പ്രവാസികള്‍ക്കും വോട്ടവകാശം വേണം; സുപ്രീം കോടതിയില്‍ ഹര്‍ജി

pravasi vote

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് അവര്‍ തൊഴിലെടുക്കുന്ന സ്ഥലങ്ങളില്‍ തന്നെ വോട്ട് ചെയ്യുന്നതിന് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. പ്രമുഖ വ്യവസായി ഡോ.ഷംഷീര്‍ വയലില്‍ ആണ് ഹര്‍ജി സമർപ്പിച്ചത്.

ഇന്ത്യയിലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നേരിട്ടെത്തിയാല്‍ മാത്രമെ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനാവു. പ്രവാസി വോട്ടവകാശത്തിന് തടസം സൃഷ്ടിക്കുന്ന 20(എ) വകുപ്പ് ഭേദഗതി ചെയ്യണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സൈനികരെ പോലെ തന്നെ പ്രവാസികളെയും ഒരുപോലെ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രവാസികള്‍ക്ക് വിദേശത്ത് തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കണം. പോസ്റ്റല്‍ വോട്ട്, കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് വോട്ടിംഗ്, അല്ലെങ്കില്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം, അതുമല്ലെങ്കില്‍ നാട്ടിലുള്ള പ്രതിനിധിയെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കുന്ന രീതി എന്നിവയില്‍ ഏതെങ്കിലുമൊന്ന് അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതേക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതാണ്ട് ഒരു കോടിയോളം പ്രവാസി ഇന്ത്യാക്കാരാണ് വിവിധ രാജ്യങ്ങളിലായുള്ളത്. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ 2010ല്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. 2012ല്‍ ജയ്‌പൂരില്‍ നടന്ന പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും നടപടി ക്രമങ്ങള്‍ എങ്ങും എത്തിയിട്ടില്ല.

Print Friendly, PDF & Email

Related News

Leave a Comment