Flash News

ഖത്തര്‍ കേരളീയത്തെ വരവേല്‍ക്കാന്‍ എഫ് സി സി ഒരുങ്ങുന്നു

February 23, 2014 , ഇന്റര്‍നാഷണല്‍ മലയാളി ന്യൂസ്

Students

വിശാലമായ ആകാശം പോലെ പരന്നുകിടക്കുന്ന ഖത്തറിലെ കലാ സാംസ്കാരിക സാഹിത്യ രംഗത്തെ തിളങ്ങിനില്‍ക്കുന്ന മഴവില്ലാണ് ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ് സി സി‌). വ്യത്യസ്ത വര്‍ണ്ണങ്ങളുള്ള വൈവിധ്യങ്ങളുള്ള മഴവില്ല്. വ്യത്യസ്ത മതത്തിലുള്ളവര്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവര്‍, വിവിധ ജില്ലകളീല്‍ നിന്ന് വരുന്നവര്‍, വ്യത്യസ്ത ആദര്‍ശങ്ങളുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍, അങ്ങനെ എല്ലാ വൈവിധ്യങ്ങളേയും ഒന്നിച്ചൊരു കുടക്കീഴില്‍ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക കേന്ദ്രമാണ് എഫ് സി സി. സേവന-ജീവ കാരു‌ണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യു എന്‍ അംഗീകാരമുള്ള ഖത്തര്‍ ചാരിറ്റിയുടെ പ്രാദേശിക സേവന പദ്ധതിയുമായി സഹകരിച്ചാണ് എഫ് സി സിയുടെ പ്രവര്‍ത്തനം.

നാട്ടില്‍ നിന്ന് ഖത്തറിലെത്തുന്ന ഏതൊരു മലയാളിക്കും വായന നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ബൃഹത്തായ ഗ്രന്ഥശാലയും എഫ് സി സിക്കുണ്ട്. മലയാളത്തിലെ പ്രശസ്തരായ എല്ലാ സാഹിത്യകാരന്മാരുടേയും പുസ്തകങ്ങളടങ്ങിയ വലിയൊരു ലൈബ്രറി തന്നെ എ ഫ് സി സി ഒരുക്കിയിട്ടുണ്ട്. വായനയെ ഇഷ്ടപ്പെടുന്ന ആര്‍ക്കും ഇവിടത്തെ ലൈബ്രറിയില്‍ അംഗമാകാവുന്നതാണ്.

ചരിത്രകാരനും കാലിക്കറ്റ് മുന്‍ വി.സിയുമായ കെ.കെ.എന്‍. കുറുപ്പ്, മാധ്യമപ്രവര്‍ത്തകനും ഇന്ത്യാ ടുഡെ അസോസിയേറ്റ് എഡിറ്ററുമായ എം.ജി. രാധാകൃഷ്ണന്‍, പ്രമുഖ സാഹിത്യ കാരനും ശാസ്ത്രജ്ഞനുമായ സി. രാധാകൃഷ്ണന്‍, കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍, ഇന്ത്യന്‍ അംബാസിഡര്‍ ദീപ ഗോപാലന്‍ വാധ്‌വ, പ്രമുഖ മലയാള കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍, പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സന്ദീപ് പാണ്ഡെ, പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ എം.എ. റഹ്മാന്‍, പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി.ഗംഗാധരന്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത നോവലിസ്റ്റുമായ ബെന്യാമിന്‍, കേരള നാടക അക്കാദമി അവാര്‍ഡ് ജേതാവ് മഞ്ജുളന്‍, പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി, ഇസ്‌ലാമിക് സാമ്പത്തിക ശാസ്ത്ര വിദഗ്ധനും മലപ്പുറം റീജ്യനല്‍ കോളജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് പ്രിന്‍സിപ്പലുമായ പ്രൊഫ. പി.പി. അബ്ദുല്‍ റശീദ്, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി, പ്രശസ്ത സാഹിത്യകാരായ സച്ചിദാനന്ദന്‍, സേതു, മുരുകന്‍ കട്ടാകട, കഥാകാരി കെ.ആര്‍ മീര, മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ദിലീപ്, ചിന്തകനും എഴുത്തുകാരനുമായ എം.എം. നാരായണന്‍, കവിയും മാധ്യമപ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സന്‍, മലയാള സിനിമാ സംവിധായകരായ അക്കു അക്ബര്‍, സലീം അഹ്മദ്, ജയരാജ്, സൂര്യ കൃഷ്ണമൂര്‍ത്തി, കെ ഇ എന്‍, പികെ പാറക്കടവ്, പി ടി കുഞ്ഞുമുഹമ്മദ്, സിനിമാ നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ എഫ് സി സിയുടെ ലൈബ്രറി സന്ദര്‍ച്ചവരില്‍ പെടുന്നു.

fcc-2

മതങ്ങള്‍ക്കപ്പുറം മനുഷ്യന്റെ ഭാഷ സ്നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയുമാണെന്ന് ആഹ്വാനം ചെയ്ത് കൊണ്ട് എഫ് സി സി സംഘടിപ്പിച്ച സെമിനാറില്‍ പ്രശസ്ത മത പണ്ഡിതന്മാരായ ജമാലുദ്ദീന്‍ മങ്കട, ഗുരുരത്നം ജ്ഞാന തപസ്വി, ഡോ. മനങ്കരക്കാവില്‍ ഗീവര്‍ഗ്ഗീസ് മാത്യു എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കഥാ ചര്‍ച്ച, നാടക ശില്പശാല, നാടക മത്സരം, മാധ്യമ സെമിനാര്‍, ചര്‍ച്ചാ സദസ്സുകള്‍, കവിതാ സായാഹ്നം, സിനിമ/ഡോക്യുമെന്ററി പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, സംഗീത സന്ധ്യ എന്നിങ്ങനെയുള്ള പരിപാടികളിലൂടെ നമ്മുടെ കലാ സാംസ്കാരിക രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ എഫ് സി സി വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്.

ഖത്തര്‍ കേരളീയം
=============
എല്ലാ വര്‍ഷവും ഖത്തര്‍ കേരളീയമെന്ന പേരില്‍ എഫ് സി സി നടത്തുന്ന സാംസ്കാരികോത്സവം ജനപങ്കാളിത്തം കൊണ്ടും പരിപാടികളിലെ പുതുമ കൊണ്ടും ശ്രദ്ധേയമാണ്. ഖത്തര്‍ കേരളീയത്തിന്റെ ഭാഗമായി ഇവിടത്തെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്ര രചനാമത്സരവും, മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാനായി നടത്തിയ കവിതാമത്സരം, ഉപന്യാസ മത്സരം, പ്രസംഗ മത്സരം എന്നിവയില്‍ മുന്‍വര്‍ഷത്തെപ്പോലെ തന്നെ ആയിരക്കണ‌ക്കിന് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് സജീവമായിരുന്നു. ഖത്തര്‍ കേരളീയത്തോടനുബന്ധിച്ച് എഫ് സി സിയുടെ വനിതാവിഭാഗം ഒരുക്കിയ നാടന്‍പാട്ട്, കവിതചൊല്ലല്‍, പാചക മത്സരം, ഫാബ്രിക് പെയിന്റിംഗ്, മൈലാഞ്ചിയിടല്‍, ഫ്ലവര്‍ മേക്കിംഗ് എന്നിവ അനുവാചകര്‍ക്ക് പുത്തന്‍ അനുഭവമായി. പ്രതിഭാധനന്മാരായ ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ചിത്രകലാക്യാമ്പ് ദോഹയുടെ സാംസ്കാരികമണ്ഡലത്തില്‍ പുതുമയുള്ള പരിപാടിയായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്രശസ്ത സാഹിത്യകാരന്മാരായ സച്ചിദാനന്ദന്‍, പെരുമ്പടവം ശ്രീധരന്‍, പ്രശസ്ത എഴുത്തുകാരി കെ ആര്‍ മീര എന്നിവര്‍ അതിഥികളായി എത്തി‌യിരുന്നു. ഈ വരുന്ന ഫെബ്രുവരി 28ന് വൈകീട്ട് 5 മുതല്‍ രാത്രി 10 മണിവരെ എം ഇ എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ഖത്തര്‍ കേരളീയം സമാപന ചടങ്ങില്‍ മലയാളം യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍, മുന്‍ ചീഫ് സെക്രട്ടറി, കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, പ്രാസംഗികന്‍ എന്നീ നിലകളില്‍ തനത് വ്യക്തിമുദ്ര പതിപ്പിച്ച കെ ജയകുമാര്‍ ഐ എ എസും, മലയാളത്തിലെ പ്രമുഖ കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണനുമാണ് അതിഥികളായി പങ്കെടുക്കുന്നത്.

“സംസ്കാരങ്ങളുടെ സൗന്ദര്യം” എന്ന പേരില്‍ എഫ് സി സി നടത്തുന്ന ഖത്തര്‍ കേരളീയം സമാപനച്ചടങ്ങില്‍ സാംസ്കാരിക പ്രഭാഷണം, “തിരകള്‍ പറയുന്നത്” എന്ന തലക്കെട്ടില്‍ അവതരിപ്പിക്കുന്ന തീം ഷോ, നാടന്‍ പാട്ട്, ആനുകാലിക വിഷയങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒപ്പന, കാവ്യശില്പം എന്നിവയും അരങ്ങേറുന്നു. ഖത്തറിലെ സഹൃദയരായ കലാസ്നേഹികള്‍ക്ക് ഹൃദ്യമായ ഒരു കലാവിരുന്നായിരിക്കും ഇത്തവണയും എഫ് സി സിയുടെ ഖത്തര്‍ കേരളീയം എന്നതില്‍ സംശയമില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top