പാക്ക് സര്‍ക്കാറിനു മുന്നില്‍ താലിബാന്റെ പുതിയ നിബന്ധനകള്‍

talibanഇസ്‌ലാമാബാദ് : പാക്കിസ്ഥാനില്‍ ഒരു പതിറ്റാണ്ടിലേറെ കാലമായി തുടരുന്ന രക്തച്ചൊരിച്ചിലുകള്‍ക്ക് പരിഹാരം തേടി താലിബാനുമായി ചര്‍ച്ചക്ക് സന്നദ്ധമായ സര്‍ക്കാറിന് മുന്നില്‍ താലിബാന്‍ പുതിയ നിബന്ധനകള്‍ വെച്ചു.

പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തടവിലാക്കിയ പോരാളികളെ വിട്ടയക്കുകയും ഗോത്രമേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യുക തുടങ്ങിയ നിബന്ധനകളാണ് സമാധാന ചര്‍ച്ചകളുടെ വിജയത്തിന് താലിബാന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

വധശിക്ഷക്ക് വിധിക്കപ്പെട്ടവരടക്കം 4,000 ത്തോളം തടവുകാരെ മോചിപ്പിക്കണമെന്നാണ് താലിബാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തടവുകാരുടെ മോചനം താലിബാന്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്. രാജ്യത്ത് ഇസ്‌ലാമിക ശരീഅത്തും ഇസ്‌ലാമിക വിദ്യാഭ്യാസ രീതിയും നടപ്പിലാക്കുക, അമേരിക്കയുമായുള്ള പാക്കിസ്ഥാന്റെ സൈനിക സഹകരണം അവസാനിപ്പിക്കുക, ഡ്രോണ്‍ അക്രമണങ്ങളും പലിശയധിഷ്ടിത ബാങ്കിംഗും നിര്‍ത്തലാക്കുക എന്നീ നിബന്ധനകളും താലിബാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

താലിബാന്‍ മുന്നോട്ട് വെച്ച പുതിയ കര്‍ശന നിബന്ധനകള്‍ സമാധാന ചര്‍ച്ചകളുടെ വിജയസാധ്യതക്ക് തുടക്കത്തില്‍ തന്നെ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴായ്ച്ചയാണ് തഹ്‌രീകെ താലിബാനുമായി പാക് സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചത്. രാജ്യത്തെ പ്രമുഖ മത നേതാക്കളാണ് താലിബാനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം വടക്കന്‍ വസീറിസ്ഥാനിലെ താലിബാന്‍ കേന്ദ്രത്തിലെത്തി താലിബാന്‍ നേതാക്കളെ സന്ദര്‍ശിച്ച പ്രതിനിധി സംഘം അവര്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ പാക് സര്‍ക്കാറിനെ അറിയിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment