്ഷേ ജോലി ചെയ്തു വന്നാല്‍ ‘ഒരു പെണ്ണ് ചെയ്യേണ്ടുന്ന വീട്ടു ജോലി’ മുഴുവന്‍ അവള്‍ക്ക് വേണ്ടി അമ്മ ബാക്കി വെച്ചിട്ടുണ്ടാവും. പുരുഷന് ലഭിക്കേണ്ടുന്ന ആണധികാരങ്ങളൊക്കെ സുഭിക്ഷമായി മകനും നല്‍കി പോരുന്നു. പുരുഷമേധാവിത്വത്തിന്റെയും പരമ്പരാഗതമായി അനുഭവിച്ചു വന്ന ആണ്‍സുഖത്തിന്റെയും പരിഹാസ്യമായിരുന്നു ആ കഥ. അച്ചടി ദൃശ്യ മാധ്യമങ്ങളില്‍ സ്ത്രീ ചിന്തകള്‍ക്കും ആസ്വാദനങ്ങള്‍ക്കുമുള്ള ഇടം മുന്‍കാലത്തെ അപേക്ഷിച്ച് കൂടുതല്‍ ശക്തി പ്രാപിക്കുമ്പോള്‍ സാധാരണക്കാരുടെ ജീവിതം വലിയ മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തില്‍ അതെത്ര മാത്രം പുരോഗമന സമത്വവാദം ഉദ്‌ഘോഷിച്ചാലും സ്ത്രീ നേതാക്കളുടെയും അനുയായികളുടെയും അവസ്ഥ എന്നും അത്ര ഭേദമായിരുന്നില്ല. പിന്‍സീറ്റ് െ്രെഡവിങ് എന്നത് ഇതിനോടനുബന്ധിച്ച് സാധാരണ നാം കേട്ടുവന്ന പ്രയോഗമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പത്രമാധ്യമങ്ങളില്‍ വന്ന രണ്ട് വാര്‍ത്തകള്‍ ഇതിലേക്ക് ചേര്‍ത്ത് വായിക്കുന്നത് നന്നായിരിക്കും. പാറക്കടവ് ഗ്രാമപഞ്ചായത്തില്‍ സി.പി.എം വനിത അംഗങ്ങളും കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനും ഏറ്റുമുട്ടിയ വാര്‍ത്ത അത്ഭുതത്തോടു കൂടിയാണ് വായനക്കാര്‍ വായിച്ചത്. കൂടെ മൂക്കില്‍ നിന്നും ചോരയൊലിച്ച അവസ്ഥയിലിരിക്കുന്ന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്റെ ചിത്രവും. വാക്കേറ്റത്തിനിടയില്‍ തുണിയില്‍ പൊതിഞ്ഞ കല്ലുമായി വനിതാ അംഗം ചെയര്‍മാന്റെ മൂക്കിന് ഇടിക്കുകയായിരുന്നു എന്നാണ് പരാതി.

പിറ്റേ ദിവസം ചാനലുകളില്‍ നിറഞ്ഞു നിന്ന വാര്‍ത്ത മഹിളാ കോണ്‍ഗ്രസ് നയിക്കുന്ന സ്ത്രീ മുന്നേറ്റ യാത്രക്കിടെ മൈക്ക് ഓഫാക്കിയതിനെതിരെ ബിന്ദു കൃഷ്ണ പോലീസിനോട് കയര്‍ക്കുന്നതാണ്. പുരുഷ നേതാവാണ് സംസാരിക്കുന്നതെങ്കില്‍ മൈക്ക് ഓഫ് ചെയ്യുമോയെന്ന ചോദ്യവും പോലീസിന്റെ തൊപ്പി തെറിപ്പിക്കുമെന്ന ഭീഷണിയും ചാനലുകളില്‍ നിറഞ്ഞു നിന്നു. പക്ഷേ ഒരു രാഷ്ട്രീയ പ്രതിനിധിയില്‍ നിന്നും സാധാരണക്കാര്‍ പ്രതീക്ഷിക്കുന്ന ഭാവമാറ്റങ്ങളായിരുന്നില്ല മഹിളാ കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടായതെന്ന് എതിര്‍പക്ഷ വായനയുണ്ടായേക്കാം. സാധാരണക്കാരായ സ്ത്രീകള്‍ നേടാനാഗ്രഹിക്കുന്ന നീതിയും സമത്വും ഇടവും ഇതുതന്നെയാണോ…? അതോ…?

Print Friendly, PDF & Email

Leave a Comment