കൈക്കൂലി കേസില്‍ ഗള്‍ഫാര്‍ മുഹമ്മദലിയ്ക്ക് 15 വര്‍ഷം തടവും 27 കോടി രൂപ പിഴയും, ഗള്‍ഫാര്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന്‌ മുഹമ്മദാലി രാജിവച്ചു

galfarമസ്‌ക്കറ്റ്: കരാര്‍ നേടാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ വ്യവസായ പ്രമുഖന്‍ ഗള്‍ഫാര്‍ മുഹമ്മദാലിക്ക്‌ 15 വര്‍ഷം തടവും 27 കോടി രൂപ പിഴയും മസ്‌കറ്റ് ക്രിമിനല്‍ കോടതി വിധിച്ചു. അഞ്ച് കേസുകളിലായി 1.7 മില്യണ്‍ ഒമാനി റിയാല (ഏകദേശം 27 കോടി രൂപ) പിഴയിട്ടിരിക്കുന്നത്. കേസില്‍ കമ്പനിയുടെ വൈസ് പ്രസിഡന്റിനും 15 വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. പിഴത്തുകയടക്കം 2.4 മില്യണ്‍ ഒമാനി റിയാല്‍ കെട്ടിവച്ച മുഹമ്മദാലിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണ-പ്രകൃതി വാതക സ്ഥാപനമായ പെട്രോളിയം ഡവലപ്‌മെന്റ് ഓഫ് ഒമാനിലെ നിന്നും കരാറുകള്‍ നേടിയെടുക്കാന്‍ കൈക്കൂലി നല്‍കിയെന്ന കേസിലാണ് മുഹമ്മദാലി വിചാരണ നേരിടുന്നത്. പെട്രോളിയം ഡെവലപ്പ്‌മെന്റ് ടെണ്ടര്‍ മേധാവി ജുമാ അല്‍ ഹിനായി അടക്കം കമ്പനിയിലെ അഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നും കോടതി വിധിച്ചു

അഴിമതിക്കേസില്‍ ജനുവരിയില്‍ മുഹമ്മദാലിയെ മൂന്നുവര്‍ഷം തടവിന്‌ ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ ശിക്ഷ 15 വര്‍ഷമായി കോടതി വര്‍ധിപ്പിക്കുകയായിരുന്നു.

വിധി പറഞ്ഞ സമയത്ത്‌ മുഹമ്മദാലി കോടതിയില്‍ ഹാജരായിരുന്നില്ല. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നു അലിയുടെ അഭിഭാഷകന്‍ അറിയിച്ചു. പെട്രോളിയം ഡെവലപ്മെന്റ്‌ ഒമാന്‍ എന്ന കമ്പനി അധികൃതര്‍ക്ക്‌ കൈക്കൂലി നല്‍കിയെന്നാണ്‌ മുഹമ്മദാലിക്കെതിരായ കുറ്റം.

ജനുവരിയിലെ ശിക്ഷാ വിധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫാര്‍ എന്‍ജിനീയറിങ്‌ ആന്‍ഡ്‌ കോണ്‍ട്രാക്റ്റിങ്ങിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന്‌ മുഹമ്മദാലി രാജിവച്ചിരുന്നു. ഇതാദ്യമായിട്ടാണ്‌ ഇന്ത്യാക്കാരനായ വ്യവസായി ഒരു ഗള്‍ഫ്‌ രാജ്യത്ത്‌ ഇത്രയും വലിയ ശിക്ഷയ്ക്കു വിധേയനാകുന്നത്‌.

ഒമാനിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി നിരവധി ബിസിനസ് സംരംഭങ്ങള്‍ നടത്തിവരികയാണ് മുഹമ്മദാലി. പ്രസ്തുത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരും അവരുടെ കുടുംബങ്ങളും ആശങ്കയിലാണ്. അതേ സമയം മുഹമ്മദലിയുടെ ജയില്‍ വാസം ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പിനെ ബാധിക്കില്ലെന്ന് കമ്പനിവൃത്തങ്ങള്‍ പറയുന്നു.

Print Friendly, PDF & Email

Related News

Leave a Comment