സുപ്രീംകോടതി വിലക്കി, രാജീവ് വധക്കേസ് പ്രതികളുടെ മോചനം നീളും

suprimcourtന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതിയുടെ സ്റ്റേ ചെയ്തതോടെ പ്രതികളുടെ മോചനം അനിശ്ചിതമായി നീളും. പ്രതികളെ വിട്ടയക്കരുതെന്ന് നിര്‍ദേശിച്ച കോടതി, മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരണമെന്നും അറിയിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ദയാഹരജിയില്‍ തീരുമാനമെടുക്കുന്നതില്‍ വൈകിയതിനാല്‍, അവരുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കിയിരുന്നു. തുടര്‍ന്നാണ്, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നീ പ്രതികളടക്കം ഏഴു പേരെയും വിട്ടയക്കാന്‍ ബുധനാഴ്ച തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. മൂന്നു ദിവസത്തിനകം കേന്ദ്രം തീരുമാനമറിയിച്ചില്ലങ്കില്‍ പ്രതികളെ മോചിപ്പിക്കുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചത്. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി പ്രതികളുടെ മോചനം ഒരറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കിയത്. പ്രതികള്‍ക്ക് ശിക്ഷ ഇളവുനല്‍കിയതിനെതിരെ റിവ്യൂ ഹരജി സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഇവരെ വിട്ടയക്കാന്‍ അധികാരമില്ലന്ന് കേന്ദ്രം പറഞ്ഞു. മാത്രമല്ല, വധക്കേസ് സി.ബി.ഐ അന്വേഷിച്ചതിനാല്‍, കേന്ദ്രസര്‍ക്കാറിന്‍െറ അനുമതിയോട് കൂടിയേ മോചനക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും ഹരജിയില്‍ വ്യക്തമാക്കി. കേസ് മാര്‍ച്ച് ആറിന് വീണ്ടും പരിഗണിക്കും. അതുവരെ പ്രതികള്‍ക്ക് മോചനമുണ്ടാകില്ല.

പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാറിന്‍െറ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്തത്തെിയത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. പ്രതികളെ മോചിപ്പിക്കുന്ന നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തമിഴ്നാടിന്‍െറ നീക്കം നിയമവിരുദ്ധമാണ്. രാജീവ് ഗാന്ധിയെ വധിച്ചത് ഇന്ത്യയുടെ ആത്മാവിനെ ആക്രമിച്ചതിനു തുല്യമാണ്. തീവ്രവാദ വിരുദ്ധ നിലപാടില്‍ ഒരു സര്‍ക്കാറിനും വെള്ളംചേര്‍ക്കാനാവില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേച്ചൊല്ലി വ്യാഴാഴ്ച ലോക്സഭയില്‍ കോണ്‍ഗ്രസ്-എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ തമ്മില്‍ ചൂടേറിയ വാഗ്വാദവുമുണ്ടായി. ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച കോണ്‍ഗ്രസിലെ സഞ്ജയ് നിരുപം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തി. രാജീവ് വധക്കേസില്‍ പ്രതികളെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കുക മാത്രമാണ് സുപ്രീംകോടതി ചെയ്തത്. ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. മുന്‍പ്രധാനമന്ത്രിയെ കൊന്നവരെ വെറുതെവിട്ട് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നത് തരംതാണ നടപടിയാണെന്നും സഞ്ജയ് നിരുപം ആരോപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment