Flash News

കേരളത്തില്‍ വനിതാ പൊലീസുകാരുടെ എണ്ണം കൂട്ടണമെന്ന് സോണിയ

February 16, 2014 , സ്വന്തം ലേഖകന്‍

06nirbhayasoniaകൊച്ചി: കേരള പൊലീസിലെ വനിത അംഗങ്ങളുടെ എണ്ണം അഞ്ചു ശതമാനത്തില്‍നിന്ന് അഞ്ചു വര്‍ഷത്തിനുള്ളില്‍ 25 ശതമാനമായി ഉയര്‍ത്തണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് മാത്രമായി ആറു പൊലീസ് സ്റ്റേഷന്‍ തുറന്നത് കേരളത്തിന്റെ മാതൃകാപരമായ നടപടിയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വനിത സംവരണ ബില്‍ ലോക്സഭയില്‍ പാസാക്കാന്‍ ശ്രമം തുടരും. സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വനിത സംവരണ ബില്‍ പാസാക്കാന്‍ കഴിയാതിരുന്നത് നിരാശാജനകമാണ്. സ്ത്രീ സുരക്ഷയില്‍ കേരളം നടപ്പാക്കുന്ന പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കണം. നിര്‍ഭയ പദ്ധതി ഏറെ മാതൃകാപരമാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യാന്‍ രണ്ടു പ്രത്യേക കോടതി കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ദല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ഭയ പദ്ധതിയുടെ ഭാഗമായി കേന്ദ്രസഹായത്തോടെയാണ് പദ്ധതി. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ ഏഴരക്കോടി ഉപയോഗിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സന്നദ്ധ സേവകരായ നിര്‍ഭയ വളന്‍റിയര്‍മാരാണ് പദ്ധതിയുടെ പ്രധാന ഘടകം. കുടുംബശ്രീ, ജനശ്രീ, മറ്റ് സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയിലെ സേവന സന്നദ്ധരായ സ്ത്രീകളെയാണ് പരിശീലനം നല്‍കി നിയോഗിക്കുക.

സംസ്ഥാനത്താകെ 12,000 വളന്‍റിയര്‍മാര്‍ പദ്ധതിയുടെ ഭാഗമായുണ്ടാകും. പഞ്ചായത്തില്‍ 10, മുനിസിപ്പാലിറ്റികളില്‍ 30, നഗരസഭകളില്‍ 100 എന്ന ക്രമത്തില്‍ വളന്‍റിയര്‍മാരെ നിയമിക്കും. ഇവര്‍ക്ക് യൂനിഫോം, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ അലവന്‍സ് എന്നിവ നല്‍കും. മറ്റു പ്രതിഫലം ഉണ്ടാവില്ല. പുനരധിവാസം ആവശ്യമുള്ള കേസുകളില്‍ സാമൂഹികക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് അതിനുള്ള സൗകര്യവും ഒരുക്കും.

വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമവ്യവസ്ഥകള്‍, സ്വയംപ്രതിരോധം, പ്രഥമശുശ്രൂഷ, കൗണ്‍സലിങ് രീതികള്‍, പൊലീസിന്റെ സഹായക സംവിധാനം എന്നിവ സംബന്ധിച്ച ബോധവത്കരണവും ഇവരുടെ ചുമതലയാണ്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അനധികൃതമായ മനുഷ്യക്കടത്തും അതുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണവും തടയുന്നതിനായി ആന്‍റി ഹ്യൂമന്‍ട്രാഫിക്കിങ് സെല്ലുകള്‍ ശക്തിപ്പെടുത്തും. ആദ്യഘട്ടമായി തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കാസര്‍കോട്, കോഴിക്കോട്, കൊച്ചി നഗരം എന്നിവിടങ്ങളില്‍ ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്ലുകള്‍ ആരംഭിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top