വിവാദം മാറ്റിവച്ച് പ്രചാരണത്തിനിറങ്ങാന്‍ വി.എസിനോട് കാരാട്ട്

prakash_karat_20090518ന്യൂഡല്‍ഹി: വിവാദത്തില്‍നിന്ന് വിട്ടുനിന്ന് തെരഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങാന്‍ വിഎസ് അച്യുതാനന്ദന് പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിര്‍ദേശം. ഇപ്പോള്‍ തെരഞ്ഞെടുപ്പിനാണ് പ്രാധാന്യമെന്നും മറ്റു വിവാദങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും വി എസ് പ്രചരണത്തിന് ഉണ്ടാകണമെന്നും കാരാട്ട് പറഞ്ഞു. ടി പി വധക്കേസുമായി ബന്ധപ്പെട്ട കാര്യത്തില്‍ വി എസ് ഉന്നയിച്ച ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞാണ് കാരാട്ട്, ഏതാണ്ട് മുന്നറിയിപ്പിന്റെ സ്വരത്തില്‍ വി.എസിന് നിര്‍ദേശം നല്‍കിയത്.  ഞായറാഴ്ച കേന്ദ്രക്കമ്മറ്റി കൂടുന്നതിന് തൊട്ടു മുമ്പായിരുന്നു വി എസ് അച്യൂതാനന്ദന്‍ പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തിയത്.

ടി പി വധക്കേസ് പ്രതികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് വി.എസ് കാരാട്ടിനോട് ആവശ്യപ്പെട്ടു. ടി പി വധക്കേസ് പ്രതികള്‍ക്കെതിരെ ജനങ്ങളെ വിശ്വസിപ്പിക്കാനെങ്കിലൂം നടപടി എടുക്കണമെന്നും വിഷയം കേന്ദ്രം ചര്‍ച്ച ചെയ്യണമെന്നും വി എസ് കാരാട്ടിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പ്രചരണത്തിന് സജീവമായി വി എസ് ഉണ്ടാകണമെന്നുമായിരുന്നു കാരാട്ടിന്റെ മറുപടി. വടകര, കോഴിക്കോട് മേഖലകളില്‍ പ്രചരണത്തിന് വി.എസ് ഉണ്ടാകണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ കത്ത് സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യണമെന്ന വി.എസ്. അച്യുതാനന്ദന്റെ ആവശ്യം പ്രകാശ് കാരാട്ട് നിരസിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ ഇക്കാര്യത്തില്‍ ചര്‍ച്ചയില്ല.

തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍, കരട് പ്രകടനപത്രിക തുടങ്ങിയവയാണ് പി.ബി, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന കാര്യം തെരഞ്ഞെടുപ്പു പ്രചാരണത്തിലൂടെ ഉന്നയിക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. ഇതിന് നേതൃത്വം വി.എസിന്റെ സഹായം തേടിയിരിക്കുകയാണ്. വി.എസിന്റെ ഇക്കാര്യത്തിലുള്ള ആവശ്യം പരസ്യമായി പാര്‍ട്ടി തള്ളിപ്പറഞ്ഞത് അതുകൊണ്ടാണ്.

ടി.പി കേസില്‍ ജനങ്ങളുടെ സംശയം ദൂരീകരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് അച്യുതാനന്ദന്റെ വാദം. തനിക്കെതിരായ അച്ചടക്ക നടപടി ഭയക്കുന്നില്ല. താന്‍ പറയുന്നത് വിഭാഗീയതയായി കാണരുത്. ടി.പി കേസില്‍ ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമിടയില്‍ സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നത് കാണണം. കുറ്റക്കാരാണെന്ന് പാര്‍ട്ടി കണ്ടത്തെിയവര്‍ക്കെതിരെ നടപടി വേണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ടി.പി വധം തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് തിരിച്ചടിയാകുമെന്ന് വി.എസ് കരുതുന്നു. ചുരുങ്ങിയപക്ഷം, മലബാര്‍ മേഖലയിലെങ്കിലും. മാത്രമല്ല, കോഴിക്കോട്, കണ്ണൂര്‍ മേഖലകളില്‍ തെരഞ്ഞെടുപ്പുപ്രചാരണത്തിനിറങ്ങിയാല്‍ വി.എസിന് ടി.പി വധത്തെക്കുറിച്ച് മൗനം പാലിക്കാനുമാകില്ല. ഇത് വി.എസിനെ ശരിക്കും പ്രതിസന്ധിയിലാക്കും. ഇത് മുന്‍കൂട്ടി കണ്ടാണ്, ടി.പി വധക്കേസിലുള്‍പ്പെട്ട പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടി വേണമെന്ന് വി.എസ് ആവശ്യപ്പെടുന്നത്. ഈ ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ലെങ്കില്‍തന്നെ, താന്‍ ഇക്കാര്യത്തില്‍ ആവുന്നത്ര സമ്മര്‍ദം ചെലുത്തിയെന്നെങ്കിലും വി.എസിന് ജനങ്ങളെ ബോധ്യപ്പെടുത്താം. അതിനുള്ള ശ്രമങ്ങളാണ്, പരസ്യമായി കത്തയച്ചതിലൂടെയും കാരാട്ടിനെ കണ്ട കാര്യം പുറത്തുവിട്ടതിലൂടെയും വി.എസ് നടത്തുന്നത്.

അതേസമയം, തെരഞ്ഞെടുപ്പു സമയത്ത് ടി.പി വധക്കേസിലെ പാര്‍ട്ടി പങ്കാളിത്തം തുറന്നുപറഞ്ഞാല്‍ അത് സി.പി.എമ്മിന്റെ അന്ത്യത്തിനിടയാക്കുമെന്ന് നേതൃത്വം ഭയക്കുന്നു. അതുകൊണ്ട്, ഒരുകാരണവശാലും വി.എസിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പാര്‍ട്ടി. മാത്രമല്ല, ഇതിന്റെ പേരില്‍ വിഭാഗീയത അനുവദിക്കില്ലെന്നും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment