അന്തരിച്ച സി.പി.ഐ നേതാവിന്റെ മകന്‍ കോണ്‍ഗ്രസ് എം.പിക്ക് അവാര്‍ഡ് നല്‍കുന്നു, എതിര്‍പ്പുമായി സി.പി.ഐ

കൃഷ്ണന്‍ കണിയാംപറമ്പില്‍
കൃഷ്ണന്‍ കണിയാംപറമ്പില്‍

അന്തിക്കാട്: സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായിരുന്ന കൃഷ്ണന്‍ കണിയാംപറമ്പിലിന്റെ ചരമവാര്‍ഷികം മകനും സി.പി.ഐയും തമ്മിലുള്ള ചേരിപ്പോരിലേക്ക്.

കണിയാംപറമ്പിലിന്റെ ഒമ്പതാം ചരമവാര്‍ഷികം പ്രമാണിച്ച് മകന്‍ ലിന്‍റില്‍ കൃഷ്ണന്‍ ‘അനശ്വരം-വിപ്ലവഗന്ധം’ എന്ന പേരില്‍ അനുസ്മരണവും അവാര്‍‌ഡ് വിതരണവും സംഘടിപ്പിക്കുന്നുണ്ട്. ഈ കൂട്ടായ്മ, മികച്ച എം.പിയായി പി.സി. ചാക്കോ എം.പിയെയാണ് തിരഞ്ഞെടുത്തത്. മികച്ച നിയമസഭാംഗമായി വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എയെയും തദ്ദേശസ്ഥാപന പ്രതിനിധിയായി കോണ്‍ഗ്രസ് നേതാവുകൂടിയായ നാട്ടിക പഞ്ചായത്ത് പ്രസിഡന്‍റ് അനില്‍ പുളിക്കലിനെയും തിരഞ്ഞെടുത്തു. അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്ത കമ്മിറ്റിയുടെ പ്രസിഡന്‍റ് യൂത്ത്കോണ്‍ഗ്രസ് നേതാവ് എം.വി. അരുണാണ്. കണിയാംപറമ്പിലിനെ അവഹേളിച്ചെന്നുപറഞ്ഞ് വി.എസ്. സുനില്‍കുമാര്‍ അവാര്‍ഡ് നിരസിക്കുകയും ചെയ്തു. ഇതാണ് സി.പി.ഐയും ലിന്‍റില്‍ കൃഷ്ണനും തമ്മില്‍ പോരിനുകാരണം.

കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി പുലബന്ധം പോലുമില്ലാത്ത കൃഷ്ണന്‍ കണിയാംപറമ്പിലിന്റെ മകന്റെ അവാര്‍ഡ് സി.പി.ഐക്കോ സി.പി.ഐയുടെ ജനപ്രതിനിധികള്‍ക്കോ വേണ്ടെന്ന് സി.പി.ഐ സംഘടിപ്പിച്ച അനുസ്മരണചടങ്ങില്‍ സി.പി.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ജയദേവന്‍ തുറന്നടിച്ചു. കണിയാംപറമ്പിലിന്റെ ഭാര്യയുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.

കോണ്‍ഗ്രസിനെതിരെ പൊരുതിയിരുന്ന കൃഷ്ണന്‍ കണിയാംപറമ്പിലിന്റെ ഫോട്ടോ വെച്ച ബോര്‍ഡില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിഷ്ഠിച്ചാണ് കണിയാംപറമ്പിലിന്റെ മകന്‍ പി.സി. ചാക്കോക്ക് അവാര്‍ഡ് നല്‍കുന്നത്. കണിയാംപറമ്പിലിന്റെ മകന്‍ പാര്‍ട്ടിയില്‍ ഇല്ല. പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ പുറത്തുകളയും. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ പുറത്താക്കുന്ന രീതിയാണ് സി.പി.ഐയില്‍. സി.പി.എമ്മിലാണെങ്കില്‍ വി.എസ്. പാര്‍ട്ടിയെ ധിക്കരിച്ച് പലതും തുറന്നുപറയുകയാണ്. ഇത് തെറ്റാണ്. അങ്ങനെയാണെങ്കില്‍ വി.എസ് ആം ആദ്മി പാര്‍ട്ടിയിലേക്ക് പോകട്ടെ. നേരത്തെ കണിയാംപറമ്പിലിന്റെ മകന്‍ ചാക്കോക്ക് പുറമെ ടി.എന്‍. പ്രതാപന്‍ എം.എല്‍.എക്കും അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതാണെന്ന് ജയദേവന്‍ പറഞ്ഞു. പിന്നെയാണ് വി.എസ്. സുനില്‍കുമാറിനെ ആ സ്ഥാനത്ത് പരിഗണിച്ചത്.

കാഞ്ഞാണി സെന്‍ററിലായിരുന്നു അനുസ്മരണം. സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ മുല്ലക്കര രത്നാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പെന്നും കോണ്‍ഗ്രസും ബി.ജെ.പിയും ഇത്തവണ പുറത്തുപോകുമെന്നും മൂന്നാം ബദല്‍ രാജ്യം ഭരിക്കുമെന്നും കോണ്‍ഗ്രസിന് മൂന്നാംബദലിനെ പിന്തുണക്കുന്ന അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണന്‍ കണിയാംപറമ്പിലിന്റെ മകന്‍ ലിന്‍റില്‍ കൃഷ്ണന്റെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് അരുണിന്റെയും നേതൃത്വത്തില്‍ 17ന് കണ്ടശാംകടവില്‍ കണിയാംപറമ്പില്‍ അനുസ്മരണവും അവാര്‍ഡ് വിതരണവും സംഘടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടകന്‍. ഈ പരിപാടിയില്‍ അമ്മയെ പങ്കെടുപ്പിക്കാന്‍ മകന്‍ ലിന്‍റില്‍ കഠിനശ്രമം നടത്തുന്നുണ്ട്. അതേസമയം, പാര്‍ട്ടി അംഗമായ അവരോട് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി വിലക്ക് ലംഘിച്ച് അവര്‍ മകന്‍ ഒരുക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ലിന്‍റില്‍ കൃഷ്ണന്‍ ഒരുക്കുന്ന സൗഹൃദ കൂട്ടായ്മ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കോണ്‍ഗ്രസ് സ്പോണ്‍സര്‍ ചെയ്ത പരിപാടിയാണെന്നാണ് സി.പി.ഐ നേതാക്കളുടെ കുറ്റപ്പെടുത്തല്‍. മകനെ മുന്നില്‍നിര്‍ത്തി കൃഷ്ണന്‍ കണിയാംപറമ്പിലിനെ ‘വിറ്റ് കാശാക്കാനുള്ള’ ശ്രമമാണ് പരിപാടിക്ക് പിന്നിലെന്ന് സി.പി.ഐ നേതാക്കള്‍ ആരോപിച്ചു. ഇതിന്റെ പേരില്‍ വന്‍പണപ്പിരിവാണ് നടക്കുന്നത്. കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രവര്‍ത്തനം നടത്തുകയും അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുകയും ചെയ്ത കൃഷ്ണന്‍ കണിയാംപറമ്പിലിന്റെ പേര് ദുരുപയോഗം ചെയ്യാന്‍ അദ്ദേഹത്തിന്റെ മകനെ കരുവാക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വോട്ടുകിട്ടാനാണ് കണിയാംപറമ്പിലിന്റെ പേരില്‍ പി.സി. ചാക്കോയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് ഏറ്റവും കുറവ് ഫണ്ട് ചെലവഴിച്ച എം.പിയാണ് ചാക്കോ. അവാര്‍ഡ് വിതരണത്തെ കുറിച്ച് പറയാതെയാണ് സി.പി.ഐ നേതാക്കളുടെ പേര് നോട്ടീസില്‍വെച്ചത്. ചടങ്ങുമായി സി.പി.ഐക്ക് ബന്ധമില്ലന്നും പരിപാടി സി.പി.ഐ ബഹിഷ്കരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

അതേസമയം, ലിന്‍റില്‍ കൃഷ്ണന്‍ സെക്രട്ടറിയായ സൗഹൃദകൂട്ടായ്മ പരിപാടിയുമായി മുന്നോട്ടുപോകുകയാണ്.

Print Friendly, PDF & Email

Related News

Leave a Comment