പെണ്ണെഴുത്തുകളെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയായി പെണ്ണുങ്ങളുടെ കഥ പറഞ്ഞ ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ റിലീസായിട്ടുണ്ട്. ദേശാടനക്കിളി കരയാറില്ല എന്ന പത്മരാജന് ചിത്രം, കള്ളിച്ചെല്ലമ്മ തുടങ്ങി ന്യൂജനറേഷനിലെ ഓംശാന്തി ഓശാന വരെ പെണ്ണിനെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രങ്ങളാണ്. പേരില്‍ മാത്രം ‘ഫീമെയില്‍’ ഉള്‍പ്പെടുത്തി സ്ത്രീ വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിയ ചിത്രങ്ങളും കുറവല്ല.
പെണ്‍സിനിമകള്‍ വിജയിക്കുമോ എന്ന സംശയം പല സിനിമാ പ്രവര്‍ത്തകരെയും ഇത്തരം സിനിമകള്‍ ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിയ്ക്കുന്നു. എന്നാല്‍ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയ പെണ് സിനിമകള്‍ മലയാളത്തിലുണ്ട്. സ്ത്രീയുടെ കഥപറഞ്ഞ ഒട്ടേറെ ചിത്രങ്ങളില്‍ നിന്നും ചില ചിത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക പ്രയാസകരമാണ്. സ്ത്രീപക്ഷ സിനിമയെന്നാല്‍ പ്രതികാരത്തിന്റെ സിനിമ മാത്രമല്ല. നല്ല കഥയും കഥാപാത്രങ്ങളും അണിനിരന്ന മലയാളത്തിലെ ചില പെണ് സിനിമകളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.
കള്ളിച്ചെല്ലമ്മ – ശോഭന പരമേശ്വരന് നായര്‍ നിര്‍മ്മിച്ച് 1969 ല്‍ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മ മികച്ച സ്ത്രീ പക്ഷ സിനിമകളിലൊന്നായിരുന്നു. കള്ളിച്ചെല്ലമ്മയായി വേഷമിട്ട് ഷീലയ്ക്ക് 1969 ല്‍ മികച്ച നടിയ്ക്കുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു.
ദേശാടനക്കിളി കരയാറില്ല – ലൈംഗികതയെ തന്നെ പാപമെന്ന് നോക്കിക്കണ്ട കാലഘട്ടത്തിലാണ് പരോക്ഷമായി ലെസ്ബിയന്‍ ബന്ധത്തിന്റെ കഥപറഞ്ഞ ദേശാടനക്കിളി കരയാറില്ല എന്ന ചിത്രം പുറത്തിറങ്ങിയത്. പത്മരാജന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം1986 ലാണ് പുറത്തിറങ്ങുന്നത്. കാര്‍ത്തികയും ശാരിയുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
വൈശാലി – വാത്സ്യായന്റെ കാമസൂത്രം പഠിച്ചവളാണ് ദാസിയുടെ മകളായ വൈശാലി. അതിനാല്‍ തന്നെ ഋശ്യശ്യംഗനെ വശീകരിയ്ക്കാന്‍ അവളോളം മിടുക്കിയായ മറ്റൊരു സ്ത്രീയ കണ്ടെത്താനാകില്ല. തന്റെ ആഗ്രഹങ്ങള്‍ മൂല്യമില്ലാത്താണെന്ന തരിരിച്ചറിവില് സര്‍വ്വവും തൃജിക്കേണ്ടി വരുന്ന എല്ലാവരാലും ചതിയ്ക്കപ്പെടുന്ന സ്ത്രീയാണ് വൈശാലി. ഭരതന് സംവിധാനം ചെയ്ത ഏക പുരാണ് ചിത്രമാണ് വൈശാലി. കേന്ദ്രകഥാപാത്രമായ വൈശാലിയ്ക്ക് ജീവന് പകര്‍ന്നത് സുപര്ണ്ണയായിരുന്നു. എംടിയുടേതാണ് തിരക്കഥ.
വെങ്കലം – ലോഹകര്‍മ്മം കുലത്തൊഴിലാക്കിയ മൂശാരി സമൂഹത്തില്‍ മുന്‍കാലങ്ങളില്‍ നില നിന്നിരുന്ന ബഹുഭര്തൃസമ്പ്രദായമായിരുന്നു ചിത്രത്തിന്റെ പ്രമേയം. കെപിഎസി ലളിതയുടേയും ഉര്‍വശിയുടേയും കഥാപാത്രങ്ങള്‍ക്ക് ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരുന്നു. ലോഹിതദാസിന്റെ തിരക്കഥയും ഭരതന്റെ സംവിധാനവും കൂടിയായപ്പോള്‍ വെങ്കലമെന്ന മനോഹര ചിത്രം പിറന്നു. 1993 ലാണ് വെങ്കലം പുറത്തിറങ്ങിയത്.
കന്മദം – ജീവിത പ്രാരബ്ദങ്ങളില്‍ ജീവിയ്ക്കാന്‍ മറന്നുപോയ ഒരു പെണ്ണ് അതായിരുന്നു കന്മത്തിലെ ഭാനു. സമൂഹത്തോട് മുഴുവന്‍ അവള്‍ക്ക് വെറുപ്പായിരുന്നു. പുറമെ ഒരു തന്റേടിയാണെങ്കിലും അകമേ ഒരു സ്യ്രുടെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ സാധുവായ പെണ്‍കുട്ടി. തനിയ്ക്ക് ചുറ്റുമുള്ളവരുടെ കാമവെറി പൂണ്ട കണ്ണുകളില്‍ നിന്ന് രക്ഷപ്പെടുന്നതിന് തന്റേടത്തോടെ നില്‍ക്കുകയല്ലാതെ ഭാനുവിന് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. മൂവന്തി താഴ് വരയില്‍ വെന്തുരുകുന്ന സൂര്യനെപ്പോലെ എപ്പോഴും പ്രക്ഷുബ്ദമായിരുന്നു ഭാനുവിന്റെ മനസു. ലോഹിതതാസ് രചനയും സംവിധാനവും നിര്‍വഹിച്ച കന്മദം നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ ്സറ്റാര് ചിത്രത്തിലുള്ളപ്പോഴും മഞ്ജുവിന്റെ ഭാനു എന്ന കഥാപാത്രത്തിന് ചിത്രത്തില്‍ വിജയിക്കാന്‍ കഴിഞ്ഞു.
കല്ലു കൊണ്ടൊരു പെണ്ണ് – മികച്ച സ്ത്രീ പക്ഷ സിനിമയായിരുന്നു ശ്യമ പ്രസാദിന്റെ സംവിധാനത്തില്‍ 1998 ല്‍ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരുപെണ്ണ്.പ്രവാസിയായ ഒരു നഴ്സിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ വിജയശാന്തിയായിരുന്നു കേന്ദ്ര കഥാപാത്രം. സുരേഷ് ഗോപി, ദിലീപ് എന്നിവര്‍ ചിത്രത്തിലഭിനയിച്ചു.
മധുര നൊമ്പരക്കാറ്റ് – മധുരമുള്ള നൊമ്പരക്കാറ്റായി മാറിയ ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി മാറിയത് സംയുക്ത വര്‍മ്മയായിരുന്നു.
കസ്തൂരിമാന്‍ – പ്രിയംവദയെന്ന പെണ്‍കുട്ടിയെ കേന്ദ്രകാഥാപാത്രമാക്കിയാണ് ലോഹിയുടെ കസ്തൂരിമാന്‍ പുറത്തിറങ്ങിയത്. പ്രിയം വദയായി വേഷമിട്ടത് മീര ജാസ്മിന് ആയിരുന്നു. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെനായകന്‍. 2003 ലാണ് ചിത്രം പുറത്തിറങ്ങിയത്.
കണ്ണെഴുതി പൊട്ടും തൊട്ട് – മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടു തൊട്ട്. തന്റെ അച്ഛനേയും അമ്മയെയും കൊന്നവരോട് പ്രതികാരം ചെയ്യാനെത്തുന്ന ഭദ്രയെന്ന പെണ്‍കുട്ടിയുടെ കഥയാണ് കണ്ണെഴുതി പൊട്ടും തൊട്ട്.
ചിന്താവിഷ്ടയായ ശ്യാമള – ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന അലസനായ ഒരു ഭര്‍ത്താവുണ്ടായാല്‍ സ്ത്രീ തന്നെ ഗൃഗനാഥനും നായികയും ആവേണ്ടി വരും. ശ്രീനിവാസന്റെ സംവിധാനത്തില്‍ പിറന്ന ചിന്താവിഷ്ടയായ ശ്യാമള ഒരു സ്ത്രീ പക്ഷ സിനിമയായിരുന്നു.
പെരുമഴക്കാലം – കാവ്യ, മീരജാസമിന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമല്‍ ഒരുക്കിയ പെരുമഴക്കാലം നോവിന്റെ പെരുമഴക്കാലമായി മലയാളി മനസിലേയ്ക്ക് പെയ്തിറങ്ങി. ചിത്രത്തില്‍ ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കാവ്യയ്ക്ക് അവാര്‍ഡ് ലഭിച്ചു.
അച്ചുവിന്റെ അമ്മ – ഒരു അമ്മയുടേയും മകളുടേയും സ്നേഹത്തിന്റെ കഥപറഞ്ഞ അച്ചുവിന്റെ അമ്മ എന്ന ചിത്രവും നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു.
മിഴിരണ്ടിലും – ഭദ്ര, ഭാമ എന്നീ ഇരട്ട സഹോദരിമാരുടെ ജീവിത കഥപറഞ്ഞ മിഴിരണ്ടിലും എന്ന രഞ്ജിത്ത് ചിത്രം നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു. അഗസ്റ്റിന് ആയിരുന്നു നിര്‍മാതാവ്. കാവ്യാമാധവന് ഇരട്ട വേഷത്തില്‍ അഭിനയിച്ച ചിത്രത്തില്‍ ദിലീപ്, ഇന്ദ്രജിത്ത് എന്നിവര്‍ നായകന്മാരായി.
വെറുതെ ഒരു ഭാര്യ – അക്കു അക്ബറിന്റെ സംവിധാനത്തില്‍ 2008 ല്‍ പുറത്തിറങ്ങിയ വെറുതെ ഒരു ഭാര്യ എന്ന ചിത്രം നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു. ചിത്രത്തിനൊടുവില്‍ വെറുതെ അല്ല ഭാര്യ എന്നൊരു തിരിച്ചറിവ് പ്രേക്ഷകന് നല്കി. ഗോപികയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ബിന്ദുവിനെ അവതരിപ്പിച്ചത്. ജയറാം, നിവേദിത എന്നിവരും ചിത്രത്തിലഭിനയിച്ചു.
നീലത്താമര – 1979 ലാണ് നീലത്താമര പുറത്തിറങ്ങിയത്. 2009 ല്‍ ചിത്രം റീമേക്ക് ചെയ്തു. കുട്ടിമാളു (അംബിക, അര്‍ച്ചന കവി) എന്ന കേന്ദ്രകഥാപാത്രത്തെ മുന്‍ നിര്‍ത്തിയാണ് സിനിമ.
ഗദ്ദാമ – അന്യനാടുകളില്‍ തൊഴില്‍ തേടിയെത്തുന്ന മലയാളി സ്ത്രീകളുടെ ദുരിത ജീവിതങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കാവ്യയെ കേന്ദ്രകഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ മികച്ച പെണ് സിനിമയായിരുന്നു.
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് – കാവ്യയെ കേന്ദ്രകഥാപാത്രമാക്കി പുറത്തിറങ്ങിയ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രവും നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു.
എല്‍സമ്മ എന്ന ആണ്‍കുട്ടി – എല്‍സമ്മ ഒരു ആണ്‍കുട്ടി തന്നെയായിരുന്നു. ദുഖങ്ങള്‍ക്ക് മുന്പില് പകച്ച് നില്‍ക്കാതെ ജീവിതത്തിലേക്ക് ഒപ്പമുള്ളവരെയും കൈപിടിച്ചുയര്‍ത്തിയ എല്‍സമ്മയെ വെള്ളിത്തിരയിലെത്തിച്ചത് ലാല്‍ ജോസായിരുന്നു. ആന്‍ അഗസ്റ്റിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു എല്‍സമ്മ എന്ന ആണ്‍കുട്ടി.
ഓം ശാന്തി ഓശാന – അടുത്തിറങ്ങിയ ചിത്രങ്ങളില്‍ ദേ ദിത് ദിവളുടെ കഥയെന്ന് പറഞ്ഞ ഓം ശാന്തി ഓശാനയും നായികാ പ്രാധാന്യമുളള ചിത്രമാണ്. സസ്റിയ അവതരിപ്പിച്ച നായിക കഥാപാത്രമാണ് കഥയെ മുന്നോട്ട് നയിച്ചത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

നല്ല ലിസ്റ്റ് . 22 female കോട്ടയം വിട്ടു പോയ് ..