Flash News

അറിവിന്റെ ആദ്യാക്ഷരത്തോടൊപ്പം കൃഷിയുടെ ബാലപാഠങ്ങളും സ്വായത്തമാക്കിയ കുരുന്നുകള്‍

February 14, 2014 , ഷമീന പി.കെ.

vegetable-2

അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ പാഠശാലയിലെത്തിയ കുരുന്നുകള്‍, കൃഷിയുടെ ബാലപാഠങ്ങളും കരസ്ഥമാക്കിയപ്പോള്‍ സ്‌കൂള്‍ വളപ്പില്‍ കാര്‍ഷികവിളകളുടെ പച്ചപ്പട്ടു വിരിച്ച കാഴ്ച ഏവരേയും മനം മയക്കുന്നതായി. മുള്ളും മുരടും മൂര്‍ഖന്‍ പാമ്പും നിറഞ്ഞിരുന്ന മലപ്പച്ചേരി ഗവ. എല്‍.പി.സ്‌കൂളിലെ ആറേക്കര്‍ പ്രദേശം ഇന്ന് പച്ചപ്പട്ടാടയണിഞ്ഞിരിക്കുകയാണ്. അധ്യാപക വിദ്യാര്‍ത്ഥി രക്ഷാകര്‍തൃ കൂട്ടായ്മയിലൂടെ പാറപ്പുറത്തും പൊന്ന് വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍.

പ്രധാനാധ്യാപകന്‍ സലീമിന്റെ ആശയമാണ് തരിശിട്ടിരുന്ന സ്‌കൂള്‍വളപ്പിനെ ഹരിതാഭമാക്കാന്‍ സഹായകമായത്. സ്‌കൂളിലെ 95 വിദ്യാര്‍ത്ഥികളും അധ്യാപകരായ ടി.സുരേശനും ഉഷ മുണ്ടവളപ്പിലും അനിത കരിമ്പിലും കെ.കൃഷ്ണനും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. അഞ്ച് വര്‍ഷം മുമ്പാണ് ഇദ്ദേഹം സ്‌കൂളിന്റെ പ്രധാനാധ്യാപകനായി ചുമതലയേറ്റെടുക്കുന്നത്.

2010 മുതല്‍ പരിസ്ഥിതി ക്ലബ്ബിന്റെയും പി.ടി.എ വികസന സമിതിയുടെയും ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വളപ്പില്‍ എല്ലാത്തരം വൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടുവളര്‍ത്തുന്നതിനും പച്ചക്കറി കൃഷിക്കുമുള്ള ശ്രമങ്ങളാരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ സഹായത്തോടെ പാറകള്‍ നിറഞ്ഞ സ്ഥലം ബണ്ടുകളാക്കി മണ്ണിട്ട് നികത്തി കൃഷി തുടങ്ങി. ഇപ്പോള്‍ ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ നിരവധി വൃക്ഷങ്ങളും ഔഷധസസ്യങ്ങളും പച്ചക്കറികളും കരുത്തോടെ വളരുന്നു.

1500 മാവ്, 200 മഹാഗണി, 50 ഇലഞ്ഞി, 50 കുമ്പിള്‍, 25 നെല്ലി, പൈനാപ്പിള്‍, പേര, ഉങ്ങ്, വേങ്ങ, ബദാം, സപ്പോട്ട, അത്തി, ഞാവല്‍, ഔഷധസസ്യങ്ങളായ ഏകനായകം, രാമച്ചം, കറുവപ്പട്ട, കരിനൊച്ചി, ചിറ്റരത്ത, മഞ്ഞള്‍, കച്ചോലം, ചങ്ങലംപരണ്ട, വാതംകൊല്ലി, ഉരുപ്പ്, പതിമുഖം, ആലം, കടുക്ക, മരുത് എന്നിവയോടൊപ്പം കോവയ്ക്ക, ചേമ്പ്, ചേന, പയര്‍, വെണ്ട, ചീര, കപ്പ, വാഴ എന്നിവയും ഇടംനേടിയിരിക്കുന്നു. ഇതു കൂടാതെ തേനീച്ചവളര്‍ത്തലും വിജയകരമായി ചെയ്തു വരുന്നു. സ്‌കൂളില്‍ നിര്‍മ്മിച്ച മണ്ണിര കമ്പോസ്റ്റില്‍ നിന്നുള്ള വളമാണ് പച്ചക്കറികള്‍ക്ക് പ്രധാനമായും ചേര്‍ക്കുന്നത്. കൂടാതെ കൃഷിഭവന്‍ മുഖേന ലഭ്യമാക്കുന്ന ട്രൈക്കോഡെര്‍മ, വേപ്പിന്‍ പിണ്ണാക്ക് എന്നിവയും നല്‍കിയപ്പോള്‍ പച്ചക്കറികള്‍ കരുത്തോടെ വളരാന്‍ തുടങ്ങി.

vegetable

2011-12 വര്‍ഷത്തില്‍ 24000 രൂപയുടെ വാഴക്കുലകളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഉച്ചക്കഞ്ഞിക്കാവശ്യമായ വാഴക്കുലകളെടുത്തതിനു ശേഷം 2000 രൂപയുടെ വില്‍പ്പന നടത്തുവാന്‍ സാധിച്ചു. ഈ വര്‍ഷം 300 വാഴകളാണ് നട്ടത്. 200 കിലോ ചേന വിളവെടുത്തു കഴിഞ്ഞു. 20,000 രൂപയുടെ കപ്പയും വില്‍പ്പന നടത്തി. 3000 ത്തോളം മാങ്ങാവിത്ത് വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നിന്നും ശേഖരിച്ച് സ്‌കൂളില്‍ വച്ച് മുളപ്പിച്ചാണ് 1500 മാവിന്‍തൈ സ്‌കൂള്‍ വളപ്പില്‍ നട്ടത്. വിത്ത് പാകലും ചെടിക്ക് വെള്ളം നനക്കലും വിദ്യാര്‍ത്ഥികള്‍ ഉല്‍സാഹത്തോടെ ചെയ്യുന്നു. കൂടാതെ ഒരു ദിവസം ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി സേവനം ചെയ്യണമെന്ന നിബന്ധനയും വച്ചു. ഇതു ഏറെ ഗുണകരമായെന്ന് പ്രധാനാധ്യാപകന്‍ ടി.എം സലീം പറഞ്ഞു.

ഈ വര്‍ഷം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 50,000 രൂപയുടെ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടപ്പിലാക്കി വരുന്നത്. നീര്‍ത്തട വികസന പദ്ധതിയുടെ ഭാഗമായി പള്ളം കെട്ടി ഉയര്‍ത്തി വെള്ളം സംരക്ഷിക്കുവാനുള്ള വലിയൊരു കുളവും നിര്‍മ്മിച്ചു കഴിഞ്ഞു. 120000 രൂപയാണ് ഇതിനായി പഞ്ചായത്ത് ചെലവഴിച്ചത്. ഇത് കുട്ടികള്‍ക്ക് നീന്തല്‍ കുളമായി മാറ്റാന്‍ സാധിച്ചു. കൂടാതെ കൃഷി വകുപ്പിന്റെ ഒരു ലക്ഷം രൂപയുടെ പദ്ധതികളും സ്‌കൂളില്‍ നടപ്പിലാക്കി വരുന്നു. ജൈവവളം, സ്‌പ്രേയര്‍, 5000 ലിറ്റര്‍ വാട്ടര്‍ ടാങ്ക് എന്നിവയാണ് പദ്ധതി പ്രകാരം നടപ്പിലാക്കുന്നത്. കുട്ടികളെ പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി പുരാവസ്തു മ്യൂസിയവും സ്‌കൂളില്‍ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച മ്യൂസിയത്തില്‍ പണപ്പെട്ടി മുതല്‍ വിത്ത്‌കൊട്ട വരെയുള്ള 80 ഓളം പുരാവസ്തുശേഖരമാണുള്ളത്. സ്‌കൂളിന്റെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മികച്ച പരിസ്ഥി പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്, മികച്ച പി.ടി.എയ്ക്കുള്ള അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ സ്‌കൂളിനെ തേടിയെത്തിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top