ന്യുഡല്‍ഹി: സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ സഹാറ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിയുടെ മാപ്പ് അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. ന്യായമായ കാരണങ്ങള്‍ കൊണ്ടാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്ന റോയിയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
തന്റെ സകല സ്വത്തുകളും വിറ്റ് നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്ത 20,000 കോടി രൂപയും മടക്കി നല്‍കാമെന്ന് റോയ് സുപ്രീംകോടതിയില്‍ ഉറപ്പു നല്കി. സ്വത്തുക്കള്‍ വില്‍ക്കാനുള്ള നടപടികള്‍ നാളെ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഇതിനായി സാവകാശം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, കനത്ത സുരക്ഷാ വലയമൊരുക്കി സുബ്രത റോയിയെ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിനിടെ കോടതി പരിസരത്തേക്ക് കൊണ്ടുവരും വഴി അദ്ദേഹത്തിന്റെ മുഖത്ത് മഷി പ്രയോഗം ഉണ്ടായി. മനോജ് ശര്‍മ്മ എന്ന അഭിഭാഷകനാണ് സുബ്രതയുടെ മുഖത്ത് മഷി ഒഴിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാവങ്ങളുടെ പണം തട്ടിയെന്നാരോപിച്ചായിരുന്നു മഷിപ്രയോഗം.
ലക്നൗവില്‍ വെള്ളിയാഴ്ച മുതല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന സുബ്രതയെ പൊലീസ് സംഘം ഇന്നലെയാണ് റോഡുമാര്‍ഗം ഡല്‍ഹിയിലേക്കു കൊണ്ടുവന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ രണ്ടുദിവസം ശ്രമം നടത്തിയ സുബ്രത വെള്ളിയാഴ്ച പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.
നിക്ഷേപകരില്‍ നിന്ന് അനധികൃതമായി 20,000 കോടിരൂപ സ്വരൂപിച്ച കേസിലാണു സുപ്രീം കോടതി വാറന്റ് പുറപ്പെടുവിച്ചത്. അറസ്റ്റ് ഒഴിവാക്കാന്‍ എല്ലാ ശ്രമവും നടത്തി പരാജയപ്പെട്ട ശേഷമായിരുന്നു കീഴടങ്ങല്‍.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply