രാജീവ് വധക്കേസ് പ്രതികളുടെ മോചനത്തിന് കളമൊരുങ്ങുന്നു

Murugan-Santhan-and-Perariന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ മൂന്ന് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്തതോടെ ഇവരുടെ ജയില്‍ മോചനത്തിന് കളമൊരുങ്ങി. ക്രിമിനല്‍ ശിക്ഷാനിയമം 432, 433 വകുപ്പുകള്‍ അനുസരിച്ച് 23 വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇവരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. ശാന്തന്‍, പേരറിവാളന്‍, മുരുകന്‍ എന്നീ പ്രതികളുടെ ശിക്ഷയാണ് ഇളവ് ചെയ്തത്.

പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കാന്‍ കാലതാമസമെടുത്തുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് പി.സദാശിവം ഉള്‍പ്പെടുന്ന മൂന്നംഗ ബെഞ്ചിന്റെ നിര്‍ണായക വിധി. ജീവപര്യന്തമെന്നത് ജീവിത കാലം മുഴുവനുള്ള തടവുശിക്ഷയാണെങ്കിലം പതിനാല് വര്‍ഷം ശിക്ഷ അനുഭവിച്ച ഇവരുടെ മോചനം സംബന്ധിച്ച് സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്ന സൂചനയും കോടതി നല്‍കി. ഇതോടെ ഇവര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കണമോ എന്ന് തമിഴ്നാട് സര്‍ക്കാരിന് തീരുമാനിക്കാം. തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയ സംഘടനകളും കരുണാനിധി, വൈക്കോ തുടങ്ങിയ നേതാക്കളും പ്രതികളെ വിട്ടയക്കണമെന്ന നിലപാടെടുത്തിട്ടുള്ളതിനാല്‍ ഇവരെ സര്‍ക്കാര്‍ ഇടപെട്ട് മോചിപ്പിക്കുമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ വിഷയം മറ്റുപാര്‍ട്ടികള്‍ മുതലാക്കാതിരിക്കാന്‍ ജയലളിത കടുത്ത തീരുമാനമെടുക്കില്ലന്നാണ് പ്രതീക്ഷ. മൂന്നുപേരെയും വിട്ടയച്ച് തമിഴ് ജനതയുടെ പിന്തുണ നേടിയെടുക്കാനായിരിക്കും ജയലളിതയുടെ ശ്രമം.

1998ലാണ് മൂന്നുപേര്‍ക്കും വധശിക്ഷ വിധിച്ചത്. ഇതിനെതിരെ 2000 രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയെങ്കിലും 11 വര്‍ഷത്തിനു ശേഷമാണ് രാഷ്ട്രപതി ഇത് നിരസിച്ചത്. 2011ല്‍ ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് മദ്രാസ് ഹൈക്കൊടതി സ്റ്റേ ചെയ്തു. ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാലതാമസം വന്നതിന്റെ പേരില്‍ ജനുവരി 21ന് 15 കുറ്റവാളികളുടെ വധശിക്ഷ കോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. ഇതോടെയാണ് മൂന്നുപ്രതികളുടെയും കാര്യത്തില്‍ പ്രതീക്ഷയുണ്ടായത്. പേരറിവാളന്റെ അമ്മ ഇന്ത്യയിലുടനീളം സഞ്ചരിച്ച് മകന്റെ മോചനത്തിന് പ്രചാരണം നടത്തി. കേരളത്തിലത്തെിയ അവര്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അടക്കമുള്ളവരെ കണ്ട് പിന്തുണ അഭ്യര്‍ഥിച്ചിരുന്നു.

സുപ്രിംകോടതി ഉത്തരവനുസരിച്ച് മൂവരെയും ഉടന്‍ വിട്ടയക്കണമെന്ന് ഡി.എം.കെ നേതാവ് എം.കരുണാനിധി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. വധശിക്ഷ പാടെ നിര്‍ത്തണമെന്ന് താന്‍ ആവശ്യപ്പെട്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയ മുഴുവന്‍ ജീവപര്യന്തം തടവുകാരെയും വിട്ടയക്കണമെന്ന് ദലിത് പാന്തേഴ്സ് പാര്‍ട്ടി പ്രസിഡന്‍റ് തിരുമാവളവന്‍ ആവശ്യപ്പെട്ടു. വിധി ലോകമെമ്പാടുമുള്ള തമിഴര്‍ക്ക് ആശ്വാസം പകരുമെന്ന് എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോ പ്രസ്താവിച്ചു. ദ്രാവിഡ കഴകം പ്രസിഡന്‍റ് കെ. വീരമണി, സമത്വമക്കള്‍ കക്ഷി പ്രസിഡന്‍റ് ശരത്കുമാര്‍, നാം തമിഴര്‍ കക്ഷി പ്രസിഡന്‍റ് സീമാന്‍, മനിതനേയ മക്കള്‍ കക്ഷി ജനറല്‍ സെക്രട്ടറി പ്രഫ. ജവഹറുല്ല, പാട്ടാളി മക്കള്‍ കക്ഷി പ്രസിഡന്‍റ് ഡോ. രാമദാസ്, ഡി.എം.ഡി.കെ പ്രസിഡന്‍റ് വിജയ്കാന്ത് തുടങ്ങിയ നേതാക്കളും പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.

കുറ്റകൃത്യത്തില്‍ പ്രായശ്ചിത്തം പ്രകടിപ്പിക്കാത്തതിനാല്‍ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി വിധി. വധശിക്ഷ ജീവപര്യന്തമാക്കുന്നത് സംബന്ധിച്ച തത്ത്വം എന്താണെന്ന് ഇതേ കോടതി ജനുവരി 21ലെ വിധിയില്‍ വ്യക്തമാക്കിയതാണെന്ന് ചീഫ് ജസ്റ്റിസ് എഴുതിയ വിധിയില്‍ കേന്ദ്രസര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. ദയാഹരജി തീര്‍പ്പാക്കുന്നതില്‍ അസാധാരണവും വിശദീകരിക്കാനാകാത്തതുമായ കാലതാമസമുണ്ടായാല്‍ ഭീകരവിരുദ്ധ നിയമപ്രകാരം വിചാരണ ചെയ്തവരുടെയും ശിക്ഷ ഇളവ് ചെയ്യാമെന്നായിരുന്നു വിധി. ഈ വിധി അടിസ്ഥാനമായി സ്വീകരിച്ചാല്‍ കേസില്‍ കോടതിക്ക് മുമ്പാകെ ഒരേ ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ മതിയായിരുന്നു. മൂന്ന് പ്രതികളുടെ ദയാഹരജികള്‍ തീര്‍പ്പാക്കുന്നതിലുണ്ടായ കാലതാമസത്തിന് പ്രതികള്‍ കാരണക്കാരാണോ; അതല്ല, ഒഴിച്ചുകൂടാനാകാത്ത മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതാണ് ആ ചോദ്യമെന്ന് കോടതി തുടര്‍ന്നു.

തടവുകാലം പ്രതികള്‍ ആസ്വദിക്കുകയായിരുന്നെന്നും ഒരു തരത്തിലുള്ള പീഡനവും അവര്‍ സഹിച്ചിട്ടില്ലന്നുമുള്ള കേന്ദ്രത്തിന്റെ വാദം സുപ്രീംകോടതി നിരസിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ ശിക്ഷയില്‍ ഇളവുതേടാന്‍ ശാരീരീക പീഡനം തെളിയിക്കണമെന്ന വ്യാഖ്യാനം നിയമപരമായി നിലനില്‍ക്കുന്നതല്ലന്ന് കോടതി പറഞ്ഞു. നിരവധി കത്തുകളും തുടര്‍കത്തുകളും രാഷ്ട്രപതിക്ക് അയച്ചിട്ടും നടപടിയെടുക്കാതിരുന്നതുമൂലം പ്രതികള്‍ അനുഭവിച്ച പീഡനം ഓര്‍ക്കണമെന്ന് കോടതി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment