കുരുക്ഷേത്ര യുദ്ധത്തിനു കേളികൊട്ടുയരുമ്പോള്‍; രഞ്‌ജിത്‌ നായര്‍

kurukshetra

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ നിര്‍ണയാകമായ തിരഞ്ഞെടുപ്പിന്‌ കാഹളം മുഴങ്ങുന്നു. 10 വര്‍ഷമായി അധികാരത്തിലുള്ള പ്രധാനമന്ത്രി മത്സര രംഗത്ത്‌ നിന്ന്‌ ഒഴിവായി, ഭരണമുന്നണിയുടെ തേര്‌ തെളിക്കാന്‍ നിയോഗവുമായി നെഹ്‌റു കുടുംബത്തിലെ പുതിയ അവകാശി രാഹുല്‍ ഗാന്ധി ഒരു ഭാഗത്ത്‌ നില്‍ക്കുമ്പോള്‍ ,തുടര്‍ച്ചയായി വന്‍ഭൂരിപക്ഷത്തോടെ ഗുജറാത്തില്‍ അധികാരം കൈയാളുന്ന മികവോടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോഡി മറു ഭാഗത്തും അണിനിരക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ തങ്ങളുടെ ശക്തി തെളിയിക്കാന്‍ ഇടതു പക്ഷവും, പ്രാദേശിക പാര്‍ടികളും, അഴിമതി വിരുദ്ധതയുടെ ചിറകിലേറി ആം ആദ്‌മി പാര്‍ട്ടിയും കച്ച മുറുക്കുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ ചിത്രം ഏകദേശം തെളിയുകയാണ്‌. ലോകത്തിലെ ഏറ്റവും മികച്ചതും എന്നാല്‍ ഏറെ സങ്കീര്‍ണവുമായ ഒരു പ്രക്രിയയിലൂടെ കടന്നു പോകുന്ന തിരഞ്ഞെടുപ്പ്‌ മുന്നോട്ടു വയ്‌ക്കുന്ന പ്രതീക്ഷകളും ആശങ്കകളുമായി ഇന്ത്യന്‍ ജനതയും മുന്‍പിലാത്ത വിധം അതിനെ ഉറ്റു നോല്‌ക്കുന്നു.

തിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്‌. തങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ പ്രാപ്‌തമായ ശക്തമായ ഭരണത്തിനായുള്ള 11 കോടിയോളം പുതിയ വോട്ടര്‍മാരുടെ അഭിവാന്‌ച്ച, ഭരണത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ മുന്‍പിലാത്ത ജനവികാരം, അതിവേഗം നഗരവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളെ നിറവേറ്റാന്‍ പ്രാപ്‌തമായ ഭരണത്തിനായുള്ള മുറവിളി, സോഷ്യല്‍ മീഡിയ ഉള്‍പ്പടെ വലിയ ജനവിഭാഗത്തെ സ്വാധീനിക്കാന്‍ കഴിയുന്ന നവമാധ്യമങ്ങളുടെ വരവ്‌, പിന്നെ പതിവ്‌ പോലെ ജനങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റം പോലെയുള്ള പ്രശ്‌നങ്ങള്‍ വേറെയും. ഇത്തരം വിഷയങ്ങള്‍ മേല്‍ക്കൈ നേടുമ്പോള്‍ ,തീവ്രവാദവും, വര്‍ഗീയതയും, ജാതി രാഷ്ട്രീയവും പോലുള്ള വിഷയങ്ങള്‍ക്ക്‌ തിരഞ്ഞെടു പ്പ്‌പ്ര ചാരണത്തില്‍ പ്രസക്തി കുറഞ്ഞതായി കാണുന്നു. കാരണം സാമ്പത്തിക മാന്ദ്യവും, വിലക്കയറ്റവും, അഴിമതിയും നേരിട്ട്‌ തന്നെ ജനങ്ങളെ മത ജാതി വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ ബാധിക്കുന്നു. രാജ്യമാണ്‌ വലുത്‌, മറ്റെന്തും അതിനുശേഷം എന്ന്‌ ഉറക്കെ ചിന്തിക്കാന്‍ പൊതുവേ ഇന്ത്യന്‍ ജനത തയ്യാറായോ എന്നുള്ളതിന്റെ മാറ്റുരക്കല്‍ കൂടിയാവും ഈ തിരഞ്ഞെടുപ്പ്‌.

രാജ്യത്തെ പൊതുവില്‍ മുന്നിട്ടു നില്‍ക്കുന്ന വിഷയങ്ങളില്‍, പ്രമുഖ ദേശിയ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസ്സും, കൂടാതെ അവര്‍ക്ക്‌ തിരഞ്ഞെടുപ്പിന്‌ മുന്‍പും ശേഷവും പിന്തുണ നല്‍കുന്ന പാര്‍ട്ടികളും എടുക്കുന്ന നിലപാടുകളില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകള്‍ എന്തൊക്കെയാണ്‌ എന്നതിനെ ആശ്രയിച്ചു തന്നെയാണ്‌ അവരുടെ പ്രചാരണ പരിപാടികള്‍ മുന്നോട്ടു പോവുന്നത്‌. രാമക്ഷേത്രം പോലെയുള്ള വിഷയങ്ങളില്‍ നിശബ്ധത പാലിച്ചു, വികസനത്തിന്റെയും സദ്‌ഭരണത്തിന്റെയും മൂര്‍ത്തിമദ്ഭാവമായി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടി ബി ജെ പി മുന്നോട്ടു പോവുമ്പോള്‍, ആ മുന്നേറ്റത്തെ തടയിടാന്‍ 2002 ലെ കലാപവുമായി ബന്ധപ്പെടുത്തി മോഡിക്ക്‌ നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മുറുകെപ്പിടിച്ചു കോണ്‍ഗ്രസ്സും പ്രചരണം ശക്തമാക്കുന്നു. തുടര്‍ച്ചയായി 10 വര്‍ഷം അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഉണ്ടാകാവുന്ന സ്വാഭാവിക ഭരണ വിരുദ്ധ വികാരത്തിനു പുറമേ, കഴിഞ്ഞ 5 വര്‍ഷമായി തുടരെത്തുടരെ വന്ന കൂറ്റന്‍ അഴിമതികള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആഴ്‌ത്തുന്നു.

സുസ്ഥിര ഭരണം വാഗ്‌ദാനം ചെയ്യാന്‍ കെല്‍പ്പുള്ള ഈ രണ്ടു ദേശിയ പാര്‍ടികളുടെ ഇടയില്‍, തിരഞ്ഞെടുപ്പിന്‌ മുന്‍പോ ശേഷമോ ഇവരില്‍ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകാതെ നില്‍ക്കാന്‍ സാധിക്കാത്ത മറ്റു പാര്‍ട്ടികള്‍, വിവിധ വിഷയങ്ങളില്‍ ഉണ്ടായിട്ടുള്ള ഭരണ വിരുദ്ധ വികാരം തങ്ങള്‍ക്കു കൂടി അനുകൂലമാക്കാനുള്ള ശ്രമത്തിലാണ്‌. ഇതില്‍ ഒന്നും പെടാതെ അഴിമതി വിരുദ്ധ വികാരം മുഖ്യ അജണ്ടയാക്കി ഡല്‍ഹിയില്‍ നേടിയ വിജയം ദേശിയ തലത്തില്‍ ആവര്‍ത്തിക്കാന്‍ അരവിന്ദ്‌ കേജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്‌മിയും രംഗത്തുണ്ട്‌.

രാഷ്ട്രീയ കൌശലവും, മികച്ച ഭരണാധികാരി എന്ന നിലയിലുള്ള പ്രകടന മികവും, പാര്‍ടിയുടെ സംഘടനാ പാടവവും അധികാരത്തിലേക്ക്‌ എത്തിക്കുമെന്ന്‌ ബി ജെ പി പ്രതീക്ഷിക്കുന്നു. തുടര്‍ച്ചയായ അഭിപ്രായ വോട്ടെടുപ്പുകള്‍ ഒരു പരിധിവരെ ഈ പ്രതീക്ഷകള്‍ക്ക്‌ അടിവര ഇടുന്നു. എന്നാല്‍ അഭിപ്രായ വോട്ടെടുപ്പുകള്‍ മുന്‍പും പരാജയപെട്ടിട്ടുണ്ടെന്നു ചൂണ്ടി കാണിച്ചു കൊണ്ട്‌, ഭരണ വിരുദ്ധ വികാര വോട്ടുകള്‍, ആം ആദ്‌മി പോലുള്ള പ്രസ്ഥാനങ്ങള്‍ ഭിന്നിപ്പിക്കുകയും, തങ്ങള്‍ക്കു നേരിട്ടോ അല്ലാതെയോ സ്വാധീനമുള്ള ഒരു ഭരണം വീണ്ടും വരുമെന്ന്‌ കോണ്‍ഗ്രസ്സും പ്രത്യാശ പ്രകടിപ്പിക്കുന്നു. ബി ജെ പി യുടെ ചില മേഖലകളിലെ പരിമിതമായ സ്വാധീനം അധികാരത്തില്‍ എത്തിക്കുന്നതില്‍ നിന്നും അവരെ തടയും എന്ന്‌ കോണ്‍ഗ്രസ്‌ കരുതുമ്പോള്‍, രാഹുല്‍ഗാന്ധി, നരേന്ദ്ര മോഡിക്ക്‌ ഒരു എതിരാളിയെ അല്ല എന്നും, വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിന്റെ പേരില്‍ എല്ലാക്കാലത്തും പ്രത്യേക മത വിഭാഗങ്ങളെ കൂടെ നിര്‍ത്താം എന്നുള്ള കോണ്‍ഗ്രസ്‌ തന്ത്രം ഇത്തവണ പരാജയപ്പെടും എന്ന ശുഭാപ്‌തിവിശ്വാസത്തില്‍ രാജ്യത്തുടനീളം വന്‍ ജന പങ്കാളിത്തത്തോടെ റാലികള്‍ സംഘടിപ്പിച്ചു നരേന്ദ്ര മോഡി മുന്നോട്ടു പോവുകയാണ്‌. ഏതായാലും 128 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസ്‌ പാര്‍ട്ടി, ഒരുപക്ഷേ അതിന്റെ തിരഞ്ഞെടുപ്പ്‌ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ഒരു വശത്തും, മോഡിയുടെ ചിറകിലേറി നവോന്മേഷതോടെ ബി ജെ പി മറുവശത്തും നില്‍ക്കുന്ന കാഴ്‌ചക്ക്‌ പൊതു തിരഞ്ഞെടുപ്പ്‌ എന്ന കുരുക്ഷേത്ര യുദ്ധത്തിനു കേളി കൊട്ടുയരുമ്പോള്‍ ഭാരത മണ്ണ്‌ സാക്ഷ്യം വഹിക്കുന്നു എന്ന്‌ നിസ്സംശശയം പറയാം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment