വിശുദ്ധ നരകത്തിലെ അമ്മയും മകളും കിംവദന്തികളും

visudha

gayathri4

ഒരു മത്സ്യത്തൊഴിലാളിയുടെ മകളായി ജനിച്ച സുധാമണി, ‘അമ്മ’ യെന്ന പേരില്‍ രണ്ടു വ്യാഴവട്ടക്കാലം കൊണ്ട് ലക്ഷോപലക്ഷം ഭക്തജനങ്ങളുടെ ആശ്ചര്യദേവിയായി മാറി. ആസ്ട്രേലിയായില്‍ നിന്ന് വന്ന യുവതിയായിരുന്ന ഗെയില്‍ ട്രെഡ് വെല്‍ ഭൌതികസുഖങ്ങളിലെ സകല ഇച്ഛാശക്തിയും ത്യജിച്ച് ഗായത്രിയെന്ന പേര് സ്വീകരിച്ചുകൊണ്ട് അമ്മയ്ക്കൊപ്പം ജീവിതമാരംഭിച്ചു. അമ്മയ്ക്ക് മനസും ജീവിതവും സമര്‍പ്പിച്ചുകൊണ്ട് 20 വര്‍ഷം ആശ്രമത്തിലെ ചുമതലകളില്‍ ഏര്‍പ്പെട്ട് ജീവിച്ചു. അതിനുശേഷം അമ്മയില്‍നിന്നും മോചനം നേടുവാനുള്ള പോരാട്ടങ്ങളുടെ കഥ ഗെയ്ല്‍ ട്രെഡവെല്‍ എഴുതിയ ‘ഹോളി ഹെല്‍’ അഥവാ ‘വിശുദ്ധ നരക’മെന്ന അത്മകഥയില്‍ വിവരിച്ചിരിക്കുന്നു. ആശ്രമജീവിതവും ആദ്ധ്യാത്മീകവും സ്നേഹവും പ്രേമവും ചിരിയും കണ്ണുനീരും സാമൂഹിക രാഷ്ട്രീയവും ഗ്രന്ഥകാരി യുക്തിയുക്തമായി പുസ്തകത്തില്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഗെയ്ല്‍ ഒറ്റയ്ക്ക് പരിചിതമല്ലാത്ത ഒരു രാജ്യത്ത് അമ്മയുടെ ആശ്രമത്തില്‍ ജീവിക്കാന്‍ വന്നത് ഭാരതീയ സനാതനത്തെയും ഈശ്വരനെയും തേടിയായിരുന്നു. ഈ നാട്ടില്‍ വേണ്ടത്ര വിദ്യാഭ്യാസമില്ലാതെ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടികള്‍ക്കുപോലും സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കില്ല. ചുരുങ്ങിയ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന നാട്ടിലേക്ക് അന്ധവിശ്വാസങ്ങളുടെ മൂടുപടമണിഞ്ഞ ഒരു വിദേശവനിത ജീവിതം കരുപിടിപ്പിക്കാമെന്നു തീരുമാനിച്ചതും സാഹസം തന്നെയാണ്. ഇരുപതുവര്‍ഷം പണിയെടുത്ത ആശ്രമത്തില്‍നിന്ന് വിടപറയുമ്പോള്‍ ഗെയിലിന് തൊഴിലധിഷ്ടിതമായ വിദ്യാഭ്യാസമോ, ജീവിക്കാന്‍ മറ്റുമാര്‍ഗങ്ങളോ പണമോ ഉണ്ടായിരുന്നില്ല.

‘ആത്മീയാന്ധത’യ്ക്ക് മനുഷ്യനെ ബൌദ്ധികതലത്തില്‍ നിഷ്ഫലനാക്കാനും കഴിവുണ്ട്. ഭാരതം ആത്മീയത്തെ വിറ്റുനടക്കുന്ന ഗുരുക്കളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്ന നാടായി മാറി. അക്കൂടെ നഗ്നപാദരായ സന്യാസികളും സ്ത്രീ വിഷയാസക്തരും പണംമോഹികളും തന്ത്രികളും മന്ത്രവാദികളും ബാബാമാരും ആള്‍ദൈവങ്ങളുമുണ്ട്. സമീപകാലത്ത് വിവാദസ്ത്രീയായി ഉയര്‍ന്നുവന്ന ആള്‍ദൈവമാണ് മാതാ അമൃതാനന്ദ (‘അമ്മ’). ആലിംഗനത്തിന്റെ ദേവിയെന്നറിയപ്പെടുന്ന ഇവരുടെ പാദങ്ങള്‍ നമസ്കരിച്ച് ആയൂരാഗ്യ ദീര്‍ഘായുസ് നേടാന്‍ സ്ത്രീകളും അബാലവൃദ്ധജനങ്ങളും മൈലുകള്‍ നീളത്തില്‍ നിരത്തുകളില്‍ നിരന്നുനില്‍ക്കുന്നത് കാണാം. അമ്മയെന്ന അമൃതാനന്ദ ദേവി ഭൂമിയില്‍വന്ന അപൂര്‍വജന്മമായ കാളിയുടെ അവതാരമായി ആരാധകര്‍ കരുതുന്നു. അറിവിന്റെ പൂര്‍ണ്ണതയില്‍ എത്തിയവരെന്നും സ്വയം ബോധദീപ്തയെന്നും ഈശ്വരത്വത്തിന്റെ ആത്മം ദേഹിയില്‍ കുടികൊള്ളുന്നുവെന്നും വിശ്വസിക്കുന്നു. അമൃതാപ്രസ്ഥാനം വന്‍കിട ആസ്തികളടങ്ങിയ ഒരു കോര്‍പ്പറേറ്റ് സാമ്രാജ്യമായി രൂപാന്തരപ്പെട്ടു.

gayathri1
Gail Treadwell (Gayathri)

സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെയും സിനിമാ ലോകത്തിലെയും പ്രശസ്തരായവര്‍ അമ്മഭക്തരാണെങ്കിലും ബൌദ്ധിക ലോകത്തില്‍ അനേകര്‍ അമ്മയ്ക്കെതിരായവരുമുണ്ട്. ബുദ്ധിജീവികളില്‍നിന്നും ഇതിനുമുമ്പും അമൃതാനന്ദമയിക്ക് വിമര്‍ശനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏതാനും വര്‍ഷംമുമ്പ് എ .കെ.ആന്റണി അമ്മയെ ആലിംഗനം ചെയ്തപ്പോള്‍ മരിച്ചുപോയ സ്വന്തം അമ്മയുടെ അനുഭൂതിയുണ്ടായിയെന്നു പറഞ്ഞു. ഞങ്ങള്‍ ഇതിനെ ഞരമ്പുരോഗമെന്ന് പറയുമെന്ന് സുകുമാര്‍ അഴിക്കോടും പറഞ്ഞു. അതുപോലെ സിനിമാതാരം മോഹന്‍ ലാല്‍, സുപ്രീം കോടതി ജഡ്ജിയായിരുന്ന വി.ആര്‍. കൃഷ്ണയ്യര്‍ എന്നിവരും അമ്മയില്‍നിന്ന് ഈശ്വരചൈതന്യം ലഭിച്ചവരെന്ന് അവകാശപ്പെടുന്നു.

കേരളയുക്തിവാദി നേതാവായ ശ്രീനി പട്ടത്താനം 1985-ല്‍ മാതാ അമൃതാനന്ദമയിയുടെ വിശുദ്ധകഥകളും അത്ഭുതങ്ങളും വ്യാജങ്ങളെന്നു വിമര്‍ശിച്ച് ഒരു പുസ്തകം ഏഴുതിയിരുന്നു. മഠത്തിനുള്ളില്‍ ഉണ്ടാവുന്ന സംശയകരമായ മരണങ്ങളെയും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2002-ല്‍ ദേശാഭിമാനി പത്രം അത് ആവര്‍ത്തിച്ചെഴുതിയപ്പോള്‍ മഠത്തിന്റെ പ്രതിഷേധാഗ്നിയില്‍ റിപ്പോര്‍ട്ട് പിന്‍‌വലിച്ച് മാപ്പ് പറയേണ്ടി വന്നു. വിവാദപരമായ ആ പുസ്തകം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ക്രിമിനല്‍ നടപടികളും ശ്രീ പട്ടത്താനത്തിനെതിരായി ഉണ്ടായി. അതുപോലെ നോവലിസ്റ്റ് പോള്‍ സക്കറിയ, സുകുമാര്‍ അഴിക്കോട് എന്നിവരും മഠത്തിന്റെ അമിത വരുമാനത്തിന്റെയും വിദേശ പണത്തിന്റെയും വരവിനെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടവരാണ്.

balu3lakshmi
Laksmi

‘ഹോളി ഹെല്‍’ അഥവാ ‘വിശുദ്ധ നരകം’ എന്ന പേരില്‍ ഗെയ്ല്‍ ട്രെഡവെല്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതോടെ ആശ്രമത്തെപ്പറ്റിയും ഗുരുവിനെപ്പറ്റിയും അവിടെ വസിക്കുന്ന സ്വാമിമാരെപ്പറ്റിയും കുറ്റാരോപണങ്ങളുടെ അനേക കഥകള്‍ പുറത്തു വന്നു. ആത്മകഥാ രൂപത്തില്‍ എഴുതിയ ഗെയിലിന്റെ പുസ്തകം വായിച്ചാല്‍ ഒരു ദുഖപുത്രിയുടെ ഹൃദയസ്പര്‍ശമായ നീണ്ടകഥപോലെ തോന്നും. തന്റെ ജീവിതാനുഭവങ്ങളില്‍ക്കൂടി പൌരസ്ത്യവും പാശ്ചാത്യവുമായ രണ്ട് സംസ്ക്കാരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും പഠനവും ഹൃദ്യമായ രീതിയില്‍ വിവരിച്ചിരിക്കുന്നു. ആരോപണങ്ങളുടെമേല്‍ വിവാദപരമായി ലോകമെമ്പാടും നടക്കുന്ന ചര്‍ച്ചകളില്‍ ആശ്രമാധികാരികളുടെ നിസഹകരണം മൂലം സത്യമേത് അസത്യമേതെന്ന് വായനക്കാര്‍ക്ക് തിരിച്ചറിയുവാനും പ്രയാസമാണ്. ഒരു തുറന്ന ചര്‍ച്ചക്കോ നിയമപരമായ തെളിവുകള്‍ ശേഖരിക്കാനോ ആശ്രമാധികാരികള്‍ തയാറായിട്ടില്ല..

ആശ്രമത്തിലെ രഹസ്യങ്ങളും ദുരൂഹതനിറഞ്ഞ അനുഭവ പീഡനകഥകളും ഈ പുസ്തകത്തില്‍ വായിക്കാം. നന്മതിന്മകളില്‍നിന്ന് മുക്തിനേടാന്‍ അവതാര മൂര്‍ത്തിയായ അമ്മയില്‍ സ്വയം അര്‍പ്പിക്കൂവെന്ന് സ്വാമിനിയായിരുന്ന ഗായത്രി (ഗെയ്ല്‍) അമ്മയ്ക്കുവേണ്ടി ലോകംമുഴുവനും പ്രസംഗിച്ചിരുന്നു. അമ്മയുടെ ശക്തിയാല്‍ മഴയില്ലാത്ത സ്ഥലങ്ങളില്‍ മഴപോലും പെയ്തിട്ടുണ്ടെന്നും പ്രസംഗിച്ചിരുന്നു. അതെല്ലാം അമ്മയുടെ സ്വാധീനത്തില്‍ പറയിപ്പിച്ച കള്ളങ്ങളായിരുന്നുവെന്ന് ഗായത്രി പില്‍ക്കാല ജീവിതത്തില്‍ സമ്മതിച്ചിട്ടുണ്ട്. അധികം താമസിയാതെ ലോകത്ത് ന്യൂക്ലിയര്‍ യുദ്ധമുണ്ടാവുമെന്നും ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ അകാലത്തില്‍ മരിച്ചുപോവുമെന്നും 2012ല്‍ സിയാറ്റില്‍വെച്ച് അമ്മ പ്രവചിച്ചിരുന്നു. പ്രാര്‍ഥനയും ധ്യാനവും ഉദാരമായ സംഭാവനകളും മനുഷ്യരാശിയെ വിപത്തില്‍നിന്ന് രക്ഷിക്കാന്‍ സാധിക്കുമെന്നും പറഞ്ഞു. അതുകേട്ട് യുദ്ധം മാറിപ്പോവാന്‍ മനുഷ്യരെല്ലാം ഭയപ്പെട്ട് ആശ്രമത്തിന് വന്‍സംഭാവനകള്‍ നല്കിക്കൊണ്ടിരുന്നു.

ആശ്രമത്തിലെ സാമൂഹികാചാരങ്ങളുമായും ചിട്ടകളുമായും ഒത്തുപോകാന്‍ ആദികാലങ്ങളില്‍ ഗായത്രിക്ക് (ഗെയ്ല്‍) നന്നേ പാടുപെടേണ്ടി വന്നു. വലതുകൈ ഭക്ഷണം കഴിക്കാനും ഇടതുകൈ ടോയിലറ്റില്‍ ഉപയൊഗിക്കാനുമെന്നുള്ള ക്രമരീതികളും പടിഞ്ഞാറന്‍ പെണ്ണിന് അന്ന് പുതുമയായിരുന്നു. ആര്‍ത്തവകാലങ്ങളില്‍ ആശ്രമത്തിന് പുറത്തുള്ള ഒരു കുടിലില്‍ കിടക്കണമായിരുന്നു. ഒരിക്കല്‍ ഭക്ഷണം കിട്ടാതെ വന്നപ്പോള്‍ പട്ടി ഈ കൂട്ടിലുണ്ടെന്നു ഗായത്രി ഉറക്കെ വിളിച്ചു പറയുന്നതും സരസമായി പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. അമ്മ (മാതാ അമൃതാനന്ദ) പരിശുദ്ധയായ ദേവിയായിരുന്നതുകൊണ്ട് അവര്‍ക്ക്’ ആര്‍ത്തവം’ ഉണ്ടാവില്ലെന്നും ആശ്രമവാസികളെ വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ട് ആര്‍ത്തവകാലങ്ങളില്‍ അമ്മയ്ക്കെന്നും വീടിനുള്ളില്‍ കഴിയാമായിരുന്നു. അത്തരം പ്രചരണങ്ങളുടെ ചുരുളുകളഴിച്ച് തെളിവുകള്‍സഹിതം ഗെയില്‍ അമ്മയുടെ കാപട്യത്തെ ആത്മകഥയില്ക്കൂടി വെളിപ്പെടുത്തുന്നുമുണ്ട്.

ഒരു നായ ഭക്ഷണം കൊടുത്താലും കൊടുത്തില്ലെങ്കിലും തല്ലിയാലും താലോലിച്ചാലും യജമാനനെയും വീടിനെയും വിട്ടുപോവാതെ നില്‍ക്കുന്നപോലെ ഒരു ശിഷ്യന്‍ ഗുരുവില്‍ സ്വയം സമര്‍പ്പിതമാകണമെന്ന്”ഉപനിഷത്തുകള്‍ പറയുന്നു. “മരണംവരെ ഗുരുപൂജ നടത്തുന്നതാരോ അവന് അല്ലെങ്കില്‍ അവള്‍ക്ക് നിത്യമായ പ്രകാശം ലഭിക്കും.” ഗായത്രിയുടെ (ഗെയില്‍)ജീവിതലക്ഷ്യവും ഗുരുവിനെ പൂജിക്കുകയെന്നതായിരുന്നു. ഗുരുവിന് പരിപൂര്‍ണ്ണമായി കീഴടങ്ങിയതുവഴി ഗുരുവില്‍നിന്നുള്ള എല്ലാ പീഡനങ്ങളും സഹിക്കാനുള്ള സഹനശക്തിയും അവര്‍ നേടിയിരുന്നു. അമ്മയെ സേവിക്കവഴി ദൈവദര്‍ശനം ലഭിക്കുമെന്നും ഗായത്രി (ഗെയില്‍) വിശ്വസിച്ചു. “അമ്മ പറയുന്നത് മാത്രം കേള്‍ക്കുക, അമ്മ തരുന്നത് മാത്രം സ്വീകരിക്കുക, അമ്മ കല്പ്പിക്കുന്നത് മാത്രം ചെയ്യാന്‍ പ്രാപ്തരാകുക, അമ്മയില്‍ വിശ്വസിക്കുക, വാക്കുകള്‍ക്കുപരി അമ്മയുടെ ഹൃദയത്തിലെ ശബ്ദം ശ്രവിക്കുക “എന്നിങ്ങനെയുള്ള തത്ത്വചിന്തകളില്‍ ഗായത്രി (ഗെയില്‍)വിശ്വസിച്ചിരുന്നു.”

ആശ്രമത്തിലെ മറ്റു സ്വാമിമാരുമായുള്ള അമ്മയുടെ രതിവേഴ്ച്ചകള്‍ക്ക് ഗായത്രി (ഗെയില്‍) ദൃക്സാക്ഷിയാവുന്ന കഥകളും ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. ഒരിക്കല്‍ ബാലുവും അമ്മയുമായുള്ള രഹസ്യരതിയിലെ പുരുഷബീജങ്ങളടങ്ങിയ ടവ്വല്‍ അമ്മയുടെ മുറിയില്‍ നിന്ന് ഗായത്രി (ഗെയില്‍) കണ്ടെത്തി. അന്ന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ബാലു രക്ഷപ്പെട്ടു. സാമ്പത്തിക ക്രമക്കേടുകളും ആശ്രമഫണ്ടിന്റെ ദുരുപയോഗവും വിദേശനിക്ഷേപവും അമ്മയുടെ മറ്റു സ്വകാര്യജീവിതവും പുസ്തകത്തിന്റെ ഉള്ളടക്കത്തിലുണ്ട്. ഭക്തരില്‍നിന്ന് ലഭിക്കുന്ന പണവും സ്വര്‍ണ്ണവും അമ്മയുടെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നതായും ഗായത്രി (ഗെയില്‍)ആരോപിക്കുന്നു. ആശ്രമഫണ്ട് ദുരുപയോഗം ചെയ്ത് അമ്മയുടെ കുടുംബാംഗങ്ങള്‍ വലിയവീടുകളില്‍ സമ്പന്നരായി ജീവിക്കുന്നതും ചൂണ്ടികാണിക്കുന്നു. ആശ്രമത്തിലെ അധാര്‍മ്മികതയിലും സ്വാമിമാരുമൊത്തുള്ള അമ്മയുടെ ലൈംഗികവേഴ്ചകളിലും ഗായത്രി (ഗെയില്‍) അസ്വസ്ഥയായിരുന്നു. ഒരിക്കല്‍ ആശ്രമത്തിലെ അമ്മ താമസിക്കുന്ന മുറിക്കുസമീപം അഴുക്കുവെള്ളം ഒഴുകുന്ന ഓട ശരിയാക്കാന്‍ വന്നവര്‍ കാണുന്നത് സ്വാമിമാര്‍ ഉപയോഗിച്ചുകളഞ്ഞ ഗര്‍ഭനിരോധക ഉറകളായിരുന്നു. ബാലുവും മറ്റൊരു സ്വാമി റാവുവും അമ്മയുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്ന തെളിവുകളുമുണ്ട്. മറ്റുള്ളവര്‍ ഉറങ്ങികിടക്കുന്ന സമയം ഇവര്‍ കൈവശമുള്ള താക്കോലുകൊണ്ട് അമ്മയുടെ മുറിതുറക്കുന്നത് ഗായത്രി (ഗെയില്‍) കണ്ടിട്ടുണ്ട്. ഒരു വിദേശ യാത്രയില്‍ അമ്മ താമസിച്ചിരുന്ന മുറിയില്‍നിന്നും ബാലുവും അമ്മയുമായി രതി ക്രിയകള്‍ നടത്തുന്നത് ഗായത്രി മറ്റൊരു മുറിയില്‍ നിന്ന് കാണുന്നതും ആത്മകഥയിലുണ്ട്.

balu1ബാലുസ്വാമി എന്നും അമ്മയുടെ പ്രിയശിഷ്യനായിരുന്നു. കാമ ഭ്രാന്തു മൂത്ത് സെക്സിനായി ഗായത്രിയെ (ഗെയില്‍) സമീപിക്കുമായിരുന്നു. അത് അവര്‍ക്ക് അസഹ്യമായ ശല്യമായിരുന്നു. അനേക തവണകള്‍ ബലമായി ഗായത്രിയെ (ഗെയില്‍) കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയും രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ചിലപ്പൊള്‍ കീഴടക്കുകയും ചെയ്യും. അയാളുടെ ഉരുക്കുള്ള മസിലുകളെ തടയാന്‍ ഗായത്രിക്ക് (ഗെയില്‍) സാധിച്ചിരുന്നില്ല. സ്വാമിനിയായി ഉടുപ്പുകിട്ടിയ നാളുകളെങ്കിലും ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാന്‍ സാധിക്കുമെന്ന് വിചാരിച്ചു. എങ്കിലും അന്നും ബാലു ലൈംഗികവേഴ്ചകള്‍ക്കായി ശല്യം ചെയ്യാന്‍വന്നു. “എന്നെ വെറുതെ വിടൂ, അഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കൂവെന്ന്” യാചിച്ചിട്ടും അലറിയിട്ടും അയാള്‍ കൂട്ടാക്കിയില്ല. “നിന്നെ ഞാന്‍ സ്നേഹിക്കുന്നൂ” വെന്ന് പറഞ്ഞ് അയാള്‍ വികാരമടക്കാന്‍ ഗായത്രിയെ (ഗെയില്‍) പ്രേരിപ്പിക്കാന്‍ ശ്രമിച്ചു. “നീ ഇതിനെ സ്നേഹമെന്ന് വിളിക്കുന്നോ, ബലമായി കീഴ്പ്പെടുത്താന്‍ വരുന്നവനായ നിനക്ക് എന്നെ എങ്ങനെ സ്നെഹിക്കുന്നുവെന്ന് പറയാന്‍ കഴിയുമെന്ന്” അവള്‍ തിരിച്ചുചോദിച്ചു. ഇത് ലൈംഗിക ബ്ലാക്ക്മേയിലാണ്. നീ എന്നെ ചൂഷണം ചെയ്യുകയാണ്. സ്വാമിനിയായ ഗായത്രിയുടെ (ഗെയില്‍)വാക്കുകള്‍ അയാള്‍ ചെവികൊണ്ടില്ല. ഗായത്രിയെ (ഗെയില്‍) അന്നും അയാള്‍ കീഴ്പ്പെടുത്തി കാര്യം സാധിച്ചു.

ഇരുപത് വര്‍ഷത്തോളം ഗായത്രി (ഗെയ്ല്‍) അമ്മയുടെ തണലായി ആശ്രമത്തിലെ അന്തേവാസിയായി താമസിച്ചിരുന്നു. അമ്മയുടെയും ആശ്രമത്തിന്റെയും വളര്‍ച്ച ഈ കാലഘട്ടങ്ങളിലായിരുന്നു. കാലിഫോര്‍ണിയായില്‍ ‘അമൃതാനന്ദയുടെ കൂടെ പ്രോഗ്രാമിലുണ്ടായിരുന്ന കുസുമമെന്ന ഒരു കൂട്ടുകാരിയുടെ സഹായത്തോടെ ഗായത്രി സകലരെയും കണ്ണുവെട്ടിച്ച് സന്യാസിനി ജീവിതത്തില്‍നിന്നും ഓടിരക്ഷപെട്ട കഥ അവരുടെ ‘വിശുദ്ധ നരകമെന്ന’ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. കുസുമം എന്നു വിളിക്കുന്ന ഗ്രെച്ചന്‍ മാക് ഗ്രെഗര്‍ ( Gretchen McGregor) ഗെയിലിനെ ആശ്രമത്തില്‍നിന്ന് രക്ഷപെടുവാന്‍ സഹായിച്ചുവെന്നത് നുണയാണെന്ന് പറഞ്ഞ് നിഷേധിച്ചുകൊണ്ട് പത്രക്കുറിപ്പുമിറക്കി. ആദികാലം മുതല്‍ ഗെയിലുമായി അടുപ്പിത്തിലായിരുന്ന ഇവര്‍ ഗെയിലിന്റെ വ്യക്തിപരമായ സ്വഭാവ ദൂഷ്യത്തെയും വിവരിച്ചിട്ടുണ്ട്. ആസ്ട്രേലിയായില്‍ അന്നത്തെ കാലത്തെ ചെറുപ്പക്കാരികളുടെയും ഗെയിലിന്റെയും വിനോദമായിരുന്ന ഒരു മത്സരക്കളിയുടെ കഥ ഗെയില്‍ തന്നോട് പറഞ്ഞത് കുസുമം വിവരിക്കുന്നുണ്ട് . ‘പുലിവാലില്‍ പിടിക്കുക’ യെന്ന് ഈ ഗെയിം അറിയപ്പെട്ടിരുന്നു. ‘പട്ടണത്തില്‍ പോയി പുരുഷന്മാരെ വശീകരിച്ച് രാത്രികാലങ്ങളില്‍ അവരൊന്നിച്ച് ശയിക്കുകയും ഏറ്റവും കൂടുതല്‍ ആ ആഴ്ചയില്‍ പുരുഷന്മാരുമായി ശയിക്കുന്നവരെ ജേതാവായി പ്രഖ്യാപിക്കുന്നതുമായ ‘ ഗെയിമായിരുന്നു അത്. ആ ഗെയിമില്‍ ‘ഗെയില്‍’ സജീവമായി പങ്കെടുത്തിരുന്നു. ഇത്തരക്കാരി ഒരു പെണ്ണ് ആശ്രമജീവിതം എങ്ങനെ തെരഞ്ഞെടുത്തുവെന്നും അന്ന് കുസുമത്തിന് വിസ്മയമുണ്ടാക്കിയിരുന്നു. 1999 ല്‍ സാന്‍റാമോണില്‍ ഒരു ധ്യാനത്തില്‍ സംബന്ധിക്കവേ കുസുമവുമായി ഗെയില്‍ അന്ന് ചിരകാല സൌഹാര്‍ദം പുതുക്കിയിരുന്നു. ആശ്രമജീവിതം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞതല്ലാതെ പുസ്തകത്തില്‍ കാണുന്ന കുറ്റാരോപണങ്ങളോ അമ്മയ്ക്കെതിരായി യാതൊരു പരാതിയോ സ്വന്തം ആശ്രമ ജീവിതത്തിലെ കഷ്ടപ്പാടുകളോ ലൈംഗിക അഴിമതികളോ ഗെയില്‍ സംസാരിച്ചില്ലെന്നും കുസുമം എഴുതിയിട്ടുണ്ട്. സാന്‍റാമോണില്‍ ധ്യാനം നടക്കുന്ന വേളയില്‍ കുസുമത്തിനു ഒരു പ്രാവിശ്യം ടൌണില്‍ പോകേണ്ടി വന്നു. ഗെയിലിന്റെ സുഹൃത്തിന് ഗെയില്‍ തന്നുവിട്ട ഒരു ബ്ലാങ്കറ്റ് പോവുന്ന വഴിയില്‍ കൊണ്ടുപോയി കൊടുത്തുവെന്നല്ലാതെ ഗെയില്‍ രക്ഷപ്പെടാന്‍ കുസുമം യാതൊരു സഹായവും ചെയ്തില്ലെന്ന് പറയുന്നു. ” ആശ്രമത്തില്‍നിന്ന് ഓടിപ്പോവാന്‍ ‍ അവര്‍ പങ്കാളിയെന്നുള്ള പുസ്തകത്തിലെ പരാമര്‍ശം തികച്ചും കള്ളമെന്നും” കുസുമം കുറ്റപ്പെടുത്തിയിട്ടുണ്ട്. രക്ഷപെടാന്‍ ഗെയിലിന്റെ ലാബ്ടോപ്പും തുണികളും ബുക്കുകളും ബാഗുകളും എടുത്തുകൊണ്ടു പോകാന്‍ സഹായിച്ചുവെന്നത് ശുദ്ധ അസത്യമാണെന്നും കുസുമം ആരോപിച്ചിരിക്കുന്നു.

balu2 meera
Meera

മീറായെന്ന പടിഞ്ഞാറന്‍ മുന്‍ ആശ്രമ വാസിക്കും ഗെയിലിനെപ്പറ്റി കഥകള്‍ പറയാനുണ്ട്. അമ്മയില്ലാത്ത സമയം ഒരു ഏകാധിപതിയെപ്പോലെ ഗെയില്‍ മറ്റുള്ളവരോട് ക്രൂരമായി പെരുമാറിയിരുന്നുവെന്നാണ് ആരോപണം. അവര്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “ദുഷിച്ച തെറി വാക്കുകള്‍ ഗെയിലിന്റെ പതിവായ ആശ്രമശൈലിയായിരുന്നു. ഒരിക്കല്‍ പട്ടിയെന്ന് വിളിച്ചതില്‍ മറുത്തു പറഞ്ഞതിന് വലിയ വില കൊടുക്കേണ്ടി വന്നു. ഗെയിലിന്റെ അടിയും ഇടിയും തൊഴിയും അന്നേ ദിവസം സഹിക്കേണ്ടിവന്നു. തലമുടിയ്ക്ക് പിടിച്ച് നിലത്തുകൂടി ഇഴക്കാനും മടിച്ചില്ല. കൂടാതെ ആശ്രമത്തില്‍ അനേക ശിക്ഷണ നടപടികളും തന്നു. തീവ്രമായ അസുഖം ബാധിച്ചു കിടക്കുന്ന സമയവും തന്നെ അസഭ്യവാക്കുകളില്‍ പരിഹസിക്കുന്നതും അവരുടെ വിനോദമായിരുന്നു. മറ്റൊരു സന്യാസിനി ലക്ഷ്മിയേയും അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നു. അവരുടെ മുഖത്തിനിട്ടടിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും നിത്യസംഭവങ്ങളായിരുന്നു. ഒരിക്കല്‍ ലക്ഷ്മിയുടെ ദേഹത്ത് ചൂടുളള തേപ്പുപെട്ടി എറിയുകയും അന്ന് മുഖത്തുനിന്ന് രക്തം വാര്‍ന്നുപോവുന്നതു കണ്ടതായും മീറാ എഴുതിയിരിക്കുന്നു.”

ലക്ഷ്മിക്കും ഗെയിലിനെപ്പറ്റി കഥ പറയാനുണ്ട്. ഹോളണ്ടുകാരിയായ ലക്ഷ്മി കഴിഞ്ഞ 30 വര്‍ഷമായി അമ്മയെ സേവിച്ചുകൊണ്ട് ഇപ്പോഴും ആശ്രമത്തില്‍ കഴിയുന്നു. ഗെയിലിന്റെ മൃഗീയമായ പെരുമാറ്റങ്ങളെ ലക്ഷ്മി വിവരീക്കുന്നുണ്ട്. “1981-ല്‍ ഗെയില്‍ ആദ്യമായി അമ്മയെ കാണാന്‍ വന്നപ്പോള്‍ അവര്‍ക്ക് ഉടുതുണിക്ക് മറുതുണിപോലും ഉണ്ടായിരുന്നില്ല. അന്ന് എല്ലാവര്‍ക്കും താമസിക്കാനുള്ളയിടം അമ്മയുടെ വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ ചുമതലകളും ഗെയിലിനെ ഏല്പിച്ചു. അന്നുമുതല്‍, ആശ്രമം വിട്ടുപോകുന്നതുവരെ ഒരു രാജ്ഞിയെപ്പോലെയാണ് അവര്‍ ജീവിച്ചത്.‍ എപ്പോഴും അവരെ അനുസരിച്ചിരുന്ന ഒരുകൂട്ടം ആള്‍ക്കാരെ കൂടെ നിറുത്തിയിരുന്നു. അനിയന്ത്രിത കോപവും ആക്രമണവും ലക്ഷ്മിയുടെ മേല്‍ പതിവായിരുന്നു. ഗെയില്‍ അമ്മയുടെ ഒരു അമേരിക്കന്‍ ഭക്തനുമായി പ്രേമത്തിലായിരുന്നു. അമ്മ ഭക്തനായ ആ ബ്രഹ്മചാരിയെ അമ്മയില്‍ നിന്നകത്തുവാന്‍ ഗെയില്‍ ശ്രമിച്ചു. വിജയിച്ചില്ല. അമ്മ ആ പ്രേമബന്ധം തകര്‍ത്തുവെന്നുള്ള തെറ്റിധാരണ ഗെയിലിനെ അമ്മയോടുള്ള പകയും വിരോധിയുമാക്കി. സ്വീഡനില്‍ വെച്ച് അമ്മയെ ഒരു വള്ളത്തില്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചതും ലക്ഷ്മിയുടെ ലേഖനത്തിലുണ്ട്. മറ്റൊരു പ്രാവശ്യം കൂണില്‍ വിഷം കലര്‍ത്തി അമ്മയെ വധിക്കാന്‍ ശ്രമിച്ച കാര്യവും ലക്ഷ്മി വിവരിച്ചിരിക്കുന്നു.

gayathri3
Kusumam

മഠത്തിനു വിദേശത്തു ബാങ്ക് അക്കൗണ്ടുകള്‍ ഒന്നുമില്ലന്ന് അമൃതാനന്ദശ്രമം വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തുള്ള സ്ഥാപനങ്ങള്‍ ആ രാജ്യങ്ങളിലെ നിയമം അനുസരിച്ച് അതാതു ട്രസ്റ്റിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അവിടങ്ങളിലെ ട്രസ്റ്റികളില്‍ അമൃതാനന്ദമയിയുടെ പേരില്ല. കരുതല്‍ പണം നാനൂറു കോടി ഡോളറെന്നുള്ളതും പൊലിപ്പിച്ച വാര്‍ത്തകളാണ്. നൂറു മില്ല്യന്‍ ഡോളര്‍ പോലുമില്ല. ഇരുപത്തഞ്ചു വര്‍ഷമായി നിയമാനുസൃതം മാറ്റിവച്ച കുറച്ചു തുകയുണ്ട്. ഭാവിയില്‍ എന്തെങ്കിലും വലിയ പ്രകൃതിദുരന്തമോ മറ്റോ സംഭവിച്ചാല്‍ സേവനത്തിനായി ഉപയോഗിക്കാന്‍ കൂടിയാണ് ഈ കരുതല്‍ ധനമെന്നും മഠം വ്യക്തമാക്കി.

ഇവിടെ ഒരു ചോദ്യം ഉയരുന്നു, ആരാണ് കള്ളം പറയുന്നത്,ഗായത്രിയോ (Gail) മഠമോ? ഗായത്രിയാണ് കള്ളം പറയുന്നെങ്കില്‍ അവരുടെ ഉദ്ദെശ്യം പ്രേമം തട്ടി തെറിപ്പിച്ചതിലുള്ള അമ്മയോടുള്ള പകയോ ഒരു വലിയ ആത്മീയപ്രസ്ഥാനത്തെ തകര്‍ത്ത് ധനം നേടാനോ ആയിരിക്കാം. നോബല്‍ സമ്മാനത്തിനുതന്നെ അര്‍ഹമായിക്കൊണ്ട് പ്രസിദ്ധീയിലേക്ക് കുതിക്കുന്ന അമൃതാനന്ദമയിയെ തേജോവധം ചെയ്യാന്‍ ആഗോള തല്പ്പരകക്ഷികളുടെ കൂട്ടായ്മയുംഉണ്ടാകാം. ആശ്രമത്തിനെതിരായി അസൂയ പൂണ്ട മതവൈരികളും ഇതിന് പുറകില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം. ഗായത്രി ശരിയും മഠം തെറ്റുമെങ്കില്‍ ദരിദ്രരരെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെ സ്നേഹിക്കുന്നുവെന്ന മാതാ അമൃതാനന്ദയുടെ വാക്കുകള്‍ക്ക് എന്ത് ആത്മാര്‍ഥതയാണുള്ളത്? വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിയമപരമായ നടപടികള്‍ എടുത്താല്‍ തെറ്റിനെയില്ലാതാക്കുവാന്‍ സാധിക്കുമോ? ആത്മീയ വ്യക്തിത്വമെന്നയപ്പെടുന്ന അമൃതായുടെത് വ്യാജവ്യക്തിത്വമെന്നും വരും. പുസ്തകത്തിലെ വിവാദങ്ങളനുസരിച്ച് ആശ്രമത്തിന് ഭൌതിക സ്വത്തുക്കളോടാണ് ആസക്തിയെന്നും തെളിയും. ആശ്രമത്തിനും ആത്മീയ വ്യക്തിത്വങ്ങള്‍ക്കുമെതിരായുള്ള ഗെയിലിന്റെ കുറ്റപ്പെടുത്തലുകളില്‍ അമൃതാനന്ദമയി ഇതുവരെ പ്രതികരിച്ചില്ല. നിഷേധിച്ചിട്ടുമില്ല.

balu4anകേസുകളും എതിരാളികളുടെ നാവടയ്ക്കുന്ന തന്ത്രങ്ങളുമാണ് മഠം എന്നും ആവിഷ്ക്കരിച്ചിരുന്നത്. ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ ആത്മീയത്തിലെ ഉന്നതര്‍ കുപ്രചരണങ്ങളും നടത്തുന്നുവെന്ന് ഗെയ്ല്‍ തന്റെ ബുക്കില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത്തരുണത്തില്‍ പ്രസിദ്ധ വാര്‍ത്താ ലേഖകനായ ശ്രീ ജോണ് ബ്രിട്ടാസിന്റെ വാക്കുകള്‍ പ്രസക്തമാണ്. “കേസ് നല്‍കുകയോ ബ്ലായ്ക് മെയില്‍ തന്ത്രമോ ഉപയോഗിക്കുകയോ ചെയ്യാതെ അവര്‍ക്ക് മുന്നോട്ട് വന്ന് ഗെയിലിനെ വെല്ലു വിളിക്കാവുന്നതാണ്. ഗെയിലിന്റെ അഭിമുഖത്തിന് മുമ്പോ ശേഷമോ അമൃതാനന്ദമയിയുടെയോ അമൃതസ്വരൂപാനന്ദയുടെയോ (ബാലു) അഭിമുഖം നല്കാന്‍ തയാറായിരുന്നു.” ആശ്രമം ഇതുവരെയും അങ്ങനെയൊരു അഭിമുഖത്തിന് തയാറാവാത്തതും ഗെയിലിന്റെ ആരോപണങ്ങള്‍ക്ക് ശക്തി നല്കുന്നു.

സത്യം മാത്രം ജയിക്കന്നു; മറ്റൊന്നും (അസത്യം) ഒരിക്കലും ജയിക്കില്ല. സത്യമാകുന്ന വഴിയിലൂടെയാണ് മഹത്തുക്കള്‍ ദേവപദം പ്രാപിക്കുന്നത്. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തികരിച്ച് പരമസത്യത്തെയും പ്രാപിക്കുന്നു. ‘സത്യമേവ ജയതേ ‘ സത്യം മാത്രം ജയിക്കുന്നു. ഭാരതത്തിന്റെ ദേശീയ മുദ്രാവാക്യമായ മുണ്ടകാ ഉപനിഷത്തിലെ ഒരു മന്ത്രമാണിത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

2 Thoughts to “വിശുദ്ധ നരകത്തിലെ അമ്മയും മകളും കിംവദന്തികളും”

 1. Dr. James Kottoor

  Dear Jose,
  I read your entire piece on Holy Hell in the Malayalam Daily News. It stands out as the best I have seen because of its scholarly approach to include not only the views of the author and the interviewer in the Kairali channel but for the valuable additional views of the author’s friends and critics still living in the Ashram. That makes your article a scholarly one allowing readers to compare different views and take a balanced judgement. My heart felt congratulations.
  james

 2. syam

  15 വര്‍ഷം മുന്പ് സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടി മഠം വിട്ടിറങ്ങി പിന്നീട് 2 പരാജിത വൈവാഹിക ജീവിതങ്ങള്‍ക്ക് ശേഷം കടുത്ത വിഷാദ രോഗത്തിനടിമയായ ഏതോ ഒരു ഗെയില്‍ ട്രെഡ്‌വെല്‍ നടത്തിയ ദുരാരോപണങ്ങളുടെ പേരില്‍ അല്ല അമൃതാനന്ദമയിയെ അളക്കേണ്ടത്.

  മറുപടി പറയാന്‍ അമൃതാനന്ദമയിക്കു ചാനലില്‍ വന്നുകൂടായിരുന്നോ എന്ന വിഡ്ഢിച്ചോദ്യം ഉന്നയിക്കുമ്പോള്‍, അവിടെ അമൃതാനന്ദമയി മഠത്തിനനുകൂലമായി സംസാരിച്ചവരെ മ്യൂട്ട് ചെയ്തതും,സൗകര്യപൂര്‍വ്വം മറക്കുന്നു.

Leave a Comment