ചാലക്കുടി: വിദേശ മലയാളിയായ ചാലക്കുടിയിലെ ചെര്‍പ്പണത്ത് പോള്‍ വിന്‍സെന്റിന്റെ വീട്ടില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ ശനിയാഴ്ച ചാലക്കുടി കോടതിയില്‍ ഹാജരായി. കേസ് വിചാരണക്കെടുക്കുമ്പോള്‍ കോടതിയില്‍ ഹാജരാവണമെന്ന വ്യവസ്ഥയനുസരിച്ചാണ് ഈ കേസില്‍ നേരത്തെ ജാമ്യമെടുത്ത സരിത എത്തിയത്. കൂട്ടുപ്രതി ബിജു ജയിലിലായതിനാല്‍ എത്തിയില്ല. അതുകൊണ്ട് കേസ് കോടതി രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചു. വിചാരണ സമയത്ത് കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥ മാറ്റിക്കിട്ടുന്നതിനായി വക്കീല്‍ മുഖാന്തരം കോടതിയില്‍ സരിത അപേക്ഷ നല്കി. 11.30ഓടെ നടപടികള്‍ക്ക് ശേഷം സരിത തിരിച്ചുപോയി.
സരിത വക്കീലിനൊപ്പമാണ് എത്തിയത്. കേരളത്തിലുടനീളം സൗരോര്‍ജ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുകളുള്ള സരിതക്കെതിരെ ചാലക്കുടിയില്‍ രണ്ട് കേസുകളാണ് ഉള്ളത്. പോള്‍ വിന്‍സെന്റിന്റെ വീട്ടില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാമെന്ന് പറഞ്ഞ് 2.81 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇപ്പോള്‍ സരിത കോടതിനടപടി നേരിടുന്നത്.